സ്കൂള്‍ ബസ് നിയന്ത്രണംവിട്ടു; അധ്യാപകരെ തടഞ്ഞുവെച്ചു

വെഞ്ഞാറമൂട്: നിറയെ കുട്ടികളുമായി യാത്രതിരിച്ച സ്കൂൾബസ് നിയന്ത്രണംവിട്ട് റബ൪മരത്തിലിടിച്ചുനിന്നു. ഡ്രൈവ൪ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാ൪ അധ്യാപകരെ തടഞ്ഞുവെച്ചു. വാമനപുരം എസ്.കെ.വി. എൽ.പി.എസ് (നോബിൾ സ്കൂൾ) വക ബസാണ് നിയന്ത്രണംവിട്ട് റബ൪ മരത്തിലിടിച്ച് നിന്നത്. മുൻവശം തക൪ന്ന ബസിൽ കാൽ കുടുങ്ങിയ ഡ്രൈവ൪ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ സ്വദേശി രാധാകൃഷ്ണ(55) നെ ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയ൪ഫോഴ്സ് സംഘം ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ നാലാംക്ളാസ് വിദ്യാ൪ഥി ഇജാസ്മുഹമ്മദ് (ഒമ്പത്), രണ്ടാംക്ളാസ് വിദ്യാ൪ഥി ശ്രീജിത്ത് (ഏഴ്) എന്നിവരെ ഫയ൪ഫോഴ്സ് ആംബുലൻസിൽ വാമനപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ഫയ൪ഫോഴ്സ് സംഘം പുറത്തെടുത്ത ഡ്രൈവ൪ രാധാകൃഷ്ണൻ ബന്ധുവായ വാമനപുരം കുറുച്ചി സ്വദേശിയായ യുവാവിൻെറ ബൈക്കിൽ കയറി സ്ഥലംവിട്ടതാണ്  നാട്ടുകാരെ ചൊടിപ്പിച്ചത്. ഇയാളെ കൊണ്ടുവരാതെ അധ്യാപകരെ വിട്ടയക്കില്ലെന്ന് പറഞ്ഞ് നാട്ടുകാ൪ അധ്യാപകരെ തടഞ്ഞുവെച്ചു.
തുട൪ന്ന് വെഞ്ഞാറമൂട് എസ്.ഐ യഹിയയും സംഘവും എത്തിയപ്പോൾ നാട്ടുകാ൪ പൊലീസിനുനേരെ തിരിഞ്ഞു. ഇത് സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. ഈ സമയം സ്കൂളിലുണ്ടായിരുന്ന പഞ്ചായത്തംഗം ഭാസി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് അനിതാ മഹേശ്വരൻ, ബ്ളോക്ക് പഞ്ചായത്ത് മെംബ൪ വാമനപുരം രവി, ആനച്ചൽ വാ൪ഡ് മെംബ൪ നബീസത്തുബീവീ, സി.പി. എം നേതാക്കളായ പി. പിനാകി, ആനച്ചൽ തുളസി, ഷൗക്കത്തലി എന്നിവ൪ ചേ൪ന്ന് നാട്ടുകാരെ അനുനയിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന അധ്യാപിക ആബിദ ബോധരഹിതയായി. പരിക്കേറ്റ വിദ്യാ൪ഥികളെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃത൪ വൈകിയെന്ന് നാട്ടുകാ൪ ആരോപിച്ചു. സമീപത്തെ ബന്ധുവുമൊത്ത് മദ്യപിച്ചിരുന്ന ശേഷമാണ് ഡ്രൈവ൪ ജോലിക്കെത്തിയതെന്നും ഇയാൾ സ്ഥിരമായി മദ്യപിച്ചാണ് ബസ് ഓടിക്കുന്നതെന്നും നാട്ടുകാ൪ പറയുന്നു.
ബസ് ഡ്രൈവ൪ക്കെതിരെയും പൊലീസിൻെറ ഡ്യൂട്ടി തടസ്സപ്പെടുത്തിയവ൪ക്കെതിരെയും കേസെടുക്കുമെന്ന് വെഞ്ഞാറമൂട് എസ്.ഐ യഹിയ പറഞ്ഞു. ഡ്രൈവ൪ മദ്യപിച്ചിരുന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്നും ഡ്രൈവ൪ക്കെതിരെ ഇതിന് മുമ്പ് ഒരുതരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും സ്കൂൾ ഹെഡ്മാസ്റ്റ൪ അജിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.