തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് യു.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് -പിള്ള വിഭാഗം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ബുധനാഴ്ച ചേരുന്ന മുന്നണിയോഗത്തിൽ ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള പാ൪ട്ടി തീരുമാനം അറിയിക്കും. മുന്നണിയുടെ അനുവാദത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനും പിള്ള വിഭാഗം നേതൃയോഗത്തിൽ ധാരണയായി. ഗണേഷിനെതിരെ കടുത്ത തീരുമാനമെടുക്കാതെ ത൪ക്കത്തിന് പരിഹാരം കാണണമെന്ന് യു.ഡി.എഫ്, എൻ.എസ്.എസ് നേതൃത്വങ്ങൾ കഴിഞ്ഞദിവസം പിള്ളയോട് ആവശ്യപ്പെട്ടിരുന്നു.
പാ൪ട്ടിക്ക് വിധേയനായി ജനാധിപത്യരീതിയിൽ മുന്നോട്ടുപോകാൻ തയാറാകാത്തപക്ഷം മന്ത്രിയെ പാ൪ട്ടിക്കും ആവശ്യമില്ലെന്ന് തീരുമാനിക്കുമെന്ന് നേതൃയോഗത്തിന് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പാ൪ട്ടിയുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനമുണ്ടാകും. പാ൪ട്ടിയുടെയും തൻെറയും അഭിമാനം സംരക്ഷിക്കാൻ മുന്നണിനേതൃത്വം തയാറാകുമെന്നാണ് പ്രതീക്ഷ. എന്നാൽ യു.ഡി.എഫിനെ ദു൪ബലപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. മുന്നണിയിൽത്തന്നെ ഉറച്ചുനിൽക്കും. ലോകത്ത് ഒരു ജനാധിപത്യ പാ൪ട്ടിയും അനുഭവിച്ചിട്ടില്ലാത്ത ദുര്യോഗമാണ് തങ്ങൾക്കുണ്ടായിരിക്കുന്നത്. ഗണേഷിനെക്കൊണ്ട് പാ൪ട്ടി സഹികെട്ടു. ഗണേഷിനെ മന്ത്രിയാക്കാൻ വാശിപിടിച്ചവ൪ക്ക് ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
മന്ത്രിക്കല്ല, പാ൪ട്ടിക്കാണ് യു.ഡി.എഫ് വകുപ്പ് തന്നത്. വകുപ്പുകൾ ഏതൊക്കെയെന്ന് പാ൪ട്ടി ചെയ൪മാൻ എന്ന നിലയിൽ തന്നെയാണ് അറിയിച്ചത്. കൂട്ടുമന്ത്രിസഭയിൽ മന്ത്രിയെ നിശ്ചയിക്കുന്നതും വകുപ്പ് തീരുമാനിക്കുന്നതും പാ൪ട്ടിയാണ്. പാ൪ട്ടിക്ക് നൽകുന്ന വകുപ്പിൽ പാ൪ട്ടിക്ക് അവകാശമില്ലെന്ന നിലപാട് ഏതൊരുമുന്നണിയിലെയും കക്ഷികൾ അംഗീകരിക്കില്ല. കേന്ദ്രസ൪ക്കാ൪ തൃണമൂൽ മന്ത്രിയുടെ കാര്യത്തിൽ സ്വീകരിച്ച മാനദണ്ഡം ഇവിടെയും വേണം.
പാ൪ട്ടിക്കാരെ ഒഴിവാക്കി സി.പി.എമ്മുകാരെയും ബി.ജെ.പിക്കാരെയുമാണ് വിവിധ കമ്മിറ്റികളിൽ ഗണേഷ് നിയമിച്ചിട്ടുള്ളത്. ഒരുകാര്യവും പാ൪ട്ടിയുമായി ആലോചിക്കാറില്ല. കോ൪പറേഷനുകളും ബോ൪ഡുകളും അദ്ദേഹം പുന$സംഘടിപ്പിച്ചത് പാ൪ട്ടിയുമായോ യു.ഡി. എഫുമായോ ആലോചിച്ചല്ല. പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽപോലും പാ൪ട്ടിക്ക് മാന്യമായ പരിഗണന നൽകാതെ സി.പി.എമ്മുകാരെയും ബി.ജെ.പിക്കാരെയും ആണ് നിയമിച്ചത്. സ്വന്തം മണ്ഡലത്തിലെ പാ൪ട്ടിക്കാ൪ക്കുപോലും പരിഗണന നൽകിയിട്ടില്ല. ഒമ്പതുമാസം തങ്ങൾ ഭൂമിയോളം സഹിച്ചുവെങ്കിലും മന്ത്രിയുടെ സ്വഭാവത്തിൽ മാറ്റമില്ല. ഇപ്പോൾ അഹങ്കാരം അതിൻെറ മൂ൪ധന്യത്തിൽ എത്തിയിരിക്കുകയാണ്. ഇത്തരത്തിലൊരു മന്ത്രി ഉള്ളതിലും നല്ലത് ഇല്ലാത്തതാണ്. ഗണേഷിനെ മന്ത്രിയാക്കിയതും കഴിഞ്ഞതവണ മത്സരിപ്പിച്ചതും തൻെറ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. മന്ത്രിയുടെ പോക്ക് ശരിയല്ലെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി പലതവണ ച൪ച്ചക്ക് ക്ഷണിച്ചെങ്കിലും ഗണേഷ് തയാറായില്ലെന്നും പിള്ള കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.