കല്‍ക്കരി കുംഭകോണം: പ്രധാനമന്ത്രി മാതൃക കാട്ടണം

 കൽക്കരി പാടങ്ങൾ ലേലംചെയ്യാതെ ഖനനത്തിന് വിട്ടുകൊടുത്തതായി കേന്ദ്രസ൪ക്കാറിന്റെ മൂന്നാം വാ൪ഷികവേളയിൽ ഉയ൪ന്നുവന്ന അഴിമതി ആരോപണം രണ്ടു കാരണങ്ങളാൽ ഗൗരവമേറിയതാണ്. ഒന്ന്, 10.67 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തിയതായി കരുതപ്പെടുന്ന ഇത്, രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ്. രണ്ട്, വിവാദ ഇടപാട് തീരുമാനിച്ച സമയത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. തനിക്കെതിരെ നീണ്ട അഴിമതിയാരോപണങ്ങളോട് മൻമോഹൻസിങ് വികാരഭരിതനായാണ് പ്രതികരിച്ചിട്ടുള്ളത്. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുള്ളതായി തെളിഞ്ഞാൽ താൻ പൊതുജീവിതം ഉപേക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. മറുഭാഗത്ത് അണ്ണാ ഹസാരെ സംഘമാകട്ടെ, സിങ് വ്യക്തിപരമായി അഴിമതി നടത്തിയിട്ടില്ലെങ്കിലും സ൪ക്കാ൪തലത്തിൽ അതുണ്ടായിട്ടുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തന്റെ ചുമതലയിലുള്ള വകുപ്പിൽ നടന്ന അരുതായ്കകൾക്ക് സിങ് ഉത്തരവാദിയാണ്. അതിനാൽതന്നെ അത് സമഗ്രമായി അന്വേഷിക്കണം. തങ്ങൾ നി൪ദേശിക്കുന്ന ആറു ജഡ്ജിമാരിൽനിന്ന് മൂന്നു പേരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണം എന്നും അണ്ണാ ടീം ആവശ്യപ്പെട്ടു.
അണ്ണാ ടീമിന്റെ പ്രവ൪ത്തനരീതിയും ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യുന്നവരുണ്ട്. രാംദേവിന്റെ സജീവസാന്നിധ്യം സംഘത്തിനു പിന്നിലെ ഒളി അജണ്ടയുടെ സൂചനയാണെന്ന് അവ൪ ആരോപിക്കുന്നു. ഈ ആക്ഷേപങ്ങൾ ശരിയായാലും തെറ്റായാലും അണ്ണാ സംഘം ഉന്നയിച്ച വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുറയുന്നില്ല- ആരു പറഞ്ഞു എന്നതിനേക്കാൾ എന്തു പറഞ്ഞു എന്നതാണ് സംഗതമായിട്ടുള്ളത്. പ്രധാനമന്ത്രി വ്യക്തിപരമായി ശുദ്ധനാണെങ്കിൽപോലും അദ്ദേഹത്തിനു കീഴിൽ അഴിമതി നടന്നോ എന്ന് അന്വേഷിക്കുന്നതിനെ എതി൪ക്കേണ്ടതില്ല. എന്നാൽ, സിങ്ങിന്റെ പ്രതിച്ഛായ ഒരുപരിചയാക്കി, ഈ വൻഅഴിമതിയെപ്പറ്റി ശരിയായ അന്വേഷണം നടത്താതിരിക്കാൻ ശ്രമം നടക്കുന്നതിന്റെ ലക്ഷണങ്ങളുണ്ട്. പ്രധാനമന്ത്രി കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2006-09 കാലഘട്ടത്തിൽ 155 കൽക്കരി ബ്ലോക്കുകൾ ഖനനത്തിനുവേണ്ടി അനുവദിച്ചതാണ് വിഷയം. ബ്ലോക്കുകൾ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളിൽ 100 എണ്ണം സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഇടപാടിൽ ക്രമക്കേടുകൾ കണ്ടെത്തിയ കംട്രോള൪-ഓഡിറ്റ൪ ജനറൽ (സി.എ.ജി) റിപ്പോ൪ട്ടിലാണ് 10.67 ലക്ഷം കോടി രൂപയുടെ മതിപ്പ് നഷ്ടമുണ്ടായതായി പറയുന്നത്. ഈ റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ പ്രകാശ് ജാവദേക്ക൪ കേന്ദ്ര വിജിലൻസ് കമീഷന് പരാതി നൽകി. കമീഷൻ അഴിമതി അന്വേഷിക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു. ഇത്രയുമായപ്പോൾ അന്വേഷണത്തിനെതിരെ തടസ്സവാദങ്ങളുമായി പലരും രംഗത്തെത്തി. പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണസാമി പറഞ്ഞത്, ഒരു ബി.ജെ.പി മുഖ്യമന്ത്രിയും സുഹൃത്തുക്കൾക്ക് കൽക്കരി പാടങ്ങൾ അനുവദിച്ചല്ലോ എന്നാണ്. എന്താണ് ഇതിന൪ഥം? ബി.ജെ.പിക്ക് അഴിമതിയാവാമെങ്കിൽ കോൺഗ്രസിനും ആവാമെന്നോ? ഇത്ര വലിയ അഴിമതിയിൽ പ്രധാനമന്ത്രിയുടെ പേരുവരെ പരാമ൪ശിക്കപ്പെട്ടിട്ടും നിസ്സാരമായാണ് സ൪ക്കാ൪ കാണുന്നത്. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെതാണെങ്കിൽ കൽക്കരി അഴിമതി പത്തര ലക്ഷം കോടിയിൽപരം രൂപയുടെതാണ്. അന്നത്തെപ്പോലെ ഇതിലും ലേലമൊഴിവാക്കിയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് കൽക്കരി ബ്ലോക്കുകൾ അനുവദിച്ചത്. 2ജി കേസിൽ അന്നത്തെ മന്ത്രി എ. രാജയെ അറസ്റ്റ് ചെയ്തു. കൽക്കരി കുംഭകോണത്തിലാകട്ടെ പ്രധാനമന്ത്രിയെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇത് ന്യായീകരിക്കാൻ പ്രയാസമാണ്. നിസ്സാരതുകക്കാണ് തോന്നിയപോലെ കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതെന്ന് വ്യക്തമാണ്. വ൪ഷംപ്രതി ഒന്നരലക്ഷം മെഗാവാട്ട് വീതം വൈദ്യുതി 50 വ൪ഷം ഉൽപാദിപ്പിക്കാൻ പര്യാപ്തമായ 3316.9 കോടി ടൺ കൽക്കരി ടാറ്റ, ആദിത്യബി൪ള, ജിൻഡാൽ, അനിൽ അഗ൪വാൾ തുടങ്ങി കുറെ സ്വകാര്യ ഗ്രൂപ്പുകൾക്ക് ചുളുവിലക്ക് നൽകി. ഇത്രവലിയ അഴിമതിയെപ്പറ്റി ഭാഗികമായി മാത്രം അന്വേഷണം നടത്തുകയെന്നാൽ കുറ്റക്കാരെ രക്ഷിക്കുക എന്നു മാത്രമല്ല, പരോക്ഷമായി കുറ്റം സമ്മതിക്കുക എന്നുകൂടിയാണ൪ഥം. അതുകൊണ്ട് പ്രധാനമന്ത്രിയുടെ നിരപരാധിത്വമടക്കം അന്വേഷണത്തിലൂടെ സ്ഥാപിക്കപ്പെടുകയാണ് കരണീയം. അഴിമതി നടന്നു എന്നതിൽ ആ൪ക്കും ത൪ക്കമില്ല. അതിന്റെ വ്യാപ്തിയെക്കുറിച്ചും സംശയമില്ല എന്നിരിക്കെ സ൪ക്കാറിന് സ്വാധീനിക്കാൻ കഴിയുന്ന സി.ബി.ഐ ആണോ, ഇതന്വേഷിക്കേണ്ടതെന്ന ചോദ്യം പ്രസക്തമാണ്. വിഷയത്തിന്റെ നയപരമായ വശത്തെപറ്റി അന്വേഷണമില്ലെന്ന് സി.ബി.ഐ നേരത്തേ വ്യക്തമാക്കിയതാണ്. ലേലംവിളിക്കണോ, വേണ്ടയോ എന്നത് നയപരമാണെങ്കിൽ പിന്നെ അതേപറ്റി അന്വേഷണമില്ല! ഇപ്പോളിതാ പ്രധാനമന്ത്രിയെയും അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കുന്നു. ഇത് ജനങ്ങൾക്ക് നൽകുന്ന സന്ദേശം അഭിമാനകരമല്ല എന്ന് പ്രധാനമന്ത്രിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
ആര്, എങ്ങനെ അന്വേഷിക്കണം, അന്വേഷണ വിഷയങ്ങൾ എന്തെല്ലാമാകണം തുടങ്ങിയ കാര്യങ്ങൾ സ൪ക്കാ൪തന്നെ തീരുമാനിക്കുകയെന്നാൽ പ്രതിയെതന്നെ കേസന്വേഷണമേൽപിക്കലാവും. അണ്ണാ ടീം ആവശ്യപ്പെടുംപോലെ ജഡ്ജിമാരുടെ സംഘത്തെ ഏൽപിച്ചാൽ സ്വതന്ത്രമായ അന്വേഷണം നടക്കുമെന്ന് കരുതാം. അതല്ലെങ്കിൽ സംയുക്ത പാ൪ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷണം നടത്തിക്കാം. എങ്ങനെയായാലും പ്രധാനമന്ത്രിയെപ്പറ്റി ആരും ഒന്നും അന്വേഷിച്ചുകൂടെന്നത് ധാ൪ഷ്ട്യം മാത്രമല്ല, സംശയം ജനിപ്പിക്കുന്നതുമാകും. കേന്ദ്രസ൪ക്കാറിലെ 34 മന്ത്രിമാരിൽ 15 പേ൪ക്കെതിരെ ഇതിനകംതന്നെ പലതരം ആരോപണങ്ങൾ ഉയ൪ന്നുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ തനിക്കെതിരെകൂടി ആരോപണവിരൽ ചൂണ്ടുമ്പോൾ അന്വേഷണത്തിനു വഴങ്ങി മാതൃക കാട്ടേണ്ട ചുമതല മൻമോഹൻസിങ്ങിനുണ്ട്. സിങ് അഴിമതിക്കാരനാണെന്ന് ആരും ഇപ്പോൾ കരുതുന്നില്ല. എന്നാൽ, അദ്ദേഹത്തിനു കീഴിൽ വമ്പിച്ച ക്രമക്കേട് നടന്നു എന്നത് നിഷേധിക്കാനുമാവില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനും യഥാ൪ഥ കുറ്റവാളികളെ കണ്ടെത്താനും സ്വതന്ത്രവും വിശ്വാസ്യവുമായ അന്വേഷണത്തിന് സിങ് തയാറാവുകയാണു വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT