ഐസ് ഫാക്ടറിക്കെതിരെ തിരിഞ്ഞത് സി.പി.ഐയിലെ ചിലരെന്ന് മുംബൈയിലെ വ്യവസായി

 മുംബൈ: അഴിയൂരിൽ മരുമക്കൾക്കായി നി൪മിക്കുന്ന ഐസ് ഫാക്ടറിക്കെതിരെ പ്രശ്നങ്ങൾ കുത്തിപ്പൊക്കിയത് പ്രാദേശിക സി.പി.ഐയിലെ ഏതാനും പേരാണെന്ന് ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുംബൈയിലെ വ്യവസായി പി.പി. സുകുമാരൻ. ടി.പി. ചന്ദ്രശേഖരനെ ഇതേവരെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ പാ൪ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും സുകുമാരൻ പറഞ്ഞു.
താൻ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് തെളിയിക്കട്ടെ. നിയമത്തിന് അതിന്റേതായ വഴിയുണ്ടെന്നും ആ വഴിക്ക് അതു നടക്കട്ടെയെന്നും സുകുമാരൻ പറഞ്ഞു. മുംബൈയിലെ ഭീവണ്ടിയിൽ, മരുന്നു പാക്കറ്റുകളിലെ കവറുകൾ നി൪മിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് വടകര ചോമ്പാൽ സ്വദേശിയായ സുകുമാരൻ.
അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനാണ് ജാമ്യാപേക്ഷയിൽ കോൺഗ്രസ് ബന്ധമുള്ള മുംബൈയിലെ വ്യവസായിക്കെതിരെ ആരോപണമുന്നയിച്ചത്. കോൺഗ്രസിനോട് അനുഭാവമുണ്ടെന്നതല്ലാതെ പാ൪ട്ടിക്കാരനല്ലെന്നു പറഞ്ഞ സുകുമാരൻ, തന്റെ മരുമക്കൾക്കുവേണ്ടിയാണ് അഴിയൂരിൽ ഐസ് ഫാക്ടറി തുടങ്ങാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കി.
 അതിനായി മുടക്കിയ തുക തനിക്ക് ഒന്നുമല്ല. അഴിയൂരിൽ ഫാക്ടറി തുടങ്ങുന്നതിനോട് കോൺഗ്രസും സി.പി.എമ്മും ജനതാദളും അനുഭാവമാണ് പ്രകടിപ്പിച്ചത്. എന്നാൽ, വയൽ നികത്തിയാണ് ഫാക്ടറി പണിയുന്നതെന്ന വിഷയം കുത്തിപ്പൊക്കി ഫാക്ടറിക്കെതിരായത് പ്രാദേശിക സി.പി.ഐയിലെ ചിലരാണ്. വിഷയം ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്. ഫാക്ടറി നി൪മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത് തന്റെ മരുമക്കളാണെന്നും താൻ ഇടപെടാറില്ലെന്നും സുകുമാരൻ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.