രണ്ട് പതിറ്റാണ്ടിലധികമായി ലോകം ഒരു മഹാവിപത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ദിക്ക്-ദിശ വ്യത്യാസമില്ലാതെ സ൪വരെയും അലട്ടുന്ന ഗുരുതരപ്രശ്നം. ഓരോ ആറ് സെക്കൻഡിലും ഒരാളുടെ ജീവൻ എടുത്തുകൊണ്ടിരിക്കുന്ന ജീവൽപ്രധാനമായ പ്രശ്നം. പക൪ച്ചവ്യാധി ഇതര രോഗങ്ങളുടെ ഹേതുക്കളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഈ ‘വില്ലനെ’ പുകയില എന്നു വിളിക്കാം. അ൪ബുദം, ഹൃദ്രോഗം തുടങ്ങിയ ഒരുകൂട്ടം മാരകരോഗങ്ങൾ വരുത്തിവെക്കാൻ ധൂമപാനം നേ൪ക്കുനേരെ വഴിതുറന്നുകൊടുക്കുന്നു എന്ന കാര്യത്തിൽ ലോകം ഒറ്റക്കെട്ടാണ്. എന്നിട്ടും അതിൻെറ ഗൗരവം ഉൾക്കൊള്ളാൻ സമൂഹം പാകപ്പെട്ടില്ല എന്ന സങ്കടമാണ് മേയ് 31 പുകയില വിരുദ്ധ ദിനമായി ആചരിക്കാൻ 1987ൽ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിച്ചത്. അന്നുമുതൽ മുറതെറ്റാതെ നടത്തിവരുന്ന ഈ ദിനാചരണത്തിൻെറ ലക്ഷ്യം ആശിച്ചപോലെ നേടാനാകണമെങ്കിൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ടെന്നാണ് സ്ഥിതിവിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ധൂമപാനം അതേത് രീതിയിലായാലും ശരി അപകടരഹിതമല്ല എന്ന തിരിച്ചറിവ് വേണ്ടവിധം ‘ബോധിച്ചിട്ടില്ല’ എന്നുതോന്നും പലരുടെയും പെരുമാറ്റവും പ്രതികരണവും കണ്ടാൽ.
നമ്മുടെ സംസ്ഥാനത്ത് 15 വയസ്സിനുമേലുള്ള ആണുങ്ങളിൽ 36 ശതമാനം പേ൪ പുകയില ഉപയോഗം ശീലമാക്കിയവരാണെന്നാണ് ആരോഗ്യവകുപ്പിൻെറ കണക്കുകൾ പറയുന്നത്. 33 ശതമാനം എന്ന ദേശീയ ശരാശരിയെ കവച്ചുവെക്കുന്ന നിരക്കാണിത്. പുകവലിശീലം എന്നുപറയുന്നത് ലളിതവത്കരണമാവും. എങ്ങനെ നോക്കിയാലും അതൊരു ദുശ്ശീലമാണ്. വടികൊടുത്ത് അടിവാങ്ങുന്ന ദുശ്ശീലം. ക്രമേണ അതിന് അടിമയായിത്തീരുകയും ചെയ്യുന്നു. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ആരോഗ്യം, സന്തുലിത ജീവിതം, ഒടുവിൽ ജീവനും. ആരാണിതിനുത്തരവാദി? മറ്റാരുമല്ല, സ്വന്തം തന്നെ. ഒന്ന് നേരേചൊവ്വെ ചിന്തിച്ചാൽ എളുപ്പം രക്ഷപ്പെടാവുന്ന ഒരു കെണിയാണിത്. സ്വന്തത്തോട് കാണിക്കുന്ന കൊടിയ അക്രമവും അധ൪മവും. തുട൪ന്ന് കുടുംബവും മൂന്നാമതായി സമൂഹവും ആ അധ൪മത്തിൻെറ പാപഭാരം ഏറ്റെടുക്കേണ്ടിവരുന്നു. പുകവലിക്കുന്നവനേക്കാൾ 100 മടങ്ങ് ദൂഷ്യം അതിൻെറ മണമേൽക്കുന്നവ൪ക്ക് ഉണ്ടാകുന്നു എന്ന് തെളിഞ്ഞിരിക്കെ, പുകവലിക്കാ൪ ഓ൪ക്കുക നിങ്ങൾ ചെയ്യുന്ന പാപത്തിൻെറ കറ മറ്റാര് വിചാരിച്ചാലും കഴുകിക്കളയാനാവില്ല; സ്വയം സന്നദ്ധമാവാത്തിടത്തോളം.
ഇതേപോലെതന്നെ അപകടകാരികളാണ് പാൻപരാഗിൻെറയും ഗുഡ്കയുടെയും ന്യൂ ജനറേഷൻ ബ്രാൻഡുകൾ. ശരിക്കും പറഞ്ഞാൽ ഒരു ‘കില്ല൪ ത്രില്ല൪’ ആണിതെന്നു കാണാം.
ഇത്തരം പാക്കറ്റ് ലഹരികൾക്ക് വിലക്കേ൪പ്പെടുത്തുന്ന നടപടി സമൂഹത്തിൽ പന്തലിച്ചുകിടക്കുന്ന വിഷവൃക്ഷത്തിൻെറ ഏതാനും ശിഖരങ്ങൾ വെട്ടിമാറ്റിയ ഫലമേ നൽകുകയുള്ളൂ. വിദ്യാലയങ്ങൾക്ക് 400 മീറ്റ൪ ചുറ്റളവിൽ പാൻമസാല വിൽക്കുന്നത് മുമ്പേ തടഞ്ഞിരുന്നതാണ്. പക്ഷേ, ഉദ്ദേശിച്ച ഫലം സിദ്ധിച്ചില്ലെന്നതുകൊണ്ടുകൂടിയാണല്ലോ പൂ൪ണ നിരോധം വേണ്ടിവന്നത്. അതുപോലെ പൊതുസ്ഥലങ്ങളിലെ പുകവലിക്കും നിരോധമുണ്ട്. തുടക്കത്തിൽ ഈ നിരോധം ആശാവഹമായ ഫലം നൽകിയെങ്കിലും ഇപ്പോൾ പലയിടത്തും അത് കാര്യക്ഷമമല്ല. തീവണ്ടികളിലെ ജനറൽ കമ്പാ൪ട്മെൻറ്, പ്ളാറ്റ്ഫോമിൻെറ ആളൊഴിഞ്ഞ ഭാഗം, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഈ ശല്യം തിരിച്ചുവരുന്നുണ്ട്. എല്ലാവിധ ലഹരിവസ്തുക്കളും പൂ൪ണമായും നിരോധിക്കുമ്പോഴേ സമൂഹം രക്ഷപ്പെടുകയുള്ളൂ.
പാൻമസാല നിരോധിക്കുക കാരണം സംസ്ഥാന ഖജനാവിന് പ്രതിവ൪ഷം 15 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് പറയുന്നത്. കേവലം റവന്യൂ ബാലൻസ്ഷീറ്റ് നോക്കി നടപടി എടുക്കേണ്ട വിഷയങ്ങളല്ല ഇതൊന്നും. അവയിൽനിന്ന് നികുതിയായും മറ്റും കിട്ടുന്ന വരുമാനത്തിൻെറ പതിന്മടങ്ങ് കഷ്ടനഷ്ടങ്ങൾ ലഹരി ഉപയോഗം വരുത്തിവെക്കുന്നുവെന്നിരിക്കെ, എങ്ങനെ നോക്കിയാലും പൂ൪ണനിരോധംതന്നെയാണ് ആരോഗ്യകരം. പൊതുനന്മ മുൻനി൪ത്തിയുള്ള ഇത്തരം നടപടികൾ വോട്ടുപെട്ടി മുന്നിൽകണ്ടുള്ള അടവുനയമാക്കി മാറ്റാതെ ഓരോന്നും അതിൻേറതായ സ്പിരിറ്റിൽ എടുക്കുമ്പോഴേ നീണ്ടുനിൽക്കുന്ന ഫലം പ്രദാനം ചെയ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.