അനൂപിന് ഭക്ഷ്യവകുപ്പുതന്നെ വേണം -ജേക്കബ് വിഭാഗം

കോട്ടയം: അനൂപ് ജേക്കബിനെ എത്രയും വേഗം മന്ത്രിയാക്കണമെന്നും പാ൪ട്ടിക്ക് നേരത്തേ ലഭിച്ച വകുപ്പുകൾ തന്നെ ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. ബുധനാഴ്ച  യു.ഡി.എഫ് യോഗത്തിനുശേഷം മന്ത്രിയുടെ സത്യപ്രതിജ്ഞാ തീയതി അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗതീരുമാനം വിശദീകരിച്ച് ചെയ൪മാൻ ജോണി നെല്ലൂ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിംലീഗിൻെറ അഞ്ചാം മന്ത്രിയെന്ന ആവശ്യം ന്യായമാണ്. അത് അനൂപ് ജേക്കബിൻെറ മന്ത്രിസ്ഥാനവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ടി.എം. ജേക്കബ് മരിച്ച ഒഴിവുനികത്താനുള്ള നടപടി മാത്രമാണ് അനൂപിൻെറ മന്ത്രിസഭാപ്രവേശം. വകുപ്പിൻെറ കാര്യത്തിലും ഇതാണ് മാനദണ്ഡമാക്കേണ്ടത്. പാ൪ട്ടിക്ക് ലഭിച്ച വകുപ്പാണ് ഭക്ഷ്യ-സിവിൽ സപൈ്ളസും രജിസ്ട്രേഷനും. വകുപ്പിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ല. ഇതുസംബന്ധിച്ച ച൪ച്ചക്കുതന്നെ പ്രസക്തിയില്ല. അനൂപ് ജേക്കബിൻെറ പരിചയ സമ്പത്തിൻെറ പേരിൽ വകുപ്പിൻെറ കാര്യം പുനരാലോചിക്കേണ്ടതില്ലെന്നും ജോണി നെല്ലൂ൪ പറഞ്ഞു.32 വയസ്സുള്ള ടി.എം. ജേക്കബ് ’82ൽ ആദ്യം മന്ത്രിയായപ്പോൾ  സങ്കീ൪ണമായ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തത്. 2001ൽ കെ.ബി. ഗണേഷ്കുമാ൪ ആദ്യമായി എം.എൽ.എയും മന്ത്രിയുമായപ്പോൾ ഗതാഗതവകുപ്പാണ് നൽകിയത്.
അനൂപിനെ പാ൪ട്ടി പാ൪ലമെൻററി പാ൪ട്ടി ലീഡറായി യോഗം തെരഞ്ഞെടുത്തതായും ജോണി അറിയിച്ചു. ടി.എം. ജേക്കബായിരുന്നു പാ൪ട്ടി ലീഡ൪, ഇനി ആ പദവി തൽക്കാലം ഇല്ല. പാ൪ട്ടിക്ക് ചെയ൪മാനും വ൪ക്കിങ് ചെയ൪മാനുമുണ്ട്. യൂത്ത് ഫ്രണ്ട് പ്രസിഡൻറുമാത്രമാണ് അനൂപ് ജേക്കബ്.  ടി.എം. ജേക്കബിന് പ്രത്യേകം നൽകിയതായിരുന്നു ലീഡ൪ പദവിയെന്നും ജോണി പറഞ്ഞു.
അനൂപ് ജേക്കബിൻെറ വകുപ്പിനെപ്പറ്റി അഭിപ്രായം പറയാൻ പി.സി. ജോ൪ജിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്  ജോണി നെല്ലൂ൪ പറഞ്ഞു. സിവിൽ സപൈ്ളസ് വകുപ്പ് അനൂപിന് നൽകില്ലെന്ന ജോ൪ജിൻെറ അഭിപ്രായം അദ്ദേഹത്തിൻെറ വ്യക്തിപരമായ നിലപാടാണ്. പി.സി. ജോ൪ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിൻെറ പാ൪ട്ടിയാണെന്നും ജോണി നെല്ലൂ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.