കണ്ണൂ൪: നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വാട്ട൪ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായി നടക്കുന്നുണ്ടെങ്കിലും ഉയ൪ന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഉയ൪ന്ന പ്രദേശങ്ങളിൽനിന്നും തീരത്തോടുചേ൪ന്ന ഭാഗങ്ങളിൽനിന്നും ജനങ്ങൾ കുടിയൊഴിഞ്ഞു പോകേണ്ട അവസ്ഥയാണ്.
വാട്ട൪ അതോറിറ്റിയുടെ ജലം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലായത്. ജനുവരി മുതൽ കുടിവെള്ളലഭ്യത കുറഞ്ഞെങ്കിലും ഫലപ്രദമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് ഇപ്പോഴത്തെ ജലക്ഷാമത്തിന് കാരണം.
സ്വന്തമായി കിണറുള്ള നഗരവാസികൾ പോലും വരൾച്ച കടുത്തതോടെ ആശങ്കയിലാണ്. മിക്കകിണറുകളിലും ജലനിരപ്പ് താഴ്ന്നു. എന്നാൽ, പലയിടത്തും വെള്ളം വിൽപന തകൃതിയാണ്. വൻവില ഈടാക്കിയാണ് വെള്ളം വിൽപന. നഗരപ്രാന്തങ്ങളിലെയും മറ്റും ജലസ്രോതസ്സുകളിൽനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് വിൽപനക്കെത്തുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയാണ് മിക്കയിടത്തും. വിലക്ക് വാങ്ങുന്ന ജലത്തിൻെറ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സംവിധാനമില്ല. നഗരത്തിൽ വെള്ളക്കച്ചവടം വ്യാപകമായ അവസ്ഥയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ വരൾച്ച കനക്കുന്നതോടെ ജലക്ഷാമം കൂടുതൽ രൂക്ഷമാകും. തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളത്തിൻെറ അതിപ്രസരവും മലിനതയും ഏറെ പ്രശ്നമുണ്ടാക്കുന്നു. നഗരപ്രാന്തങ്ങളിലും കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. കക്കാട്, ചിറക്കൽ,പുതിയതെരു, എളയാവൂ൪ ഭാഗങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ വറ്റിത്തുടങ്ങി. നഗരത്തിലെ ഹോട്ടലുകൾ, കൂൾ ബാ൪ എന്നിവിടങ്ങളിലും ജലക്ഷാമം പ്രശ്നമായി. കച്ചവടക്കാ൪ വൻവില നൽകി കുടിവെള്ളം സംഭരിക്കേണ്ട അവസ്ഥയാണ്. നഗരത്തിൽ ചുരുക്കം ഹോട്ടലുകൾക്ക് മാത്രമാണ് സ്വന്തമായി കിണറുള്ളത്. ജലക്ഷാമം കൂടുതൽ രൂക്ഷമാകുന്നതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാകും. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പൊതുകിണറുകളും മറ്റ് സ്രോതസ്സുകളും ശുദ്ധീകരിക്കാൻ നഗരസഭ നടപടിയെടുക്കാറില്ല. നഗരത്തിൽ മുപ്പതോളം പൊതുകിണറും മറ്റ് ജലസ്രോതസ്സുകളുമുണ്ട്.
പതിറ്റാണ്ടുകൾക്കുമുമ്പ് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന വൻകുളങ്ങൾ പോലും നാമാവശേഷമായി. ഇത്തരം ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നത് പതിവാണ്. എന്നാൽ, സംരക്ഷിക്കാനുള്ള പദ്ധതികൾ വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.
ഈ ജലസ്രോതസ്സുകളെ നേരാംവണ്ണം സംരക്ഷിച്ച് ഉപയോഗപ്പെടുത്താത്തതാണ് നഗരസഭ ഇന്ന് നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പരിസ്ഥിതി പ്രവ൪ത്തക൪ പോലും ഇക്കാര്യത്തിൽ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.