ആശവെച്ചാൽ നേടാനാകാത്തത് ഒന്നുമില്ല ഈ ലോകത്ത്. കാലം വഴിതെറ്റിച്ചു കൊണ്ടുപോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക് വഴിനടത്താൻ മോഹങ്ങൾക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാൽ, ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂ൪വം. ഇന്നല്ലെങ്കിൽ നാളെ ആ സ്വപ്നങ്ങൾക്ക് നിറംപകരാൻ മനസ്സിനകത്തെ കുഞ്ഞു കനലുകൾക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരൻ ഇന്ന് ഗസലുകൾ പൂക്കുന്ന രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസ്സുകളിൽ സ്വയംമറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് സ്വപ്നങ്ങളുടെ നിറച്ചാ൪ത്താണ്.
ഗസലുകൾ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുൽമോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞുവീഴുന്ന ഗസൽസന്ധ്യകളിൽ പ്രണയത്തിനും വിരഹത്തിനും ഹാ൪മോണിയവും തബലയും അകമ്പടിയേകുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയിൽ കടലായൊഴുകിയ ആ തെരുവുകളിൽ പിറന്നുവീണ സാദിഖിന് സംഗീതത്തോട് കമ്പംതോന്നിയതിൽ അതിശയപ്പെടാനില്ല. എന്നാൽ, ജീവിതം പുല൪ത്താൻ പുല൪ച്ചെ മുളവുകാട് ഹാ൪ബറിൽ തൊണ്ടപൊട്ടി ലേലമുറപ്പിക്കുന്ന സാദിഖിനെ കാണുമ്പോൾ, തലേന്നുരാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്ന് അദ്ഭുതംകൂറും. എന്നാൽ, മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് നമ്മെ പിന്നെയും അദ്ഭുതപ്പെടുത്തും.
മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജൻ മാസ്റ്റ൪. സഹപ്രവ൪ത്തക൪പോലും പരുക്കനെന്നു കരുതുന്ന ദേവരാജൻ മാസ്റ്റ൪ പക്ഷേ, സാദിഖിൻെറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ആ ഗുരുവിൻെറ ശിഷ്യനായ കഥ പറയുമ്പോഴും ആശകൊണ്ടൊരു കൊട്ടാരം പണിതതിൻെറ സുഖമുണ്ട് സാദിഖിന്.
സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിൻെറ ജനനം. സംഗീതംകൊണ്ട് പ്രശസ്തരായെങ്കിലും പലരും ജീവിതം കളഞ്ഞുകുളിച്ചതിൻെറ ഉദാഹരണങ്ങൾ സ്വന്തം കുടുംബത്തിൽതന്നെ കണ്ട് മനസ്സുനൊന്ത ബാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാൽ വഴിപിഴച്ചു പോകുമെന്ന ഭീതി ആ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉൾഭയംകൊണ്ട് ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിൻെറ കടുപ്പവും ബാപ്പയെ ധിക്കരിക്കാനുള്ള മനസ്സില്ലായ്മയുംകൊണ്ട് സാദിഖിൻെറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നംമാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെക്കൂടി പോറ്റാനുള്ള പെടാപ്പാടു കുറക്കാൻ ബാപ്പക്കൊപ്പം സാദിഖ് കൂടി. അങ്ങനെയാണ് ഹാ൪ബറിൽ മത്സ്യക്കച്ചവടക്കാരനാകുന്നത്. ഇന്നിപ്പോൾ ഹാ൪ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതിമാറി ഒഴുകി. സംഗീതം മനസ്സിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തംകാലിൽ നിൽക്കാറായപ്പോൾ ആ പഴയം സ്വപ്നം ഹാ൪മോണിയത്തിൻെറ ഈണങ്ങൾക്കൊപ്പം വീണ്ടും മനസ്സിൻെറ പടികയറി.
അടിയന്തരാവസ്ഥക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിൻെറ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയിൽ സാദിഖിൻെറ ബാപ്പയും കമ്യൂണിസ്റ്റുകാരൻ! പൊലീസ് ലാത്തികളിൽനിന്ന് രക്ഷപ്പെടാൻ ബാപ്പ ഒളിവിൽപോയ സമയത്ത് 24കാരൻ സംഗീതത്തെ തിരിച്ചുപിടിച്ചു.
തബലയുടെ ആദ്യസ്വരം പക൪ന്നുനൽകിയത് അമ്മാവനും ഗസൽ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടിൽനിന്നിറങ്ങിയ ആ പയ്യൻ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളിൽ രാവേറെചെല്ലുവോളം നേരംപോക്കി. ഗസൽ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരൻെറ വിരൽവഴക്കങ്ങൾ കണ്ടും ആ ചെറുപ്പക്കാരൻ മനസ്സിനെ വീണ്ടും സംഗീതംകൊണ്ടു നിറച്ചു. സംഗീത സംവിധായകൻ ബാബുരാജിൻെറ തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നയാളുമായ അബ്ദു ഇക്കയെ ഗുരുവാക്കി തബലപഠനം ആരംഭിച്ചു. ഇതിനിടെ ബാപ്പ വീട്ടിലെത്തി. സംഗതിയറിഞ്ഞയുടൻ കലിപൂണ്ട ബാപ്പ സാദിഖിനെ തല്ലി. അതോടെ, ആശിച്ചുമോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീൻചന്തയിലേക്ക് പറിച്ചുനട്ടു... എന്നാൽ, ബിസിനസിൽ വെച്ചടി കയറ്റമുണ്ടായതോടെ സംഗീതം പഠിക്കണമെന്ന സാദിഖിൻെറ മോഹത്തിന് ബാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ, മെഹബൂബ് മെമ്മോറിയൽ ഓ൪ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈൻ വഴി ബൽറാം മാസറ്ററിനുകീഴിൽ എട്ടു വ൪ഷം തബല അഭ്യസിച്ചു.
തബല പെരുക്കങ്ങളിൽ ആറാടി നടക്കുമ്പോഴാണ് ദൂരദ൪ശനിൽ ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തിൽനിന്ന് ക൪ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്നു തോന്നി. ഉടനെ, കിട്ടാവുന്ന പുസ്തകങ്ങൾ വരുത്തി സംഗീതത്തെയും സംഗീതജ്ഞരെയും വായിച്ചറിഞ്ഞു. അപ്പോഴും മാസ്റ്ററെ നേരിൽകാണാനുള്ള ആഗ്രഹം ഉൾഭയത്താൽ മാറ്റിവെച്ചു. പിന്നെയൊരു ദിവസം എന്തുംവരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച് ദേവരാജൻ മാസ്റ്റ൪ക്ക് സാദിഖ് ഫോൺ ചെയ്തു.
അങ്ങത്തേലക്കൽ ദേവരാജൻ മാസ്റ്ററാണ്. സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീതസ്വരം മാത്രമാണ് മാസ്റ്റ൪ക്ക്. ഒന്നു കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ, എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാൽ മതി, ആ കാലു തൊട്ടൊന്നു വന്ദിക്കാൻ മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കിൽ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷംപോലും പാഴാക്കിയില്ല. വെളുപ്പിന് ആറിന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി. അവിടെച്ചെന്ന് മാഷിൻെറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാൻ ഞാൻ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ചുകൊണ്ടിരുന്ന ദേവരാജൻ മാസ്റ്റ൪ പെട്ടന്നൊരു ചോദ്യം ‘താൻ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ടു പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവൻ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാൻ തയാറാകുമെന്നും നല്ലെ്ളാരു ഗുരുവിനെ കണ്ടെത്തണമെന്നുമുള്ള ഉപദേശവും പിന്നാലെയെത്തി. എങ്കിൽ മാഷിനുതന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോൾ തൻെറ ഉദ്ദേശ്യം ഇതാണല്ലേ എന്ന് പറഞ്ഞ മാഷ് താൻ ആ൪ക്കും സംഗീതം പഠിപ്പിക്കാറില്ലെന്നുകൂടി വ്യക്തമാക്കി. നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിഖ് തൻെറ ഫോൺനമ്പ൪ അദ്ദേഹത്തിൻെറ ഡയറിയിൽ കുറിച്ചിട്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ സാദിഖിനൊരു വിളിയെത്തി, ദേവരാജൻ മാസ്റ്ററാണ്.
‘16ന് വിദ്യാരംഭമാണ്. ഉള്ള അറിവുവെച്ച് വിദ്യാരംഭം കുറിച്ചുതരാം, തുട൪ന്ന് വിജയരാജൻ മാഷ് പഠിപ്പിക്കും. ഉടനെ തൃശൂരിലുള്ള പരിചയക്കാരനായ വക്കീലിൻെറ വീട്ടിലെത്തണം’ എന്ന് അദ്ദേഹം പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിഖ് കേട്ടത്. ചെന്നുകയറുമ്പോൾ ദേവരാജൻ മാസ്റ്റ൪ പൂമുഖത്തുണ്ട്. കടുത്തനിറമുള്ള ഷ൪ട്ടിട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിൻെറ വെള്ള ഷ൪ട്ട് നൽകി വസ്ത്രം മാറി വരാൻ ആജ്ഞാപിച്ചു.
101 രൂപ ദക്ഷിണ വെച്ചപ്പോൾ 100 രൂപ എടുത്തുമാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് പറഞ്ഞു അദ്ദേഹം. അങ്ങനെ ഒറ്റരൂപയിൽ സംഗീത പഠനത്തിന് തുടക്കംകുറിച്ചു. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിൻെറ വീട്ടിൽ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ, സാദിഖ് എത്താത്ത ദിവസങ്ങളിൽ വീട്ടിലേക്ക് അദ്ദേഹത്തിൻെറ ഫോൺവിളിയെത്തിത്തുടങ്ങി. അങ്ങനെ, മുരടനെന്ന് എല്ലാവരും ഭയപ്പെട്ടിരുന്ന ദേവരാജൻ മാസ്റ്ററുടെ സ്നേഹത്തണലിൽ ഒരു നിഴൽപോലെയായി സാദിഖിൻെറ ജീവിതം.
വിവാഹശേഷം, മകൻപിറന്ന സമയത്ത് കുറച്ചുകാലം പഠനത്തിന് ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരുദിവസം സാദിഖിന് ഒരു ഫോൺവിളിയെത്തി . മറുപുറത്ത് മാസ്റ്ററായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം, അതുകൊണ്ട് ഇവിടെയെത്തി’ എന്ന് നിഷേധസ്വരത്തിലൊരു ആവശ്യപ്പെടൽ. എറണാകുളത്തെത്തിയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആ വിളി. കടൽ പേടിയായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് കുഞ്ഞിനെയുംകൊണ്ട് മാസ്റ്ററെ തേടിച്ചെന്ന സാദിഖിന് ഒരു കടലാസുതുണ്ട് അദ്ദേഹം കൈമാറി. പെൺകുഞ്ഞിനും ആൺകുഞ്ഞിനും ഇടാവുന്ന ഓരോ പേരാണ് അതിൽ. യാത്രക്കിടെ ഏതോ പുസ്തകശാലയിൽനിന്ന് മുസ്ലിംപേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതിൽനിന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. സാദിഖിൻെറ ബാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കിൽ ഈ പേരിടണമെന്നായിരുന്നു ആവശ്യം. അങ്ങനെ, മൂത്തമകൻ തൻവീ൪ ഖുറൈഷി, ദേവരാജൻ മാസ്റ്ററിൻെറ സുൽത്താനായി. പിന്നീട് മകളുണ്ടായപ്പോൾ അദ്ദേഹം എഴുതിനൽകിയ പേരുതന്നെ ഇട്ടു- പ൪വീൻ സുൽത്താന. ഇരുവരുമിപ്പോൾ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബൽക്കീസ്.
ആറുവ൪ഷം മുമ്പ് ദേവരാജൻ മാസ്റ്റ൪ മരിക്കുന്നതുവരെ അദ്ദേഹത്തിൽനിന്ന് സംഗീതം അഭ്യസിക്കാനായത് ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വ൪ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളിൽ പണംവാങ്ങി പാടാൻ പോകുന്നത് അദ്ദേഹം വിലക്കിയിരുന്നു. സംഗീത വഴിയിലെ ദേവരാജൻ മാസ്റ്ററുടെ 75ാം വാ൪ഷികാഘോഷത്തിൽ കൊച്ചിയിലെ കായൽക്കരയിൽ സാദിഖ് അദ്ദേഹത്തിനുമുന്നിൽത്തന്നെ അരങ്ങേറി. പിന്നെ, ഒരുപാട് വേദികളിൽ സാദിഖിൻെറ മാസ്മരിക സംഗീതം ഒഴുകിയിറങ്ങി. ഗുരുവിനോടുള്ള ആദരവുനിമിത്തം രൂപംകൊടുത്ത ദേവതാരു ഫൗണ്ടേഷൻ ഇപ്പോൾ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. ഇന്ത്യക്ക് അകത്തുംപുറത്തുമായി ഫൗണ്ടേഷൻ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.