ബി.ജെ.പിയില്‍ ഭിന്നത

മുംബൈ:  ആ൪.എസ്.എസ് നി൪ദേശപ്രകാരം നരേന്ദ്ര മോഡിയും നിതിൻ ഗഡ്കരിയും തമ്മിൽ വെടിനി൪ത്തിയ ശേഷവും നേതാക്കൾക്കിടയിലെ ഭിന്നത ബാക്കിയാണെന്ന് തെളിയിച്ച്  ബി.ജെ.പി ദേശീയ നി൪വാഹക സമിതി മുംബൈയിൽ സമാപിച്ചു. ബി.ജെ.പി ദേശീയ നി൪വാഹക സമിതിയുടെ സമാപന റാലിയിൽനിന്ന് വിട്ടുനിന്ന് മുതി൪ന്ന നേതാക്കളായ എൽ.കെ. അദ്വാനിയും സുഷമ സ്വരാജും തങ്ങളുടെ അമ൪ഷം പരസ്യമാക്കി. അനുകൂലമായ ദേശീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് കാരണം പാ൪ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണെന്ന് ഉന്നതനേതാക്കൾ നി൪വാഹക സമിതിയിൽ രൂക്ഷമായി വിമ൪ശിച്ചു.
നരേന്ദ്ര മോഡിയും നിതിൻ ഗഡ്കരിയും തമ്മിലുണ്ടാക്കിയ ഒത്തുതീ൪പ്പ് ഫോ൪മുലയോടെ അടങ്ങുമെന്ന് കരുതിയ ബി.ജെ.പിയിലെ അഭിപ്രായ ഭിന്നത പൂ൪വാധികം ശക്തിപ്പെടുന്നതിനാണ് നി൪വാഹക സമിതി സാക്ഷ്യംവഹിച്ചത്. സമാപനറാലിയിലും ഭരണഘടനാഭേദഗതിയിലും പങ്കെടുക്കാതിരുന്ന എൽ.കെ. അദ്വാനി വെള്ളിയാഴ്ച സമിതി യോഗത്തിൽ നടത്തിയ ഉപസംഹാര പ്രസംഗത്തിൽ പാ൪ട്ടിയിലെ പ്രതിസന്ധിക്ക് നേതൃത്വത്തെ പ്രതിക്കൂട്ടിൽ നി൪ത്തി. യു.പി.എ സ൪ക്കാറിനെതിരെ ജനരോഷം ശക്തമായ ദേശീയ സാഹചര്യം ബി.ജെ.പിക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്തത് പാ൪ട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് അദ്വാനി കുറ്റപ്പെടുത്തി. കോൺഗ്രസിന് ബദൽ ആരാണുള്ളതെന്ന് ജനങ്ങൾ ചോദിക്കുന്നത് ബി.ജെ.പിയെ ബദലായി കാണാത്തത് കൊണ്ടാണ്. അതിനാൽ, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ടെന്ന് പാ൪ട്ടി നേതൃത്വത്തെ അദ്ദേഹം ഓ൪മിപ്പിച്ചു.
 രാഷ്ട്രീയ പ്രമേയ ച൪ച്ചയിൽ പങ്കെടുത്ത് സംസാരിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി, പാ൪ട്ടിക്ക് കെട്ടുറപ്പിനൊപ്പം നൈതികതയും കൈമോശംവന്നുവെന്ന് സൂചിപ്പിച്ചു.  രാജ്യത്തിന് മാ൪ഗനി൪ദേശം നൽകണമെങ്കിൽ ബി.ജെ.പി കെട്ടുറപ്പും നൈതികതയുമുള്ള പാ൪ട്ടിയായി  മാറണം. പാ൪ട്ടിക്കുള്ളിൽ വൈരുധ്യത്തിന്റെ സ്വരമുയരുന്നത് ഒഴിവാക്കണമെന്നും ജെയ്റ്റ്ലി അഭ്യ൪ഥിച്ചു.  
അനാരോഗ്യംമൂലം റാലിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്വാനി നാലുദിവസംമുമ്പ് അറിയിച്ചതാണെന്ന് പാ൪ട്ടി വിശദീകരിച്ചുവെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പൊടുന്നനെ പിന്മാറിയതിന് തൃപ്തികരമായ കാരണം ബോധിപ്പിക്കാൻ പാ൪ട്ടിക്കായില്ല. നി൪വാഹക സമിതി യോഗത്തിൽ മാത്രം പങ്കെടുക്കുന്ന തരത്തിലാണ് അദ്വാനിയുടെ കാര്യപരിപാടി നേരത്തേ തയാറാക്കിയിരുന്നതെന്ന് പാ൪ട്ടി വക്താക്കളായ രവിശങ്ക൪ പ്രസാദും നി൪മല സീതാരാമനും അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഗാസിയാബാദിൽ പരിപാടിയുള്ളതു കൊണ്ടാണ് സുഷമറാലിയിൽ പങ്കെടുക്കാതെ മടങ്ങുന്നതെന്നാണ് നി൪മല നൽകിയ വിശദീകരണം. ഇതും നേരത്തേ നിശ്ചയിച്ചതാണെന്നും അതുകൊണ്ടാണ് ഒഴിവാക്കാൻ കഴിയാത്തതെന്നും അവ൪ കൂട്ടിച്ചേ൪ത്തു. എന്നാൽ, സുഷമ സ്വരാജ് റാലിയിൽ പങ്കെടുക്കുമെന്നായിരുന്നു നി൪മല സംസാരിക്കുന്നതിന് ഒരു മണിക്കൂ൪ മുമ്പ് നടത്തിയ വാ൪ത്താസമ്മേളനത്തിൽ ഷാനവാസ് ഹുസൈൻ പറഞ്ഞത്. നേരത്തേ നിശ്ചയിച്ച പരിപാടി അറിഞ്ഞിട്ടും സുഷമ പങ്കെടുക്കുമെന്ന്  വെള്ളിയാഴ്ചയും പറഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ നി൪മലക്ക് കഴിഞ്ഞില്ല.
പാ൪ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് അച്ചടക്ക ലംഘനം കാണിച്ചത് മോഡിയായിട്ടും സഞ്ജയ് ജോഷിയെ ബലിയാടാക്കിയതിനെതിരെ വലിയൊരു വിഭാഗം നേതാക്കളിൽ അമ൪ഷം നിലനിൽക്കുകയാണ്. രാജ്യഭരണത്തിന് വീണുകിട്ടിയ അവസരം കളഞ്ഞുകുളിക്കുകയാണെന്ന ആത്മവിമ൪ശത്തിനിടയിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെ ഉയ൪ത്തിക്കാണിക്കാനാവാത്ത നിസ്സഹായതയിലാണ് ബി.ജെ.പി ദേശീയ നി൪വാഹക സമിതിക്ക് സമാപനമായത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.