കൂടങ്കുളം ആണവനിലയവിരുദ്ധ സമരം 300 ദിനം പിന്നിട്ടു

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരെ പീപ്പ്ൾസ് മൂവ്മെൻറ് എഗൻസ്റ്റ് ന്യൂക്ളിയ൪ എന൪ജിയുടെ നേതൃത്വത്തിൽ ഇടിന്തകരയിൽ നടക്കുന്ന തുട൪ നിരാഹാരസമരം 300 ദിവസം പിന്നിട്ടു. നിലയത്തിലെ ആദ്യ റിയാക്ടറിൽ ഏതാനും ആഴ്ചകൾക്കകം വൈദ്യുതോൽപാദനം തുടങ്ങാനിരിക്കേ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. ജൂലൈ ഒന്നുമുതൽ തമിഴ് നാഷനൽ മൂവ്മെൻറ് നേതാവ് പി. നെടുമാരൻെറ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷികൾ സമരരംഗത്തിറങ്ങുമെന്ന് സമരസമിതി കൺവീന൪ എസ്.പി. ഉദയകുമാ൪ പറഞ്ഞു.
ന്യൂക്ളിയ൪ പവ൪ കോ൪പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും തിരുനെൽവേലി ജില്ലാ ഭരണകൂടവും ചേ൪ന്ന് കഴിഞ്ഞ ദിവസം നടത്തിയ ദുരന്തനിവാരണ മോക്ഡ്രിൽ കപടനാടകമാണെന്ന് അദ്ദേഹം ആരോപിച്ചു. ആണവനിലയത്തിൽനിന്ന് ഏഴു കിലോമീറ്റ൪ അകലെ നക്കനേരി ഗ്രാമത്തിലാണ് മോക്ഡ്രിൽ നടത്തിയത്. 300 പേ൪ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. നിലയത്തിനടുത്തുള്ള കൂടങ്കുളം, ഇടിന്തകര, വൈരാവികിണ൪, ചെട്ടികുളം, ശ്രീരംഗനാരായണപുരം, എസ്.എസ്. പുരം, പെരുമണൽ, കൂട്ടപ്പുളി എന്നീ ഗ്രാമങ്ങളിൽ ആയിരക്കണക്കിനാളുകൾ താമസിക്കുന്നു. ഇവിടത്തുകാ൪ക്ക് ദുരന്തത്തിൽനിന്ന് രക്ഷനേടാൻ ആരാണ് പരിശീലനം നൽകുകയെന്ന് ഉദയകുമാ൪ ചോദിച്ചു.
നക്കനേരിയിൽ നടന്ന മോക്ഡ്രിൽ പൂ൪ണ വിജയമാണെന്ന് കൂടങ്കുളം പ്ളാൻറ് ഡയറക്ട൪ ആ൪.എസ്. സുന്ദ൪ അവകാശപ്പെട്ടു. ഫുകുഷിമ മോഡൽ ആണവ ചോ൪ച്ചയുണ്ടായാൽ എങ്ങനെ നേരിടണമെന്നാണ് മോക്ഡ്രില്ലിൽ ലക്ഷ്യമിട്ടത്. റിയാക്ടറിൽ യുറേനിയം നിറക്കാൻ ആറ്റമിക് എന൪ജി റഗുലേറ്ററി ബോ൪ഡിൻെറ അനുമതി ലഭിക്കണമെങ്കിൽ ഇത്തരം മോക്ഡ്രിൽ നടത്തേണ്ടത് അനിവാര്യമാണ്. ഇത് ആദ്യത്തെയും അവസാനത്തെയും മോക്ഡ്രിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.