എ.വി. താമരാക്ഷന്‍ ജെ.എസ്.എസ് വിട്ടു

ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. എ.വി. താമരാക്ഷൻ പാ൪ട്ടി വിട്ടു. നാലുദിവസം മുമ്പ് ജനറൽ സെക്രട്ടറി കെ.ആ൪. ഗൗരിയമ്മക്ക് നൽകിയ രാജിക്കത്ത് ശനിയാഴ്ച ചേ൪ന്ന ജെ.എസ്.എസ് സംസ്ഥാന സെന്റ൪ യോഗം അംഗീകരിച്ചതായി താമരാക്ഷൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഗൗരിയമ്മയോടോ ജെ.എസ്.എസിനോടോ  ഉള്ള വിരോധം കൊണ്ടല്ല, ആ പാ൪ട്ടി ഉൾക്കൊള്ളുന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ നയത്തോടുള്ള വിയോജിപ്പുകൊണ്ടാണ് ജെ.എസ്.എസ് വിട്ട് ഇടതുമുന്നണിക്ക് അനുകൂല നിലപാടിലേക്ക് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത ശക്തികളുടെ താൽപ്പര്യങ്ങളാണ് യു.ഡി.എഫിനെ നയിക്കുന്നത്. അതിനാൽ ജെ.എസ്.എസ് യു.ഡി.എഫ് വിടണമെന്ന് താൻ നിരവധി പ്രാവശ്യം  നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അത് നടക്കാതെവന്നപ്പോഴാണ് രാജിവെച്ച് പുറത്തുപോകുന്നത്.
കോൺഗ്രസ് മുന്നണിക്ക് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മതേതരസ്വഭാവവും അതിനില്ല. ലീഗ്-കേരള കോൺഗ്രസുകളുടെ നിലപാടുകളാണ് അവരുടെ നയം.
ഇടതുമുന്നണിയിൽ സി.പി.എം മാത്രമാണ് യഥാ൪ഥ മതേതര പാ൪ട്ടി. അതിനെ തക൪ത്ത് ഇടതുമുന്നണി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ തന്റെ സുഹൃത്തായിരുന്നു. എന്നാൽ, വധത്തിന്റെ പേരിൽ വ൪ഗീയ-തീവ്രവാദ ശക്തികൾ സി.പി.എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇടതുമുന്നണിക്കുവേണ്ടി പ്രവ൪ത്തിക്കുമെന്നും ഏത് പാ൪ട്ടിയിലേക്കാണ് പോകേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, യു.ഡി.എഫിന്റെ നയങ്ങളോടുള്ള വിയോജിപ്പുകൊണ്ട് വിട്ടുപോയ താമരാക്ഷൻ നേരത്തേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായി കെ.ആ൪. ഗൗരിയമ്മ അറിയിച്ചു.  മുന്നണി സംവിധാനത്തിൽ പല സമീപനമുള്ള പാ൪ട്ടികളുണ്ടാകും. എല്ലാ നയങ്ങളോടും തങ്ങൾക്കും യോജിപ്പില്ല. താമരാക്ഷന്റെ കൂടെ ആരൊക്കെ പോയി എന്ന് അറിയില്ല. താമരാക്ഷനൊപ്പം ജെ.എസ്.എസിൽ വന്ന പ്രധാന നേതാക്കളാരും പോയിട്ടില്ലെന്നാണ് അറിയുന്നത് -അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.