മസ്കത്തിലെ ഇരട്ട പെണ്‍കുട്ടികള്‍ ചെന്നൈയില്‍ സംഗീത കച്ചേരിയൊരുക്കുന്നു

മസ്കത്തിൽ ജനിച്ചുവള൪ന്ന മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പൂ൪വവിദ്യാ൪ഥിനികളായ ഇരട്ടകുട്ടികൾ ചെന്നൈയിലെ സംഗീത സാമ്രാട്ടുകൾക്ക് മുന്നിൽ സംഗീതകച്ചേരിയൊരുക്കുന്നു. മസ്കത്തിൽ ജനിച്ചുവള൪ന്ന ശ്രുതിയും, സഹനയുമാണ് മൈലപ്പൂരിലെ ഭാരതീയ വിദ്യാഭവനിൽ ഈമാസം ആറിന് കച്ചേരിയൊരുക്കുന്നത്. ടവൽഗ്രൂപ്പ് കൺട്രോള൪ രാമൻ കുമാരൻെറ ഗോമതിയുടെയും മക്കളാണ് 18 വയസുകാരായ ഇരട്ടകൾ. ആറാംവയസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഇവ൪ കുഞ്ഞുനാളിൽ മസ്കത്തിലെ വിവിധ വേദികളിൽ തങ്ങളുടെ സംഗീതപ്രതിഭയുടെ മാറ്റ് തെളിയിച്ചിട്ടുണ്ട്. മസ്കത്തിലെ സുധാ രഘുനാഥിൽ നിന്ന് സംഗീതത്തിൻെറ ആദ്യപാഠങ്ങൾ പഠിച്ച ഇരുവരും ബോംബെ ജയശ്രീ അടക്കമുള്ളവരുടെ കീഴിൽ പിന്നീട് സംഗീതം അഭ്യസിച്ചു. ഇന്ത്യയിലെ നിരവധി ടി.വി.ചാനലുകളിൽ പാടിയുള്ള ശ്രുതിയും സഹനയും ചെന്നൈയിലെ ഏറ്റവും പ്രൗഢമായ വേദിയിലാണ് ഇപ്പോൾ കച്ചേരിയൊരുക്കുന്നതെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. പത്മഭൂഷൻ നേടിയ സംഗീതാചാര്യൻ പി. നാരായണ സ്വാമിയാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുക. വയലിൻ വിദ്വാൻ വി.വി. സുബ്രഹ്മണ്യൻ, സംഗീതവിദ്വാൻ പ്രഫ. എസ്.ആ൪. ജാനകി രാമൻ എന്നിവരും അതിഥികളായി കച്ചേരി ആസ്വദിക്കാനെത്തും. മസ്കത്തിലെ ഇവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കച്ചേരി ആസ്വദിക്കാനായി http://www.ommusic.org/muscatsisters എന്ന വെബ്സൈറ്റിൽ ആറിന് വൈകുന്നേരം നാലുമുതൽ പ്രകടനത്തിൻെറ വെബ്കാസ്റ്റിങും നടത്തുന്നുണ്ട്. കാറിൽ സഞ്ചരിക്കുമ്പോൾ ക൪ണാടക സംഗീതം മാത്രം ആസ്വദിക്കുന്ന തൻെറ മാതാപിതാക്കളാണ് ജനിക്കുന്നതിന് മുമ്പേ ഞങ്ങളിൽ സംഗീതാഭിനിവേശം സമ്മാനിച്ചതെന്ന് ശ്രുതിയും സഹനയും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.