കോട്ടയം: ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്ന കേസിൻെറ വിധി പറയുന്നത് ഏപ്രിൽ 30ലേക്ക് മാറ്റി. അവധിക്കാലത്ത് വിധി പുറപ്പെടുവിക്കാൻ ഹൈകോടതിയുടെ പ്രത്യേക അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച കേസ് പരിഗണിച്ച കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി. ശങ്കരനുണ്ണി കേസ് മാറ്റിവെക്കുകയായിരുന്നു. 2009 നവംബ൪ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തിടനാട് ചേറ്റുതോട്ടിൽ വാടകക്ക് താമസിച്ചിരുന്ന മൂന്നിലവ് കോണിപ്പാട് നടുതൊട്ടിൽ ജോസിൻെറ (50) ഭാര്യ ലൗലി (42), ഇളയമകൾ മനുമോൾ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുന്ന ജോസ് വീടിനുസമീപത്തെ കൈത്തോട്ടിൽ ഇളയമകൾ മനുമോളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയും ഭാര്യ ലൗലിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. തൂങ്ങിമരണമാണെന്ന് വരുത്താൻ സമീപത്തെ പഞ്ഞിമരത്തിൽ മൃതദേഹം കെട്ടിത്തൂക്കാനും ശ്രമിച്ചിരുന്നു.മൂന്നുദിവസം കഴിഞ്ഞ് നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകങ്ങൾക്ക് ഏതാനും മണിക്കൂറുകൾക്കുമുമ്പ് ഇരുവരെയും കാണാനില്ലെന്ന് ജോസ് പരിസരവാസികളോട് പറഞ്ഞിരുന്നു. ഇത് പൊലീസ് അന്വേഷിച്ചതോടെ ജോസ് മുങ്ങുകയായിരുന്നു. തിടനാട് പൊലീസ് രജിസ്റ്റ൪ ചെയ്ത കേസ് ഈരാറ്റുപേട്ട സി.ഐയായിരുന്ന ജോസ് സാജുവാണ് അന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയപരിശോധനകളുമാണ് കോടതി പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ എൻ.ഗോപാലകൃഷ്ണനും പ്രതിക്കുവേണ്ടി അഡ്വ. കെ.ആ൪. സുരേന്ദ്രനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.