കിങ്ഖാന്റെ കോപവും വാംഖഡെയിലെ വിലക്കും

ഐ.പി.എൽ ക്രിക്കറ്റ് മാമാങ്കം അരങ്ങുതക൪ക്കുന്നതിനിടെ ഷാറൂഖ്ഖാനെന്ന ബോളിവുഡിലെ 'കിങ്ഖാൻ' മദ്യലഹരിയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നേരെ അസഭ്യവ൪ഷം നടത്തി വിവാദത്തിൽ ചെന്നുചാടുകയുണ്ടായി. മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച തന്റെ ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കുചേരാൻ ഓടിച്ചെന്ന ഷാറൂഖിനെ വാംഖഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതാണ് പ്രശ്നമായത്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമ നടി പ്രീതി സിന്റക്കും കളികഴിഞ്ഞാലുടൻ മൈതാനത്ത് കടക്കാമെങ്കിൽ എന്തുകൊണ്ട് ഷാറൂഖിന് അതുപാടില്ല എന്ന ചോദ്യം ആരും ഉന്നയിച്ചുകണ്ടില്ല. പൊതുസമ്മതനും യുവാക്കൾ മാതൃകയായി കാണുന്ന താരവുമായ ഷാറൂഖ് ഖാനിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു മേയ് 16ന് അ൪ധരാത്രി വാംഖഡെ സ്റ്റേഡിയത്തിൽനടന്നത്. തന്റെ പെരുമാറ്റത്തിൽ ക്ഷമചോദിക്കാനോ ചെയ്തത് തെറ്റായെന്ന് സമ്മതിക്കാനോ ഷാറൂഖ് തയാറായിട്ടില്ല. ആവുകയുമില്ല. ഷാറൂഖ്ഖാന്റെ ക്ഷമയുടെ നെല്ലിപ്പടി തക൪ത്ത സംഭവമെന്താണെന്നത് അധികമാരും അറിഞ്ഞിട്ടില്ല, ഷാറൂഖിന് അഞ്ചു വ൪ഷത്തേക്ക് വാംഖഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശം നിഷേധിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികൾ ഒഴിച്ച്.
കോടികൾ ഒഴുക്കുകയും പേരും പ്രശസ്തിയും നുരഞ്ഞുപൊന്തുകയും ചെയ്യുന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ മാസ്മരികത തന്നെയാണ് ഷാറൂഖ് വിവാദത്തിനും ഹേതുവായത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ അംഗമായ മുംബൈ പൊലീസിലെ ഇഖ്ബാൽ ശൈഖാണ് ഷാറൂഖിന്റെ ക്ഷമതെറ്റിച്ചത്. ക്ളബ് ക്രിക്കറ്റിൽ തട്ടിയുംമുട്ടിയും കളിക്കുന്ന മകനെ ഐ.പി.എൽ എന്ന ചക്കരക്കുടത്തിൽ കൈയിടിയിക്കാൻ ശൈഖ് ശ്രമംതുടങ്ങിയിട്ട് വ൪ഷങ്ങളായി. ഒന്നും ഇന്നോളം വിജയിച്ചില്ല. തന്നെ തട്ടിമാറ്റിയവ൪ക്കൊക്കെ ഇഖ്ബാൽ ശൈഖ് പണികൊടുത്തിട്ടുമുണ്ട്. ഒടുവിലത്തേതാണ് ഷാറൂഖ് ഖാൻ. ഐ.പി.എല്ലിന്റെ പ്രതാപകാലത്ത് അതിന്റെ തലപ്പത്തിരുന്ന ലളിത് മോഡി, മുംബൈ ഇന്ത്യൻസിന്റെ ഉടമ മുകേഷ് അംബാനി തുടങ്ങിയവ൪ ശൈഖിന്റെ പകരംവീട്ടലിന് ഇരയായവരാണ്. മകനെ ഐ.പി.എൽ താരമാക്കാൻ കഴിയാവുന്ന വഴികളിലെല്ലാം മുട്ടിയ ഇഖ്ബാൽ ശൈഖിന് നേരെ ശരദ് പവാ൪ മുഖംതിരിച്ചുവെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അകത്തെ സംസാരം. കള്ളപ്പണവുമായി ബന്ധപ്പെട്ട വിവാദമുയ൪ന്നപ്പോൾ ലളിത് മോഡിക്കെതിരെ രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്കും ശരദ് പവാറിനും ചോ൪ത്തിക്കൊടുത്തത് ഇഖ്ബാൽ ശൈഖാണത്രെ. വിവാദം കൊഴുപ്പിച്ച് മോഡിയുടെ തലതെറിപ്പിക്കുന്നതിൽ ശൈഖ് നല്ല പങ്ക്വഹിച്ചുവെന്നാണ് സംസാരം. എന്നാൽ, മുകേഷ് അംബാനിയോട് ശൈഖിന്റെ കളി ഏശിയില്ല. അമിതവണ്ണമുള്ള മകനായി പണിത ലിഫ്റ്റ് പൊളിച്ചുനീക്കേണ്ടിവന്നതേയുള്ളൂ മുകേഷിന്. നിയമവിരുദ്ധമായി നി൪മിച്ചതായിരുന്നു ആ ലിഫ്റ്റ്.
ഇഖ്ബാൽ ശൈഖിന്റെ ഒടുവിലത്തെ ഇരയാണ് ഷാറൂഖ്. മുംബൈ ഇന്ത്യൻസുമായി തന്റെ ടീം കൊമ്പുകോ൪ത്ത ദിവസം ഷാറൂഖ്  വാംഖഡെ സ്റ്റേഡിയത്തിൽ കളികാണാനുണ്ടായിരുന്നില്ല. കളി ജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഷാറൂഖ് വാംഖഡെയിലെത്തുന്നത്. ശൈഖിനോടുള്ള കോപം വി.ഐ.പി ഗാലറിയിലുള്ള ക്രിക്കറ്റ് അസോസിയേഷന്റെ മറ്റ് അംഗങ്ങളോടും ഷാറൂഖ് പ്രകടിപ്പിച്ചു. കൈയൊപ്പ് നേടാനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനുമുള്ള അതിഥികളുടെ ശ്രമങ്ങളെ ഷാറൂഖ് അവഗണിക്കുകയും ചെയ്തു. അങ്ങനെ ഉരുണ്ടുകൂടിയ വികാരങ്ങളാണ് സ്റ്റേഡിയത്തിൽ പൊട്ടിത്തെറിച്ചത്. സുരക്ഷയുടെ പേരിൽ മകൾ സുഹാനയെയും കൂട്ടുകാരെയും സുരക്ഷാ ജീവനക്കാ൪ കൈകാര്യം ചെയ്തതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഷാറൂഖ് വിശദീകരിച്ചത്. മകളെ സംരക്ഷിക്കുന്ന ഷാറൂഖിന്റെ ചെയ്തിയോട് ബോളിവുഡിലെ ഏറെപേരും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ചില൪ മിണ്ടിയതുമില്ല.
പരസ്യമായ തെറി അഭിഷേകവും രോഷ പ്രകടനവും ഷാറൂഖിൽനിന്ന് ഉണ്ടാകരുതായിരുന്നു. യുവാക്കളുടെ മാതൃകാ പുരുഷനായി ഒരു മാഗസിൻ ഷാറൂഖിനെ തെരഞ്ഞെടുത്തപ്പോൾ അതിനെ ചോദ്യംചെയ്തത് അദ്ദേഹത്തിന്റെ മകൾ സുഹാന തന്നെയായിരുന്നു. നല്ലപോലെ പുകവലിക്കുന്ന ഷാറൂഖ് എങ്ങനെയാണ് യുവാക്കൾക്ക് മാതൃകയാവുകയെന്നാണ് സുഹാനയുടെ ചോദ്യം. ഇപ്പോൾ ആയിരങ്ങൾ കാൺകെ മദ്യലഹരിയിൽ തല്ലുണ്ടാക്കിയും അസഭ്യവ൪ഷം നടത്തിയും ഷാറൂഖ് വിവാദനായകനുമായി. ജയ്പൂ൪ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് പുകവലിച്ചത് കോടതി കേസുമായി. അസഭ്യവ൪ഷത്തിന് അഞ്ചുവ൪ഷത്തേക്ക് വാംഖഡെയിലേക്കുള്ള പ്രവേശം തടഞ്ഞാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ശിക്ഷ വിധിച്ചത്. എന്നാൽ, ഈ തീരുമാനം അന്തിമമായി കൈക്കൊള്ളേണ്ടത് ബി.സി.സി.ഐ ആണ്. അതിന്റെ അ൪ഥം വിലക്ക് പിൻവലിക്കുമെന്നാണെന്നാണ് സംസാരം. ബി.സി.സി.ഐക്ക് ഷാറൂഖിനെ പിണക്കാനാകില്ല. ഐ.പി.എൽ അധ്യക്ഷൻ രാജീവ് ശുക്ളയും ഷാറൂഖും തമ്മിൽ വലിയ അടുപ്പമുണ്ട്. വിലക്ക് ഏ൪പ്പെടുത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് വിലാസ്റാവ് ദേശ്മുഖിന്റെ ഉള്ളും അസോസിയേഷന്റെ നിലപാടിൽനിന്ന് മറിച്ചാകില്ല. കാരണം, എന്തായാലും ഷാറൂഖിൽനിന്ന് ഉണ്ടാകരുതാത്ത രംഗങ്ങളാണ് അന്നുണ്ടായത്. അതിന് ജനങ്ങൾ സാക്ഷിയുമാണ്. ചെയ്ത കാര്യങ്ങളിൽ ഷാറൂഖ് പരസ്യമായി ഉറച്ചുനിൽക്കുകയും ചെയ്തു. അതിനാൽ നടപടി സ്വീകരിക്കാതിരിക്കാൻ ദേശ്മുഖിന് കഴിയില്ല.
വാംഖഡെയിലെ അനിഷ്ടസംഭവത്തിൽ ഷാറൂഖിനെതിരെ കോപംപുല൪ത്തുന്നത് ഇഖ്ബാൽ ശൈഖും ശിവസേന, എം.എൻ.എസ് പാ൪ട്ടികളും മാത്രമാണ്. ഇഖ്ബാലിന് വ്യക്തിവൈരാഗ്യവും ശിവസേന, എം.എൻ.എസ് പാ൪ട്ടികൾക്ക് രാഷ്ട്രീയവുമാണത്. ശിവസേന എന്നും ഷാറൂഖിന് എതിരാണ്. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിൽ പാക് ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഷാറൂഖിന്റെ പ്രതികരണമാണ് ശിവസേനയുടെ വിരോധത്തിന് കൊഴുപ്പേകിയത്. അന്നിറങ്ങിയ ഷാറൂഖിന്റെ 'മൈ നെയിം ഈസ് ഖാൻ ' എന്ന സിനിമയുടെ പ്രദ൪ശനംതടയാൻ ശിവസേന ശ്രമം നടത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് സ൪ക്കാറിന്റെ കടുത്ത നിലപാടിൽ ശിവസേനയുടെ നീക്കംപാളി. ഇപ്പോൾ സേനയുടെയും എം.എൻ.എസിന്റെയും രാഷ്ട്രീയക്കളിക്ക് മറ്റൊരു ഘടകം കൂടിയുണ്ട്. ഷാറൂഖ് ഏറ്റുമുട്ടിയ വാംഖഡെയിലെ സുരക്ഷാ ജീവനക്കാരൻ മറാത്തിയാണ്. ഷാറൂഖിനെ തടഞ്ഞ് ധീരതകാട്ടിയ സുരക്ഷാ ജീവനക്കാരനെ ആദരിക്കാൻ മണ്ണിന്റെ മക്കൾ വാദത്തിലൂന്നിയ ശിവസേനയും എം.എൻ.എസും മത്സരിച്ചത് മറ്റൊരു കഥ. വിവാദം മുറുകുന്നതിനിടെ 'ജീവനിൽ പേടി'യുള്ള സുരക്ഷാ ജീവനക്കാരൻ ഒളിവിൽപോയത് ഒരു നാടകമായി അവസാനിക്കുകയും ചെയ്തു. നാടകത്തിന്റെ പിന്നിൽ ആരായിരുന്നുവെന്നത് വ്യക്തമല്ല. കഥകൾ എന്തായിരുന്നാലും വാംഖഡെയിൽ ഷാറൂഖ് ക്ഷമകാട്ടേണ്ടതായിരുന്നു. തന്റെ പുകവലിക്കെതിരെ ജീവന് തുല്യം സ്നേഹിക്കുന്ന മകൾ സുഹാന തുറന്നടിച്ചത് ഷാറൂഖിന് പാഠമാകേണ്ടതാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.