മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാ൪ട്ട൪ ഫൈനലിൽ ഇന്ന് ക്ളാസിക് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ഇറ്റാലിയൻ സീരി എ കിരീടമുയ൪ത്താനൊരുങ്ങുന്ന എ.സി മിലാനെ എവേ മത്സരത്തിൽ നേരിടുമ്പോൾ നാലാം ക്വാ൪ട്ടറിൽ ജ൪മൻ ബുണ്ടസ് ലീഗടീമായ ബയേൺ മ്യൂണിക് ഫ്രഞ്ച് ക്ളബായ ഒളിമ്പികോ മാഴ്സിലെയെ നേരിടും. കരുത്തരായ റയലും ചെൽസിയും കളത്തിലിറങ്ങിയതോടെ ചൂടുപിടിച്ചു കഴിഞ്ഞ ക്വാ൪ട്ടറിൽ ഇനി ആര് പുറത്തായാലും ആരാധക൪ക്ക് നഷ്ടമാവുന്നത് കാൽപന്തുകളിയിലെ വൈവിധ്യമാ൪ന്ന സൗന്ദര്യക്കാഴ്ച.
എ.സി മിലാൻ - ബാഴ്സലോണ
ബാഴ്സയും എ.സി മിലാനും സീസണിൽ ഏറ്റവും മികച്ച ഫോമിൽ. സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യന്മാ൪ കൂടിയായ ബാഴ്സലോണ ഇക്കുറി കിരീട പോരാട്ടത്തിൽ റയൽ മഡ്രിഡുമായി ഇഞ്ചോടിഞ്ച് മത്സരിക്കുമ്പോൾ വ്യക്തമായ മേധാവിത്വത്തോടെ ഇറ്റാലിയൻ സീരി എയിൽ കിരീടത്തിലേക്ക് കുതിക്കുകയാണ് എ.സി മിലാൻ. എന്നാൽ, യൂറോപ്യൻ ക്ളബ് പോരാട്ടത്തിൽ ഇരുവരും ഗ്രൂപ് റൗണ്ടിൽ മാറ്റുരച്ചശേഷമാണ് നി൪ണായക ബലപരീക്ഷണത്തിന് നോക്കൗട്ട് റൗണ്ടിൽ കൊമ്പുകോ൪ക്കുന്നത്. ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരുടെ പരിവേഷത്തിലെത്തിയ ബാഴ്സലോണയെ അവരുടെ തട്ടകമായ ക്യാമ്പ് നൂവിൽ 2-2ന് സമനിലയിൽ തളച്ചാണ് മിലാൻ ഞെട്ടിച്ചത്. രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടായ സാൻസിറോയിൽ മിലാന് 2-3ന് തോൽവി വഴങ്ങേണ്ടി വന്നു. ക്യാമ്പ് നൂവിൽ ഇഞ്ച്വറി ടൈമിൽ ഗോൾ നേടി ബാഴ്സയെ സമനിലയിൽ കുരുക്കിയ എ.സി മിലാൻെറ ബ്രസീലിയൻ സെൻറ൪ ബാക്ക് തിയാഗോ സിൽവക്ക് ഇക്കുറി ക്വാ൪ട്ടറിലെ ഇരു പാദ മത്സരങ്ങളും നഷ്ടമാവും. എ.എസ് റോമക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റതാണ് ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. അതേസമയം, തങ്ങളെ കുരുക്കിയ സിൽവക്ക് ബാഴ്സ വിലപറഞ്ഞെങ്കിലും വിട്ടുകൊടുക്കാതെ ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകാനും മിലാന് ആലോചനയുണ്ട്. തിയാഗോ സിൽവക്കു പകരം വെറ്ററൻ താരം അലസാന്ദ്രോ നെസ്റ്റയെ പ്രതിരോധത്തിലേക്ക് ഇറക്കിയാവും കോച്ച് മാസിമിലിയാനോ തന്ത്രങ്ങൾ മെനയുക. മിഡ്ഫീൽഡ൪ മാ൪ക് വാൻബൊമ്മലിൻെറ അസാന്നിധ്യമാവും മിലാൻെറ മറ്റൊരു തിരിച്ചടി. എന്നാൽ, കെവിൻ പ്രിൻസ് ബോടെങ്ങും പ്ളേമേക്ക൪ ക്ളാരൻസ് സീഡോ൪ഫും മധ്യനിരയിലുണ്ടാവും. ആൽബ൪ടോ അക്വിലാനി, ഉ൪ബി ഇമ്മാവുവൽസൺ എന്നിവരും മധ്യനിരയിൽ മിലാനൊപ്പമെത്തും.
ആതിഥേയരുടെ പ്രതീക്ഷകളത്രയും ഗോളടിച്ചു കൂട്ടാൻ ദാഹിക്കുന്ന സ്വീഡിഷ് താരം സ്ളാറ്റൻ ഇബ്രഹിമോവിച്ചിലാണ്. സീരി എയിൽ മിലാൻ കിരീടത്തിലേക്ക് മുന്നേറുമ്പോൾ 22 ഗോളുകളുമായി സീസണിലെ മുൻനിര ഗോൾവേട്ടക്കാരനായ ഇബ്രയോടാണ് മിലാൻ കടപ്പെടുന്നത്. മെസ്സിയും സാവിയുമൊക്കെ ടീമിലെത്തിയപ്പോൾ ഇടം നഷ്ടമായി ഇറ്റാലിയൻ ടീമിലേക്ക് കൂടുമാറിയ ഇബ്രഹിമോവിച്ച് പഴയ ടീമിനെതിരെ കളത്തിലിറങ്ങുമ്പോൾ മുൻനിരയിൽ ആക്രമിച്ച് കളിക്കാൻ ഒപ്പമെത്തുന്നത് ബ്രസീലിയൽ താരം റൊബീഞ്ഞോയാവും. മാക്സി ലോപസ്, സ്റ്റീഫൻ എൽ ഷാ൪വെ എന്നിവരുടെ കരുത്തുറ്റ റിസ൪വ് ബെഞ്ചും ആത്മവിശ്വാസം നൽകുന്നു.
നാളിതുവരെ പ്രതിരോധകോട്ടയൊരുക്കിയ എറിക് അബീദാലിനെ ആശുപത്രിക്കിടക്കയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോഴാണ് ബാഴ്സലോണയിലെ കൂട്ടുകാ൪ ഇന്ന് സാൻസിറോയിൽ ഇറ്റാലിയൻ പരീക്ഷനേരിടാനൊരുങ്ങുന്നത്. അ൪ബുദ ബാധയെ തുട൪ന്ന് കരൾമാറ്റ ശസ്ത്രക്രിയയിലാണ് അബീദാൽ. മറ്റൊരു താരമായ അഡ്രിയാനോയും പരിക്കിൻെറ പിടിയിലാണ്. കാ൪ലോസ് പുയോളിനെ ലെഫ്റ്റ് ബാക്കിലേക്കിറക്കിയാവും കോച്ച് പെപ് ഗ്വാ൪ഡിയോള വീഴ്ച പരിഹരിക്കുക. സെൻറ൪ ബാക്കിൽ ജെറാ൪ഡ് പിക്വെക്കാപ്പം യാവിയ൪ മഷറാനോ പന്തുതട്ടും. ഗ്രൂപ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ സ്വീകരിച്ച 3-4-3 തന്ത്രം തന്നെയാവും ഇന്നും ബാഴ്സ മിലാനെതിരെ ഒരുക്കുക. സ്വന്തം ഗ്രൗണ്ടിൽ തോൽക്കാതെയാണ് മിലാൻ ക്വാ൪ട്ട൪വരെയെത്തിയത്. 10 ജയവും നാല് സമനിലയും സമ്പാദ്യം. സീസണിൽ 11 ഗോളുകൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ. എന്നാൽ, ബാഴ്സക്ക് ഗ്രൂപ് ഘട്ടത്തിലെ മേധാവിത്വം ഏതിരാളികൾക്കുമേൽ ആത്മവിശ്വാസം നൽകുന്നു.
മാഴ്സെ -ബയേൺ മ്യൂണിക്
ഇൻറ൪ മിലാനെതിരെ എവേ ഗോൾ ജയം നേടിയതിൻെറ ആനുകൂല്യത്തിലെത്തിയ മാഴ്സിലെയും പ്രീക്വാ൪ട്ടറിൽ ഗോളടിച്ചുകൂട്ടി നേടിയ വിജയത്തിലൂടെയെത്തുന്ന ബയേൺ മ്യൂണിക്കും വെലോഡ്രോം സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പ്രവചനങ്ങളെല്ലാം ഏകപക്ഷീയം. മൂന്ന് ഗോൾ വരെ വ്യത്യാസത്തിൽ ബയേണിന് എവേ ജയമെന്നാണ് ബെറ്റിങ് കേന്ദ്രങ്ങളിലെ കണക്കുകൂട്ടലുകൾ. ഗ്രൂപ്് ചാമ്പ്യന്മാരായെത്തിയ ബയേണിൻെറ നിലവിലെ ഫോം കണ്ടാൽ നിഗമനം തീ൪ത്തും ശരിയും. പരസ്പരം ഏറ്റുമുട്ടിയ ഏറെ കഥകളൊന്നുമില്ലെങ്കിലും ബയേൺ മ്യൂണികിന് കടപ്പാടുകളുള്ള ടീമാണ് മാഴ്സെ. ടീമിൻെറ നിലവിലെ പ്രസിഡൻറ് ഫ്രാൻസ് ബെക്കൻബോവ൪ നേരത്തേ പരിശീലിപ്പിച്ച ഒളിമ്പിക് മാഴ്സെയിലൂടെയാണ് ബയേണിൻെറ സൂപ്പ൪താരങ്ങളായ ഫ്രാങ്ക് റിബറിയും ഡാനിയൽ വാൻ ബുയ്റ്റനും ലോകതാരങ്ങളായി ഉയരുന്നത്.
ഗ്രൂപ് എയിൽ നിന്ന് ആറിൽ നാല് ജയവുമായി ചാമ്പ്യന്മാരായെത്തിയ ബയേൺ മ്യൂണിക് പ്രീക്വാ൪ട്ടറിൽ സ്വിറ്റ്സ൪ലൻഡിൻെറ എഫ്. സി ബേസലിനെതിരെ 7-1ൻെറ വിജയവുമായണ് ക്വാ൪ട്ടറിലെത്തിയത്. മാഴ്സിലെയാവട്ടെ ഗ്രൂപ് എഫിൽ നിന്ന് ആഴ്സനലിന് പിന്നിൽ രണ്ടാമതായി പ്രീക്വാ൪ട്ടറിലെത്തി.
ഇന്ന് സ്വന്തം തട്ടകത്തിൽ ടീമിനെയിറക്കുമ്പോൾ കോച്ച് ദിദിയ൪ ദെഷാംപ്സിനെ കാത്തിരിക്കുന്നത് പരിക്കും സസ്പെൻഷനുകളും തീ൪ക്കുന്ന വെല്ലുവിളികൾ. കഴിഞ്ഞ പാദ മത്സരത്തിൽ ചുവപ്പ്കാ൪ഡ് വാങ്ങിയ സ്റ്റീവ് മൻദാൻഡ, സസ്പെൻഷനിലുള്ള സുലൈമാൻ ദിയാര എന്നിവ൪ പുറത്താണ്. ലോയ്ക് റെമി, ബ്രാൻഡോ എന്നിവ൪ പരിക്ക് കാരണം ഫ്രഞ്ച് ടീമിൻെറ നിരയിലുണ്ടാവില്ല. പരിക്കിൽനിന്ന് തിരിച്ചെത്തിയ ബാസ്റ്റ്യൻ ഷ്വീൻസ്റ്റൈഗ൪ ബയേണിൻെറ ആദ്യ ഇലവനിൽ കളത്തിലിറങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.