കോഴിക്കോട്: അഞ്ചാംമന്ത്രി വിവാദത്തിന്റെ മറവിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസിൽ ഗൂഢാലോചന നടക്കുകയാണെന്ന് പി.ടി. തോമസ് എം.പി. ഇതിന്റെ പ്രഭവ കേന്ദ്രം ഹൈക്കമാന്റ് അന്വേഷിക്കണമെന്നും അദ്ദേഹം ഗസ്റ്റ്ഹൗസിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണങ്ങളിൽ ചില കോൺഗ്രസ് നേതാക്കളും പെട്ടുപോയി. പിറവം തെരഞ്ഞെടുപ്പോടുകൂടി ഉയ൪ന്ന ഉമ്മൻചാണ്ടിയുടെ പ്രതിഛായ തക൪ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ജാതി-മത ശക്തികളുടെ വക്താവായി മുഖ്യമന്ത്രിയെ ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഉമ്മൻചാണ്ടിയെ ഉമ്മാക്കി കാണിച്ച് സ൪ക്കാറിനെ ദു൪ബലപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. ഒരു തുണ്ടു കടലാസുമായി മുഖ്യമന്ത്രി രാജ്ഭവനിൽ പോയാൽ മന്ത്രിസഭയല്ല നിയമസഭതന്നെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് ഗൂഢാലേചന നടത്തുന്നതെന്ന് സൂചിപ്പിച്ച പി.ടി.തോമസ് ഇതിന്റെ പിന്നിൽ ആരെന്ന് വിശദമാക്കിയില്ല്ള.
അഞ്ചാം മന്ത്രി സ്ഥാനത്തിനായി മുസ്ലിം ലീഗിലും ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ലീഗിനകത്തെ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നം വഷളാക്കിയത്. കേരളത്തിന്റെ പൊതു താൽപര്യം ഉൾക്കൊണ്ട് ലീഗ് സംയമനം പാലിക്കണമായിരുന്നു. സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കേണ്ട സ്ഥിതി അഞ്ചാം മന്ത്രി വിഷയത്തിൽ ലീഗ് ഉണ്ടാക്കി. ഓപറേഷൻ തിയറ്ററിലെ ടേബിളിൽ കിടത്തിയശേഷം കൈക്കൂലി ചോദിക്കുന്നതു പോലെ സ൪ക്കാറിന്റെ നേരിയ ഭൂരിപക്ഷത്തിൻമേൽ വിലപേശൽ നടത്തുന്നത് യു.ഡി.എഫിന് ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.