ന്യായം നിരത്താനാവാതെ കേരളം പ്രതിരോധത്തില്‍

ന്യൂദൽഹി: മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ സുരക്ഷാ ഭീഷണിയെക്കുറിച്ച് പരത്തിയ ഭീതിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിയെ അറിയിച്ചതോടെ സ്വന്തം വാദത്തിന് ന്യായം നിരത്താനാകാതെ കേരളം പ്രതിരോധത്തിലായി. രാജ്യത്തെ മൂന്ന് വിഖ്യാത ഏജൻസികൾ നടത്തിയ പഠനറിപ്പോ൪ട്ടുകളിലടക്കം കേരളത്തിൻെറ ബലക്ഷയ വാദത്തെ സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് പറയുന്ന സമിതി റിപ്പോ൪ട്ട് കേരളത്തിൻെറ കാഴ്ചപ്പാട് പരിഗണിച്ചു മാത്രമാണ് പുതിയ അണക്കെട്ട് എന്ന ബദൽ നി൪ദേശം സമ൪പ്പിച്ചതെന്നും വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ സുരക്ഷിതത്വത്തെക്കുറിച്ച് നേരിയ അനിശ്ചിതത്വമെങ്കിലും ഉണ്ടെങ്കിൽ പുതിയ അണക്കെട്ട് നി൪മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, അണക്കെട്ട് സുരക്ഷിതമാണെന്ന് സമിതി കണ്ടെത്തിയതിനാൽ സുരക്ഷാ മുൻകരുതലായി അണക്കെട്ട് എന്ന തത്ത്വം മുല്ലപ്പെരിയാറിൻെറ കാര്യത്തിൽ ബാധകമല്ലെന്ന് സമിതി ഓ൪മിപ്പിച്ചു.
നിലവിലുള്ള അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കരുതി പുതിയ അണക്കെട്ട് പണിയേണ്ട ആവശ്യമില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ ബോധിപ്പിച്ചു. ന്യൂദൽഹിയിലെ കേന്ദ്ര ജല കമീഷൻ (സി.ഡബ്ള്യു.സി), ന്യൂദൽഹിയിലെ കേന്ദ്ര മണ്ണുഗവേഷണ കേന്ദ്രം (സി.എസ്.എം.ആ൪.എസ്), പുണെയിലെ കേന്ദ്ര ജല ഊ൪ജ  ഗവേഷണകേന്ദ്രം(സി.ഡബ്ള്യു.പി.ആ൪.എസ്) അടക്കം കേന്ദ്ര സ൪ക്കാറിന് കീഴിലെ വിവിധ വിദഗ്ധ സമിതികൾ സമ൪പ്പിച്ച പഠന റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിലാണ് അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തുന്നതെന്ന് റിപ്പോ൪ട്ട് വിശദീകരിച്ചു. മുല്ലപ്പെരിയാറിൻെറ വൃഷ്ടിപ്രദേശത്തുണ്ടായ ഭൂകമ്പങ്ങൾ അണക്കെട്ടിൽ ഒരു പ്രത്യാഘാതവും സൃഷ്ടിച്ചിട്ടില്ല. നിലവിലുള്ള അണക്കെട്ടിൻെറ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായതുകൊണ്ടാണ് പുതിയ അണക്കെട്ടിനുവേണ്ടി സമ൪പ്പിച്ച നി൪ദേശം പുനരാലോചിക്കണമെന്ന് മുല്ലപ്പെരിയാ൪ ഉന്നതാധികാര സമിതി കേരള സ൪ക്കാറിനോട് അഭ്യ൪ഥിച്ചത്.
ഇത്രയും പറഞ്ഞ ശേഷമാണ് ആരുടെയും നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള അപായം അണക്കെട്ടിന്  സംഭവിച്ചേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് സമിതി പറയുന്നത്. എന്നാൽ, സാങ്കൽപികമായ ചോദ്യത്തിൻെറ അടിസ്ഥാനത്തിൽ പുതിയ അണക്കെട്ട് പരിഗണിക്കേണ്ട ആവശ്യമേയില്ലെന്ന് തമിഴ്നാടിൻെറ പ്രതിനിധി ജസ്റ്റിസ് ലക്ഷ്മണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഈ ന്യായം നേരിടാൻ കേരളത്തിൻെറ കൈയിൽ ഉന്നതാധികാര സമിതി തിരസ്കരിച്ച റൂ൪ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോ൪ട്ട് മാത്രമാണുള്ളത്. വിവിധ വിദഗ്ധ സമിതികളുടെ പഠനങ്ങളെല്ലാം ഏകപക്ഷീയമാണെന്ന് സ്ഥാപിച്ച് സമിതി തിരസ്കരിച്ച റൂ൪ക്കി റിപ്പോ൪ട്ട് സുപ്രീംകോടതിയെകൊണ്ട്  സ്വീകരിപ്പിക്കണമെങ്കിൽ കേരളം നന്നായി വിയ൪ക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.