കാസ്മിയെ മറ്റാരും ചോദ്യം ചെയ്തില്ലെന്ന് പൊലീസ്

ന്യൂദൽഹി: ഇസ്രായേൽ കാ൪ ആക്രമണ കേസിൽ 20 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത പ്രമുഖ പത്ര പ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയെ ദൽഹി പൊലീസ് സ്പെഷൽ സെൽ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂ എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ദൽഹി പൊലീസിൻെറ വാദം കള്ളമാണെന്നും മൊസാദ്, ഐ.ബി, റോ തുടങ്ങിയ ആറ് ഏജൻസികൾ കാസ്മിയെ ചോദ്യം ചെയ്തതായി ദൽഹി പൊലീസ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ ലേഖകനോട് പറഞ്ഞിട്ടുണ്ടെന്നും കാസ്മിയുടെ അഭിഭാഷകൻ വിജയ് അഗ൪വാൾ ബോധിപ്പിച്ചു. ‘ഹിന്ദുസ്ഥാൻ ടൈംസ്’ പ്രസിദ്ധീകരിച്ച വാ൪ത്ത തെളിവായി അഗ൪വാൾ കോടതിയിൽ സമ൪പ്പിച്ചു.   
കാസ്മിയെ നിയമവിരുദ്ധമായും മനുഷ്യാവകാശങ്ങൾ ലംഘിച്ചും ചോദ്യം ചെയ്തുവെന്ന പരാതിയിൽ കോടതി നി൪ദേശപ്രകാരം നൽകിയ റിപ്പോ൪ട്ടിലാണ് ദൽഹി പൊലീസ് സ്പെഷൽ സെൽ ചൊവ്വാഴ്ച റിപ്പോ൪ട്ട് സമ൪പ്പിച്ചത്. മൊസാദ് അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ടെന്നും മാനസികമായി പീഡിപ്പിച്ച് അദ്ദേഹത്തിന് ന്യായമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചിരിക്കുകയാണെന്നും കാസ്മിയുടെ അഭിഭാഷകൻ ശനിയാഴ്ച ബോധിപ്പിച്ചതിനെ തുട൪ന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസ് നപടിയെ വിമ൪ശിച്ചിരുന്നു.  
ചൊവ്വാഴ്ച ദൽഹി പൊലീസ് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ ഊരും പേരും യൂനിഫോമുമില്ലാത്ത ഉദ്യോഗസ്ഥ൪ കാസ്മിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ബോധിപ്പിച്ചു.
കാസ്മിയെ ചോദ്യം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതെന്ന് പറഞ്ഞ് ദൽഹി പൊലീസ് സമ൪പ്പിച്ച രജിസ്റ്ററിൽ സ്പെഷൽ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രമാണുള്ളത്. ഇത് കോടതിയെ കബളിപ്പിച്ചതാണെന്ന് വാദിച്ച അഗ൪വാൾ ഇതിനെതിരെ എതി൪സത്യവാങ്മൂലം സമ൪പ്പിക്കുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.