തിരുവനന്തപുരം: മാലിന്യം നീക്കം ചെയ്തിട്ട് ആഴ്ചകളായ ചാലമാ൪ക്കറ്റിൽ ദു൪ഗന്ധവും പുഴുക്കളും വ്യാപിച്ചതോടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ദുരിതത്തിൽ.
മത്സ്യമാ൪ക്കറ്റിനോട് ചേ൪ന്ന സ്ഥലത്താണ് ഏറ്റവുമധികം മാലിന്യം കെട്ടിക്കിടക്കുന്നത്. ആഴ്ചകളായി നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദു൪ഗന്ധത്തോടൊപ്പം പുഴുക്കളും നിറഞ്ഞതോടെ സമീപത്തേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
മാലിന്യപ്രശ്നം അസഹനീയമായതോടെ ഇവിടെയിരുന്ന് കച്ചവടം നടത്താൻ സാധിക്കാതെ വന്നിരിക്കുന്നതായി മത്സ്യത്തൊഴിലാളികളും മറ്റ് കച്ചവടക്കാരും പറയുന്നു.
സാധനങ്ങൾ വാങ്ങാനെത്തുന്നവരും ചാല മാ൪ക്കറ്റിനുള്ളിലേക്ക് കയറാൻ മടിക്കുന്നു. മാലിന്യനീക്കം ഏറ്റവും ബാധിച്ചത് ചാലമാ൪ക്കറ്റിനെയാണ്.
ദിവസേന ടൺകണക്കിന് മാലിന്യമാണ് ചാലയിൽ കുന്നുകൂടുന്നത്.
ചാല വാ൪ഡിലെ എരുമക്കുഴിയിൽ ട്രിഡയുടെ സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തിവന്നിരുന്നെങ്കിലും ചവ൪കത്തിയുണ്ടാകുന്ന പുകയും ദു൪ഗന്ധവും കാരണം നാട്ടുകാ൪ അത് ദിവസങ്ങളായി തടഞ്ഞിരിക്കുകയാണ്.
ചാല മാ൪ക്കറ്റിന് മാത്രമായി സംസ്കരണ പ്ളാൻറ് നി൪മിക്കണമെന്നാവശ്യം കൗൺസില൪ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാ൪ട്ടികൾ ഉയ൪ത്തിയെങ്കിലും നഗരസഭയുടെ പുതിയ ബജറ്റിലും ഇതിനാവശ്യമായ നി൪ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല.
ചാലമാ൪ക്കറ്റിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.