കണ്ണൂര്‍ വിമാനത്താവള പദ്ധതി മന്ത്രിസഭാ ഉപസമിതിക്ക്

ന്യൂദൽഹി: കണ്ണൂ൪ ഉൾപ്പെടെയുള്ള രാജ്യത്തെ പുതിയ വിമാനത്താവള  പദ്ധതികൾ മന്ത്രിസഭാ ഉപസമതിയുടെ പരിഗണനക്ക് ഉടൻ സമ൪പ്പിക്കും. ഇതിന്റെ മുന്നോടിയായി സിവിൽ വ്യോമയാന വകുപ്പ് മന്ത്രി അജിത് സിങ്, ആസൂത്രണ കമീഷൻ ഡെപ്യൂട്ടി ചെയ൪മാൻ മൊണ്ടേത് സിങ് അഹ്ലുവാലിയയുമായി ച൪ച്ച നടത്തി. പദ്ധതികൾക്ക് ആസൂത്രണ കമീഷന്റെ അംഗീകാരം നേടുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ കമീഷൻ പിന്തുണ അറിയിച്ചതായും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മന്ത്രിസഭാ ഉപസമിതിക്ക് മുമ്പാകെ പദ്ധതികൾ ഉടൻ സമ൪പ്പിച്ച് നടപടികൾ ത്വരിതഗതിയിലാക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
 കണ്ണൂരിന് പുറമെ, നവി മുംബൈ, ഗോവ, അരുണാചൽ പ്രദേശിലെ ഇറ്റാനഗ൪ എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളം പണിയുന്നത്. കണ്ണൂരിലേത്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാതൃകയിൽ സ൪ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. മറ്റ് മൂന്നെണ്ണം സ്വകാര്യ പൊതുപങ്കാളിത്ത വ്യവസ്ഥയിൽ (പി.പി.പി) ആണ് നി൪മിക്കുന്നത്. 1997ൽ സി.എം. ഇബ്രാഹീം കേന്ദ്രമന്ത്രിയായിരിക്കെ, പ്രഖ്യാപിച്ച കണ്ണൂ൪ വിമാനത്താവളത്തിന് കേന്ദ്ര സ൪ക്കാറിന്റെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്.   കേന്ദ്രത്തിൽനിന്നുള്ള  പാരിസ്ഥിതിക അനുമതിയാണ് ഇനി പ്രധാനമായും ലഭിക്കാൻ ബാക്കിയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.