കിളിമാനൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമം; 15 പേര്‍ കസ്റ്റഡിയില്‍

കിളിമാനൂ൪: കിളിമാനൂരിൽ രാജാരവിവ൪മ സ്മാരകത്തിൻെറ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പെൻഷൻ പ്രായം വ൪ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ കരിങ്കൊടികാട്ടാൻ ശ്രമിച്ചു.
പൊലീസ്  തടഞ്ഞ് ലാത്തിവീശി. 15 ഓളം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവ൪ത്തകരെ കസ്റ്റഡിയിലെടുത്തു. പൊലീസിൻെറയും യൂത്ത്കോൺഗ്രസിൻെറയും അടിയിലും മ൪ദനത്തിലും ഏഴ് പ്രവ൪ത്തക൪ക്ക് പരിക്കേറ്റു.
ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിച്ച ഉടനെയാണ് സദസ്സിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ, എ.ഐ. വൈ.എഫ് പ്രവ൪ത്തക൪ കരിങ്കൊടിയുമായി ചാടിയെണീറ്റത്. ഇവരെ സമീപത്തുണ്ടായിരുന്ന പൊലീസ് തടയുകയും തുട൪ന്ന് സദസ്സ് ഇളകിമറിയുകയുമായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നി൪വഹിച്ചു.
കരിങ്കൊടി കാട്ടാൻ ശ്രമിച്ചവരെ അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
പരിക്കേറ്റ ഏഴുപേരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഡി. വൈ.എഫ്.ഐ പ്രവ൪ത്തകരായ ലെനിൻ, രതീഷ്, ഷിബു, ജഹാംഗീ൪, ഷാജു, എ.ഐ.വൈ.എഫ് പ്രവ൪ത്തകരായ ജി.എൽ. അനീഷ്, എ.എം. റാഫി, രാഹുൽരാജ്, ഡയന തുടങ്ങിയവരാണ് പിടിയിലായത്. ഇവരിൽ ജി.എൽ. അജീഷ്, എ.എം. റാഫി, രാഹുൽരാജു, ഷിബു, ജഹാംഗീ൪, രതീഷ്, ലെനിൻ എന്നിവരാണ് ആശുപത്രിയിലുള്ളത്.
ശിലാസ്ഥാപനചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയശേഷം പ്രകടനമായെത്തിയ യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ അഡ്വ. ബി. സത്യൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രിൻസ് എന്നിവരെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചുവരുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ചും ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുമായിരുന്നു യൂത്ത്കോൺഗ്രസ് പ്രവ൪ത്തകരുടെ സമരം. നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.