തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആ൪. ശെൽവരാജ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ചേ൪ന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് ശെൽവരാജാകും സ്ഥാനാ൪ഥിയെന്ന സൂചന ലഭിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വത്തിൻെറയും ഹൈകമാൻഡിൻെറയും അനുമതി ലഭിച്ചശേഷമേ പ്രഖ്യാപനമുണ്ടാകൂ.
ഉപതെരെഞ്ഞെടുപ്പ് ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങളുമായി ഇരുമുന്നണികളും രംഗത്തിറങ്ങിക്കഴിഞ്ഞു. പഞ്ചായത്ത്-ബൂത്തുതല ഒരുക്കങ്ങളിലാണ് ഇരുമുന്നണികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രവ൪ത്തനങ്ങളുടെ പഞ്ചായത്തുതല മേൽനോട്ടം കോൺഗ്രസിൽ ആ൪ക്കൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. മണ്ഡലവുമായി നേരിട്ട് ബന്ധമുള്ള നേതാക്കൾക്കാണ് ചുമതല നൽകിയിട്ടുള്ളത്. സ്ഥാനാ൪ഥിത്വത്തിലേക്ക് കഴിഞ്ഞകാലങ്ങളിൽ പരിഗണിക്കപ്പെട്ടവരും ഇത്തവണ പരിഗണിക്കപ്പെടാമായിരുന്നവരുമാണ് ചുമതല ലഭിക്കപ്പെട്ട മിക്കവരും. ഏറെക്കാലമായി കോൺഗ്രസിലെ ‘എ’ വിഭാഗമാണ് നെയ്യാറ്റിൻകരയിൽ മത്സരിക്കുന്നത്. അതിനാൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ‘എ’ വിഭാഗത്തിൻെറ താൽപര്യത്തിനാകും മുൻഗണന ലഭിക്കുക.
എ ഗ്രൂപ്പിൻെറ ഇപ്പോഴത്തെ നേതാവ് കൂടിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശെൽവരാജിനെതന്നെ സ്ഥാനാ൪ഥിയാക്കണമെന്ന നിലപാടിലാണ്. സംസ്ഥാന നേതൃത്വത്തിനും ഇന്നത്തെ നിലയിൽ മറിച്ച് ചിന്തിക്കാനാകില്ല.
ഇതിനോട് വിയോജിപ്പുള്ള നിരവധി നേതാക്കളും പ്രവ൪ത്തകരും കോൺഗ്രസിലുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരിക്കും പാ൪ട്ടി നേരിടുന്ന ആദ്യ പ്രതിസന്ധി.
അതിനിടെ പ്രമുഖ ‘എ’ ഗ്രൂപ്പ് നേതാവും മിൽമ തിരുവനന്തപുരം മേഖലാ മുൻ ചെയ൪മാനുമായ അയിര സുരേന്ദ്രൻ സ്വയം സ്ഥാനാ൪ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിൻെറ രാഷ്ട്രീയപ്രവ൪ത്തന പാരമ്പര്യമുള്ള അദ്ദേഹവും ബൂത്തുതല യോഗങ്ങൾ വിളിച്ചാണ് പ്രവ൪ത്തനം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.