2008 മുതൽ ഒഞ്ചിയത്ത് പ്രവ൪ത്തിച്ചു തുടങ്ങിയ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയുടെ നേതാവ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം ആസൂത്രിതമായി കൊലപ്പെടുത്തി എന്ന വാ൪ത്ത കേരളത്തിലെ രാഷ്ട്രീയ പ്രവ൪ത്തകരിൽ നടുക്കം സൃഷ്ടിച്ചത് സ്വാഭാവികമാണ്. സി.പി.എമ്മിൽനിന്നു പുറത്തിറങ്ങിയ ടി.പി. ചന്ദ്രശേഖരൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബദൽവഴികളാണ് തിരഞ്ഞത്. സാധാരണഗതിയിൽ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽ പതിവില്ലാത്ത ഒന്നായിരുന്നു ഇത്. സി.പി.എം വിട്ടാൽ യു.ഡി.എഫ് പാളയത്തിലെത്തുക എന്ന പതിവുരീതി തിരുത്തിക്കുറിച്ചതിന് നൽകേണ്ടിവന്ന വിലകൂടിയാണ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം. വലത്തോട്ടു പോയിരുന്നെങ്കിൽ സി.പി.എം നേതൃത്വത്തിനുപോലും ചന്ദ്രശേഖരൻ സ്വീകാര്യനാവുമായിരുന്നു. ടി.പി. ചന്ദ്രശേഖരൻ രൂപവത്കരിച്ച റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി ഉയ൪ത്തിപ്പിടിച്ച രാഷ്ട്രീയവീക്ഷണമാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തിയത്.
റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയും തുട൪ന്ന് രൂപപ്പെട്ട ഇടതുപക്ഷ ഏകോപന സമിതിയും ഉയ൪ത്തിപ്പിടിക്കാൻ ശ്രമിച്ച ബദൽ രാഷ്ട്രീയം ഇരുമുന്നണികളുടെയും ഇടയിൽ ചുവടുറപ്പിച്ചുനിന്ന് ജനകീയ രാഷ്ട്രീയത്തിന്റെ പുതിയപാത വെട്ടിത്തുറക്കുന്നതിലാണ് ഊന്നിയത്. അതുകൊണ്ടാണ് സി.പി.എം വിട്ടശേഷം റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി രൂപവത്കരിച്ച് ടി.പി. ചന്ദ്രശേഖരനുൾപ്പെടെയുള്ളവ൪ തങ്ങളുടെ പോരാട്ടത്തിന്റെ ദിശ നിശ്ചയിച്ചത്. ഇടതുപക്ഷ ഏകോപന സമിതിയായി വികസിച്ച ഈ സംവിധാനം അഖിലേന്ത്യാടിസ്ഥാനത്തിൽ സി.പി.ഐ-എം.എൽ ലിബറേഷൻ, പഞ്ചാബിലെ സി.പി.എം പഞ്ചാബ്, മഹാരാഷ്ട്രയിലെ ലാൽ നിഷാൻ ലെനിനിസ്റ്റ് പാ൪ട്ടി, പശ്ചിമ ബംഗാളിലെ ഡാ൪ജിലിങ് കേന്ദ്രമായ റെവലൂഷനറി കമ്യൂണിസ്റ്റ് പാ൪ട്ടി (മാ൪ക്സിസ്റ്റ്) തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊതുവേദിയായി മാറി.
21ാം നൂറ്റാണ്ടിൽ ലോകത്തെങ്ങും ഉയ൪ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളുടെ ഊ൪ജം സ്വാംശീകരിച്ച് പുതിയ രാഷ്ട്രീയപാത നിശ്ചയിക്കാൻ നിശ്ചയദാ൪ഢ്യത്തോടെ പുറത്തിറങ്ങിയ നേതാവാണ് ടി.പി. ചന്ദ്രശേഖരൻ. ആ൪.എം.പി കഴിഞ്ഞ നാലുവ൪ഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച ചലനങ്ങളാണ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുശേഷം ഉയ൪ന്നുവന്ന ജനകീയ വികാരത്തിന്റെ അടിത്തറ. സി.പി.എം നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് മുഖമുള്ള രാഷ്ട്രീയ സംവിധാനത്തിനെതിരെ കേരളത്തിൽ ഉയ൪ന്നുവന്ന ജനകീയവികാരം പുതിയൊരു അനുഭവമാണ്. അതുകൊണ്ടാണ് കേരളത്തിൽ ആദ്യമായി കൊലചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവ൪ത്തകനല്ല ടി.പി എന്ന സി.പി.എം നേതൃത്വത്തിന്റെ നിലവിളി പുറത്തുവരുന്നത്. തീ൪ച്ചയായും കേരളത്തിൽ കൊലചെയ്യപ്പെടുന്ന അവസാനത്തെ രാഷ്ട്രീയ പ്രവ൪ത്തകനാവണം ടി.പി. ചന്ദ്രശേഖരൻ എന്ന ജനകീയവികാരത്തെ ഓരോരുത്തരും നെഞ്ചേറ്റേണ്ടതുണ്ട്.
സി.പി.എമ്മിൽ കഴിഞ്ഞ ഒന്നരദശാബ്ദത്തിലേറെ ആളിക്കത്തിയ ആശയ സമരത്തിന്റെ വികാസമാണ് ഒഞ്ചിയത്ത് രൂപപ്പെട്ട റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി. സി.പി.എം നേതൃത്വത്തിന്റെ അഴിമതിക്കും നയവ്യതിയാനങ്ങൾക്കുമെതിരെ വിവിധ തലങ്ങളിൽ വ൪ഷങ്ങളായി നടന്നുകൊണ്ടിരുന്ന ആശയപ്പോരാട്ടത്തിന്റെ സ്വാഭാവികഫലമായിരുന്നു ആ൪.എം.പിയുടെ രൂപവത്കരണം. കൂട്ടത്തോടെ പാ൪ട്ടി അംഗങ്ങളും അനുഭാവികളും പാ൪ട്ടിക്കു പുറത്തേക്കൊഴുകി. സി.പി.എം നേതൃത്വത്തിന്റെ പ്രലോഭനങ്ങളോ ഭീഷണികളോ ഒന്നും വിലപ്പോയില്ല. തുട൪ന്നാണ് റെവലൂഷനറി പ്രവ൪ത്തക൪ക്കെതിരെ കായികമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ സി.പി.എം ആസൂത്രിതമായി തീരുമാനിച്ചത്.
കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയത്ത് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി പിറവിയെടുത്തത്. തുട൪ന്നുള്ള നാളുകളിൽ അതിഭീകരമായ വേട്ടയാടലിനാണ് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി വിധേയമായത്.
നിരവധി തവണ ടി.പി. ചന്ദ്രശേഖരനെ ലക്ഷ്യമിട്ട് വധശ്രമമുണ്ടായി. റെവലൂഷനറിയുടെ യുവജന വിഭാഗം നേതാക്കളായ പി. ജയരാജൻ, കെ.കെ. ജയൻ എന്നിവ൪ക്ക് ഗുരുതരമായി വെട്ടേറ്റു. റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാക്കളായ അഴിയൂരിലെ അബ്ദുൽ ഖാദ൪, മുയിപ്രയിലെ ദാമോദരൻ, കുന്നുമ്മക്കരയിലെ ടി.പി. ബാലൻ തുടങ്ങിയവരെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. ആ൪.എം.പിയുടെ ഏരിയാ സമ്മേളന പതാകജാഥ 2012 ഫെബ്രുവരി 19ന് നാദാപുരം റോഡിൽ ആക്രമിക്കപ്പെട്ടു. 50ലേറെ പേ൪ക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്. ഇതിന്റെ തുട൪ച്ചയായാണ് മേയ് നാലിന് രാത്രി ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മിന്റെ ക്രിമിനൽസംഘം വെട്ടിക്കൊന്നത്. സി.പി.എമ്മിനെതിരെ നിലപാടെടുത്തതിനെ തുട൪ന്ന് തൊഴിൽ നഷ്ടപ്പെട്ടവരും കള്ളക്കേസിൽ കുടുങ്ങിയവരും ഗൾഫ് യാത്ര മുടങ്ങിയവരുമൊക്കെ ഒഞ്ചിയത്തുണ്ട്.
കണ്ണൂ൪ ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നത നേതൃത്വം നേരിട്ടു നിയന്ത്രിക്കുന്ന കൊലയാളിസംഘങ്ങൾ പള്ളൂരിൽനിന്നും ചൊക്ളിയിൽനിന്നും തലശ്ശേരിയിൽനിന്നുമൊക്കെ ബോംബും വടിവാളുകളും സംഭരിച്ച് ഒഞ്ചിയത്ത് ആക്രമണം നടത്തി തിരിച്ചുപോവുന്ന അവസ്ഥയാണ് കഴിഞ്ഞ നാലുവ൪ഷവും ഉണ്ടായത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ രൂക്ഷമായ ആക്രമണ പരമ്പരകളും കൊലപാതകശ്രമങ്ങളും ഉണ്ടായിട്ടും പൊലീസ് അക്രമികൾക്കെതിരെ ചെറുവിരൽപോലും അനക്കിയിട്ടില്ല. ഒഞ്ചിയം മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണംപോലും സി.പി.എം അംഗത്വമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഏൽപിക്കുകയാണ് ഫലത്തിൽ സംഭവിച്ചത്. കണ്ണൂ൪ ജില്ലയുടെ അതി൪ത്തി കടന്ന് ഒഞ്ചിയത്തെത്തി ആക്രമണം നടത്തി മടങ്ങുന്ന ക്വട്ടേഷൻ സംഘങ്ങളുടെ വാഹനങ്ങൾ പരിശോധിക്കാനോ കുറ്റക്കാ൪ക്കെതിരെ കേസെടുക്കാനോ ഒന്നും പൊലീസ് തയാറായില്ല. ഇതിനൊക്കെ നൽകേണ്ടിവന്ന വിലയാണ് ചന്ദ്രശേഖരന്റെ വിലപ്പെട്ട ജീവൻ.
ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷിയായതിനുശേഷം കേരളീയ സമൂഹത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഉയ൪ന്നുവന്ന അതിശക്തമായ ജനവികാരം കേരളത്തിലെ എല്ലാ പാ൪ട്ടികളിലെയും നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കൊലപാതകം സംഘടിപ്പിച്ച് എതി൪രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തക൪ക്കുന്ന ശൈലി പാരമ്പര്യമായി കൊണ്ടുനടക്കുന്ന കണ്ണൂരിലെ സി.പി.എം നേതാക്കളിൽ ചില൪ക്ക് ഇതൊക്കെ വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധമായ കണ്ണൂ൪ ശൈലിക്കെതിരെയാണ് ജനവികാരം ഉയ൪ന്നുവന്നിട്ടുള്ളത്.
പാ൪ട്ടി നേതൃത്വം കൊലപാതകം തീരുമാനിക്കുകയും പാ൪ട്ടിയുടെ കൊലയാളി സംഘം അവ നടപ്പാക്കുകയും കേസുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കി യഥാ൪ഥ കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണൂരിൽ എക്കാലത്തും നടക്കുന്നത്. ഇതിന്റെ മികച്ച ദൃഷ്ടാന്തമാണ് യുവമോ൪ച്ച സംസ്ഥാന നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെയും എൻ.ഡി.എഫ് പ്രവ൪ത്തകൻ ഫസലിന്റെയും കൊലപാതകം. ജയകൃഷ്ണൻ മാസ്റ്ററുടെ വധക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട അഞ്ചുപേരും നിരപരാധികളായിരുന്നു എന്ന് പിന്നീട് സി.പി.എം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നില്ലെങ്കിൽ നിരപരാധികൾ തൂക്കിലേറ്റപ്പെട്ടേനേ. പക്ഷേ, യഥാ൪ഥ കൊലയാളികൾ ആരാണ് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഫസലിന്റെ കൊലപാതകികൾ ആ൪.എസ്.എസുകാരാണ് എന്നു പ്രചരിപ്പിച്ച സി.പി.എം നേതൃത്വം ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിന്റെ ഫലമായി യഥാ൪ഥ പ്രതികൾ കണ്ടെത്തപ്പെട്ടതോടെ പ്രതിരോധത്തിലാണ്. സി.ബി.ഐക്ക് തങ്ങളുടെ നേതാക്കളെ കൈമാറുന്ന പ്രശ്നമില്ലെന്നാണ് സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണിത്.
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വം ജനാധിപത്യപരമായ പ്രവ൪ത്തനശൈലിയിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം കായികമായി നേരിടുന്ന സമീപനം കേരളത്തിൽ വള൪ത്തിയെടുത്തതിൽ സി.പി.എമ്മിനും ആ൪.എസ്.എസിനും തുല്യപങ്കാളിത്തമുണ്ട്.
ഈ തെറ്റായ പ്രവ൪ത്തനശൈലി തിരുത്താൻ ഇരു പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനും ബാധ്യതയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്നു വീമ്പടിക്കുന്ന സി.പി.എമ്മിന് സമീപകാലത്ത് സംഭവിച്ച ഫാഷിസ്റ്റ് ശൈലിയിലേക്കുള്ള വഴിമാറ്റമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനിടയാക്കിയത്. ഈ നിഷ്ഠുരമായ കൊലപാതകത്തിനുശേഷവും പിണറായി വിജയൻ നടത്തിയ 'കുലംകുത്തി' പ്രയോഗവും മാധ്യമപ്രവ൪ത്തകരെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ ചേ൪ത്തുവായിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയാൽ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയും ഇടതുപക്ഷ ഏകോപനസമിതിയും തകരും എന്ന സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ തക൪ക്കുന്ന വിധത്തിലുള്ള ജനമുന്നേറ്റമാണ് ഇപ്പോൾ കേരളത്തിലുണ്ടായത്. സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെപ്പോലും ടി.പി വധം സ്വാധീനിച്ചിരിക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളിലും കൊലപാതക രാഷ്ട്രീയത്തിനും സി.പി.എമ്മിന്റെ ഫാഷിസ്റ്റ് നിലപാടുകൾക്കുമെതിരെ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ എതിരാളികളെ കൊലചെയ്യുന്ന സംസ്കാരത്തിനെതിരെ വിശാലമായ ഒരു ബഹുജന പ്രസ്ഥാനം കേരളത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ ഉള്ളടക്കമുള്ള ഇത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകാനാണ് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടികൂടി ഉൾപ്പെട്ട ഇടതുപക്ഷ ഏകോപനസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ ആശയപ്രചാരണങ്ങൾ കേരളത്തിലാകെ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ പാടില്ല എന്ന താക്കീത് സി.പി.എം അടക്കമുള്ള പാ൪ട്ടികൾക്ക് നൽകാൻ കേരളീയ൪ ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ട സന്ദ൪ഭമാണിത്. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നറിയിപ്പും മറ്റൊന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.