രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് പിന്തുണ -കരുണാനിധി; നിലപാട് സ്വീകരിച്ചിട്ടില്ല -ജയലളിത

ചെന്നൈ: പ്രണബ് മുഖ൪ജി രാഷ്ട്രപതി സ്ഥാനാ൪ഥിയായാൽ പിന്തുണക്കാൻ മടിക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. പ്രണബിനെ 1969ൽ ചെന്നൈയിലേക്ക് കൊണ്ടുവന്ന് സംസ്ഥാന സ്വയംഭരണ മഹാസമ്മേളനം നടത്തിയയാളാണ് താനെന്നും ഗോപാലപുരത്തെ വസതിയിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനാ൪ഥിയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് കരുണാനിധി കൂട്ടിച്ചേ൪ത്തു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ റിപ്പോ൪ട്ട് സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം താൻ നേരത്തേ മുതൽ പറഞ്ഞുവരുന്നതാണെന്ന് അദ്ദേഹം മറുപടി നൽകി. റിപ്പോ൪ട്ട് തമിഴ്നാടിൻെറ വിജയമാണെന്ന് പറയാനാവില്ല. മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കേരളവും തമിഴ്നാടുമായി യുദ്ധമൊന്നും നടന്നിട്ടില്ല. അതിനാൽ, ജയത്തിൻെറയും തോൽവിയുടെയും പ്രശ്നമുദിക്കുന്നില്ല. തമിഴ്നാടിന് നേരത്തേയുള്ള അവകാശം സംരക്ഷിക്കുന്നുവെന്ന് മാത്രം -കരുണാനിധി പറഞ്ഞു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പാ൪ട്ടി ജനറൽ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത അറിയിച്ചു. രാഷ്ട്രപതി സ്ഥാനാ൪ഥിയെ തീരുമാനിക്കുന്നതിന് താനുമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.