വി.എസ് അനുകൂലികളുടെ രഹസ്യയോഗം ഇന്ന് മലപ്പുറത്ത്

മലപ്പുറം: സി.പി.എം സംസ്ഥാന നേതൃത്വത്തെ തള്ളിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റിക്ക് വി.എസ്. അച്യുതാനന്ദൻ കത്തയച്ച സാഹചര്യത്തിൽ വി.എസ് അനുകൂലികൾ ബുധനാഴ്ച മലപ്പുറത്ത് രഹസ്യയോഗം ചേരും. ഇടതുപക്ഷ ഏകോപന സമിതിയും ചെഗ്വരേയുടെ പേരിലുള്ള സന്നദ്ധ സംഘടനകളും മാ൪ക്സിസ്റ്റ് പാ൪ട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞവരും പുറത്താക്കപ്പെട്ടവരും യോഗത്തിൽ സംബന്ധിക്കും. ബുധനാഴ്ച മലപ്പുറത്ത് കൊലപാതക-ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ സാംസ്കാരിക പ്രതിരോധം എന്ന പേരിൽ ടൗൺഹാൾ പരിസരത്ത് രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുന്നുണ്ട്. ഇതിൽ പങ്കെടുക്കാനെത്തുന്ന വി.എസ് പക്ഷക്കാരുടെ നേതൃനിരയാണ് രഹസ്യയോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്. ഇടതു ഏകോപന സമിതി നേതാവ് എം.ആ൪. മുരളി, അഡ്വ. പി. കുമാരൻകുട്ടി, അധിനിവേശ പ്രതിരോധ സമിതി നേതാവ് വി.പി. വാസുദേവൻ, ചെഗ്വെരേ കൾച്ചറൽ ഫോറം പ്രസിഡന്റ് വി.പി. മുഹമ്മദ് സാലിഹ് തുടങ്ങിയവ൪ യോഗത്തിൽ സംബന്ധിക്കുമെന്നാണ് സൂചന.
അതിനിടെ, അരീക്കോടിനടുത്ത കാവനൂരിൽ സി.പി.എമ്മിൽനിന്ന് ഇടഞ്ഞുനിൽക്കുന്ന ഒരുവിഭാഗം രഹസ്യയോഗം ചേരുകയും മേയ് 31ന് ഭാവിപരിപാടികൾ തീരുമാനിക്കാൻ കൺവെൻഷൻ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ വിവിധ തലങ്ങളിൽ നേതാക്കളുടെ ഏകാധിപത്യ പ്രവണതയിൽ മനംമടുത്തവരാണ് വിമത പക്ഷത്ത് ഒത്തുകൂടിയത്. കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയതിനു ശേഷം അച്യുതാനന്ദൻ തുടരുന്ന മൗനം ഈ വിഭാഗത്തെ നിരാശയിലാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.