ഗല്ലെയില്‍ വിക്കറ്റ് മഴ

ഗല്ലെ (ശ്രീലങ്ക): ശ്രീലങ്കയും ഇംഗ്ളണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ ഗതിമാറ്റം. ക്യാപ്റ്റൻ മഹേല ജയവ൪ധനയുടെ (180) തക൪പ്പൻ സെഞ്ച്വറിയിൽ ഒന്നാമിന്നിങ്സിൽ 318 റൺസെടുത്ത ലങ്ക എതിരാളികളെ ഒന്നാമിന്നിങ്സിൽ 193 റൺസിന് പുറത്താക്കി. ആറു വിക്കറ്റ് വീഴ്ത്തിയ രംഗന ഹെറാത്തിൻെറ തക൪പ്പൻ ബൗളിങ്ങാണ് ലങ്കയെ തുണച്ചത്. എന്നാൽ, തങ്ങളുടെ മുഖ്യ സ്പിന്ന൪ ഗ്രേയം സ്വാനിനെ മുൻനി൪ത്തി ഇംഗ്ളണ്ട്  തിരിച്ചടിച്ചതോടെ രണ്ടാമിന്നിങ്സിൽ പാഡുകെട്ടിയിറങ്ങിയ ലങ്കയുടെ തുടക്കം അമ്പേ മോശമായി. രണ്ടാംദിനം സ്റ്റമ്പെടുക്കവേ രണ്ടാമിന്നിങ്സിൽ ആതിഥേയ൪ അഞ്ചു വിക്കറ്റിന് 84 റൺസെന്ന നിലയിലാണ്. 28 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത സ്വാനാണ് ലങ്കയെ കുഴക്കിയത്. എങ്കിലും അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ശ്രീലങ്ക 209 റൺസിന് മുന്നിലാണിപ്പോൾ. രണ്ടാം ദിവസം മാത്രം 17 വിക്കറ്റുകളാണ് ഗല്ലെയിൽ നിലം പൊത്തിയത്.
രണ്ടാമിന്നിങ്സിൽ ഓപണ൪മാരായ ലാഹിറു തിരിമണ്ണെ (6), തിലകരത്നെ ദിൽഷൻ (0) എന്നിവരെ തുടക്കത്തിലെ ലങ്കക്ക് നഷ്ടമായി. അഞ്ചു റൺസെടുത്ത് ജയവ൪ധനെയും മടങ്ങിയതോടെ സ്കോ൪ മൂന്നിന് 14. കുമാ൪ സംഗക്കാര (14), തിലൻസമരവീര (36) എന്നിവരെയും പുറത്താക്കി സ്വാൻ വീണ്ടും ആഘാതമേൽപിച്ചു. 17 റൺസുമായി നിനേശ് ചണ്ഡിമലും രണ്ടു റൺസുമായി സൂരജ് രൺദീപുമാണ് ക്രീസിൽ.
നേരത്തേ, ഇയാൻ ബെൽ (52) ഒഴികെ മറ്റാ൪ക്കും ഇംഗ്ളണ്ട് നിരയിൽ തിളങ്ങാനായില്ല. വാലറ്റത്ത് സ്റ്റുവാ൪ട്ട് ബ്രോഡ് (28), സ്വാൻ (24), ജെയിംസ് ആൻഡേഴ്സൺ (23) എന്നിവ൪ നടത്തിയ ചെറുത്തുനിൽപാണ് സന്ദ൪ശകരെ 193ലെത്തിച്ചത്. 19 ഓവറിൽ 74 റൺസ് വഴങ്ങിയാണ് ഹെറാത്ത് ആറു വിക്കറ്റെടുത്തത്. രൺദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഇംഗ്ളണ്ടിൻെറ ആറുപേ൪ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.
എട്ടു വിക്കറ്റിന് 289 റൺസെന്ന നിലയിൽ രാവിലെ ഒന്നാമിന്നിങ്സ് ബാറ്റിങ് തുട൪ന്ന ലങ്കൻ നിരയിൽ അവസാനക്കാരനായാണ് ജയവ൪ധനെ പുറത്തായത്. 315 പന്ത് നേരിട്ട ക്യാപ്റ്റൻ 22 ഫോറും മൂന്നു സിക്സുമുതി൪ത്തു. 72 റൺസിന് അഞ്ചു വിക്കറ്റെടുത്ത ആൻഡേഴ്സണാണ് ഇംഗ്ളീഷ് ബൗളിങ്ങിൽ മികവുകാട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.