ലണ്ടൻ: അന്യഗ്രഹങ്ങൾ ഭൂമിയിൽവന്നു പതിക്കുമെന്ന ശാസ്ത്ര നിഗമനം യാഥാ൪ഥ്യമാകുമോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള മറുപടി. ഒന്നരലക്ഷം ടൺ ഭാരമുള്ള ഒരു ക്ഷുദ്രഗ്രഹം ഭൂമിയോടടുക്കുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞ൪ പറയുന്നു. ഡി.എ14 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്ഷുദ്രഗ്രഹം അടുത്തവ൪ഷം ഫെബ്രുവരിയോടെ ഭൂമിയോടടുക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. സ്പെയിനിലെ ലാ സാഗ്ര വാനനിരീക്ഷണാലയത്തിൽനിന്ന് ലഭിച്ച വിവരങ്ങളെ അപഗ്രഥിച്ചാണ് ഇവ൪ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേ൪ന്നിരിക്കുന്നത്. ഈ ഗ്രഹം ഭൂമിയോടടുക്കുന്നതോടെ ഉപഗ്രഹ സംവേദന സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ, ഈ ഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത കേവലം 0.031ശതമാനമാണത്രേ. ഡി.എ14ൻെറ സഞ്ചാര പാതയെക്കുറിച്ചുള്ള പ്രാഥമിക വിവരം വെച്ചാണ് ഈ നിഗമനം. ഇത് ഭൂമിയുടേതിന് ഏറക്കുറെ സമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൻെറ പരിക്രമണപഥം കൃത്യമായി നി൪ണയിക്കാൻ നാസയിലെ ഒരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞ൪ ശ്രമിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കുന്നതോടെ ഗ്രഹം ഭൂമിക്ക് എത്രമാത്രം അടുത്തുവരുമെന്ന് നി൪ണയിക്കാനാകും. അടുത്ത ഫെബ്രുവരിക്ക് മുമ്പായി തന്നെ ഇത് കണ്ടെത്താനാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച്് ഡെയ്ലി മെയിൽ റിപ്പോ൪ട്ട് ചെയ്തു. ഇപ്പോൾ ലഭിച്ച വിവരമനുസരിച്ച് ഭൂമിക്ക് 21,000 മൈൽ അടുത്തുവരെ ഈ ഗ്രഹമെത്താം. ഭൂമിയിൽ ഉപഗ്രഹ സംവേദന തകരാറടക്കമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ അകലം മതിയാകും.
ഇനി ശാസ്ത്രകഥകളിൽ പറയുംപോലെ ഭൂമിയിൽ ഗ്രഹം വന്നിടിച്ചാൽ, 1908ൽ തുങ്കുഷ്കയിൽ ഉൽക്ക പതിച്ചതിന് സമാനമായ ദുരന്തമായിരിക്കും സംഭവിക്കുക. തുങ്കുഷ്ക ദുരന്തത്തിൽ ആയിരത്തിലേറെ ഏക്ക൪ വനമാണ് ഉൽക്കാപതനത്തിൽ നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.