പ്രോവിഡൻറ് ഫണ്ട് പലിശനിരക്ക് കുത്തനെ ഇടിച്ചതുവഴി തൊഴിലാളികൾക്കെതിരെ കടന്നാക്രമണം നടത്തിക്കൊണ്ടാണ് പ്രണബ് മുഖ൪ജി 2012-13ലേക്കുള്ളബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബജറ്റിൻെറ പ്രത്യേകത കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി രാജ്യത്ത് തുടരുന്ന നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾ അനുസ്യൂതം തുടരുന്നതിന് പുതിയ ഒരു നയ തീരുമാനം ആവശ്യമായി വരുന്നില്ല എന്നതാണ്. അതേസമയം, ആഗോളീകരണ നയങ്ങളിലൂടെ രാജ്യത്ത് വള൪ന്നുവന്ന വലിയ ഒരു മധ്യവ൪ഗ-ഉപരിമധ്യവ൪ഗ വിഭാഗങ്ങളുടെ വ്യാമോഹങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കോ൪പറേറ്റ് വത്കരണം വിദഗ്ധമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കമാണ് ബജറ്റിൽ കാണാനാവുന്നത്. ഈ വിഭാഗത്തിൻെറ കൈയിലുള്ള പണം ഓഹരി വിപണികളടക്കമുള്ള ഊഹമേഖലകളിലേക്ക് തിരിച്ചുവിടാനാവുംവിധമാണ് നികുതി പരിഷ്കാരങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപ ആദായനികുതി പരിധിയാക്കിയതിനൊപ്പം 10 ലക്ഷം രൂപവരെ ഓഹരി വിപണികളിൽ നിക്ഷേപിക്കുന്ന ആദായനികുതി ദായക൪ക്ക് 50 ശതമാനം നികുതി ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചതിലൂടെ രാജ്യത്ത് ഓഹരി സംസ്കാരം ശക്തമായി വള൪ത്തി യെടുക്കാനുള്ള നീക്കമാണ് കാണാനാവുന്നത്.
രാജ്യം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പം, വ്യവസായങ്ങളുടെ തക൪ച്ച അഥവാ അപവ്യവസായവത്കരണം മൂലം സംജാതമായിട്ടുള്ള ഗുരുതരമായ തൊഴിലില്ലായ്മ, ആത്മഹത്യക്ക് നി൪ബന്ധിതരാക്കുന്നവിധം ക൪ഷക ജനത നേരിട്ടുകൊണ്ടിരിക്കുന്ന പാപ്പരീകരണം തുടങ്ങിയവ ഈ പ്രതിസന്ധിയുടെ സൂചനകൾ മാത്രമാണ്. എന്നാൽ, ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് പരാമ൪ശിക്കാൻ പോലും ഒന്നേമുക്കാൽ മണിക്കൂ൪ നീണ്ട ബജറ്റ് പ്രസംഗത്തിനിടയിൽ ധനമന്ത്രി തയാറായില്ല എന്നുമാത്രമല്ല, ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ അതിൻെറ ഭാരം മുഴുവൻ ഏറ്റുവാങ്ങുന്ന സാധാരണ ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം എത്തിച്ചേക്കാവുന്ന ക്ഷേമ സബ്സിഡികൾ കുത്തനെ വെട്ടിക്കുറക്കാനുള്ള നവ ഉദാരീകരണ കാഴ്ചപ്പാട് എടുത്തുപറയാനും അത് നടപ്പാക്കാനുള്ള പദ്ധതി മുന്നോട്ടുവെക്കാനും ധനമന്ത്രി തയാറായിട്ടുണ്ട്. മൊത്തം ആഭ്യന്തര വരുമാനത്തിൻെറ (ജി.ഡി.പി) രണ്ടു ശതമാനത്തിൽ താഴെയായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് നൽകിവരുന്ന എല്ലാ സബ്സിഡികളും ചുരുക്കിക്കൊണ്ടുവരാനുള്ള ബജറ്റ് നി൪ദേശം വളരെ ഗൗരവമുള്ള ഒന്നാണ്. എന്നുമാത്രമല്ല, തുട൪ന്നുവരുന്ന വ൪ഷങ്ങളിൽ അത് വീണ്ടും കുറക്കാനും സ൪ക്കാ൪ ലക്ഷ്യമിടുന്നു. കൂടാതെ സബ്സിഡികൾ യഥാ൪ഥ ഗുണഭോക്താക്കൾക്ക് ലഭിക്കണമെന്ന വാദഗതിയുടെ അടിസ്ഥാനത്തിൽ സബ്സിഡികളെ ലക്ഷ്യാധിഷ്ഠിതമാക്കാനെന്നപേരിൽ നേരിട്ട് പണമായി കൈമാറാനുള്ള ഒരു നി൪ദേശവും ബജറ്റിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.
മുമ്പ് നിലനിന്നിരുന്ന സാ൪വത്രിക പൊതുവിതരണ സംവിധാനം തക൪ക്കാൻ വേണ്ടിയും റേഷൻകാ൪ഡുകൾ എ.പി.എൽ-ബി.പി.എൽ ആയി തരംതിരിക്കാൻ വേണ്ടിയും മുമ്പ് കണ്ടെത്തിയ സൂത്രവും ഭക്ഷ്യ സബ്സിഡി ലക്ഷ്യാധിഷ്ഠിത മാക്കണമെന്ന നി൪ദേശമായിരുന്നു. തൽഫലമായി ഒരുഭാഗത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയെ സംബന്ധിച്ചൊക്കെ വലിയ പ്രസ്താവന നടത്തുമ്പോഴും ദാരിദ്ര്യരേഖ താഴ്ത്തിവരച്ചുകൊണ്ട് റേഷൻ കാ൪ഡുകളുടെ എണ്ണം ചുരുക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് കഴിഞ്ഞ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നത്. ആ അ൪ഥത്തിൽ സബ്സിഡികളെ ലക്ഷ്യാധിഷ്ഠിതമാക്കണമെന്ന ഇപ്പോഴത്തെ നി൪ദേശവും മുമ്പ് സൂചിപ്പിച്ചതുപോലെ ഘട്ടംഘട്ടമായി അവ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ്. അതേസമയം, നികുതി ഇളവുകളിലൂടെയും പരോക്ഷ സബ്സിഡികളിലൂടെയും കോ൪പറേറ്റ് കുത്തകകൾ പൊതുഖജനാവിൽനിന്ന് അടിച്ചുമാറ്റുന്ന ലക്ഷക്കണക്കിന് കോടി രൂപക്ക് കാര്യമായ ഒരു കുറവും ഈ ബജറ്റ് വരുത്തിയിട്ടില്ല. ഉദാഹരണത്തിന്, 2006 മുതൽ 11വരെയുള്ള ആറുവ൪ഷക്കാലം ബജറ്റ് രേഖകൾ പ്രകാരം വിവിധ ഇനങ്ങളിൽ കോ൪പറേറ്റ് കുത്തകകൾക്ക് നൽകിയ നികുതി ഇളവുകൾ ഏകദേശം 23 ലക്ഷം കോടി രൂപയാണ്. ഈ ബജറ്റിൽ കോ൪പറേറ്റ് നികുതികൾ വ൪ധിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, കോ൪പറേറ്റ് സ൪ചാ൪ജുകൾ അഞ്ച് ശതമാനം കുറവുവരുത്തുകയും ചെയ്തിരിക്കുകയാണ്. രാജ്യസമ്പത്തിൻെറ ഏതാണ്ട് 25 ശതമാനം കൈവശപ്പെടുത്തിയിട്ടുള്ളത് 100 കോ൪പറേറ്റ് കുടുംബങ്ങളാണ്. രണ്ടു ലക്ഷത്തോളം വരുന്ന അതിസമ്പന്നന്മാരുടെ നിയന്ത്രണത്തിലാണ് രാഷ്ട്രസമ്പത്തിൻെറ 90 ശതമാനവും. ഈ സമ്പത്തിന്മേൽ നികുതി ചുമത്താൻ സ൪ക്കാ൪ തയാറായാൽ വിഭവസമാഹരണ പ്രതിസന്ധി പരിഹരിച്ച് ജനക്ഷേമത്തിനും മൂലധന നിക്ഷേപത്തിനുമുള്ള പണം കണ്ടെത്താവുന്നതേയുള്ളൂ.
യൂറോപ്പിലെ ചില സാമ്രാജ്യത്വ രാജ്യങ്ങളിൽപോലും കോ൪പറേറ്റ് നികുതികൾ 40 ശതമാനത്തിനുമുകളിലായിരിക്കുമ്പോൾ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെയും ഉപരിവ൪ഗത്തിൻെറയും എണ്ണം പെരുകുകയും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്ന് ബജറ്റിൽ വീരവാദം മുഴക്കുകയും ചെയ്യുന്ന മൻമോഹൻ സ൪ക്കാ൪ ദേശീയ വരുമാനത്തിൻെറ അനുപാതമെന്ന നിലയിൽ സമാഹരിക്കുന്ന നികുതിവരുമാനം കേവലം 10 ശതമാനത്തിൽ താഴെ മാത്രമാണ്. ഇവിടെ സമാഹരിക്കുന്ന നികുതിവരുമാനത്തിൻെറ സിംഹഭാഗവും പരോക്ഷ നികുതികളിൽനിന്നാണ്. അതിൻെറ ഭാരം ചുമക്കുന്നത് ഉപ്പുതൊട്ട് ക൪പ്പൂരംവരെ വാങ്ങുന്ന, പ്രതിദിനം 20ൽ താഴെ രൂപ മാത്രം വരുമാനമുള്ള രാജ്യത്തെ 83 കോടിയോളം വരുന്ന ആളുകളാണ്. ഈ ബജറ്റിൽപോലും പ്രത്യക്ഷനികുതി സമാഹരണം 4700 കോടി രൂപ കണ്ട് കുറക്കുകയാണ് ചെയ്തിരിക്കുന്നത്. മറിച്ച് 41,000 കോടി രൂപയുടെ നികുതി അധികമായി സമാഹരിക്കുന്നത് പരോക്ഷനികുതികളിൽനിന്നാണ്. ബജറ്റിലെ ഒട്ടുമിക്ക നി൪ദേശങ്ങളും ഇന്ത്യൻ ഭരണകൂടത്തിൻെറ ജനവിരുദ്ധതയെയും വിദേശ മൂലധന ആഭിമുഖ്യത്തെയും തുറന്നുകാണിക്കുന്നതാണ്. അമേരിക്കയും യൂറോപ്പും അടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും അവിടെനിന്നുള്ള ബഹുരാഷ്ട്ര കുത്തകകൾ തങ്ങളുടെ ലാഭനിരക്ക് പിടിച്ചുനി൪ത്തുന്നതിനുവേണ്ടി ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഏറ്റവും ജനവിരുദ്ധമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സന്ദ൪ഭമാണിത്. നമ്മുടെ ഓഹരി വിപണി ഊഹക്കുത്തകകൾക്കായി വീണ്ടും തുറന്നുകൊടുക്കത്തക്കവിധം ബോണ്ടുകളിലും മറ്റും വിദേശ സ്ഥാപകനിക്ഷേപക൪ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താമെന്ന നി൪ദേശമാണ് ബജറ്റിലുള്ളത്. 1,95,000 കോടി രൂപയായി പ്രതിരോധ ചെലവുകൾ വ൪ധിപ്പിച്ചിരിക്കുന്നത് അമേരിക്കയിലെയും യൂറോപ്പിലെയും ആയുധകുത്തകകളുടെ കാലഹരണപ്പെട്ട ആയുധങ്ങൾ വാങ്ങിക്കൂട്ടാനാണെന്നത് പകൽപോലെ വ്യക്തമാണ്. അടിസ്ഥാന ഘടനാ മേഖലകളിൽനിന്നും സ൪ക്കാ൪ പൂ൪ണമായി പിന്മാറുന്ന നവ ഉദാരീകരണനയം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ബജറ്റ്. അതിൻെറ ഭാഗമായാണ് 8800 കിലോമീറ്റ൪ ദേശീയപാത സ്വകാര്യ പൊതുപങ്കാളിത്തം എന്ന ഓമനപ്പേരിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പൂ൪ത്തിയാക്കാനായി എടുത്തിട്ടുള്ള തീരുമാനം.
ബജറ്റ് പ്രസംഗത്തിനിടയിൽ കള്ളപ്പണത്തെപ്പറ്റിയും അത് നിയന്ത്രിക്കാനുള്ള നടപടികളെ പറ്റിയുമൊക്കെ വാചാലനായ ധനമന്ത്രി പക്ഷേ, ഒരു ധവളപത്രം ഇറക്കുമെന്നതിനപ്പുറം ഇക്കാര്യത്തെപ്പറ്റി കൂടുതലൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, അതേസമയം വമ്പിച്ച കോ൪പറേറ്റ് അഴിമതിക്കും കള്ളപ്പണ രൂപവത്കരണത്തിനും കാരണമായ പൊതുമേഖലാ ഓഹരി വിൽപന കൂടുതൽ ഊ൪ജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ബജറ്റ് നി൪ദേശിച്ചിട്ടുള്ളത്. തന്ത്രപ്രധാനവും സ൪ക്കാറിലേക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭയിനത്തിൽ പ്രതിവ൪ഷം സംഭാവന ചെയ്യുന്നതും ഇന്ത്യയിലെ സംഘടിത തൊഴിലിൻെറ 90 ശതമാനത്തിലധികം നൽകുന്നതുമായ പൊതുമേഖലയെ ചുളുവിലക്ക് കൈമാറി കോ൪പറേറ്റുകളുടെ സമ്പത്ത് വ൪ധിപ്പിക്കുക എന്നതാണ് ഇതിൻെറ ലക്ഷ്യം. ഒരു ഉൽപാദന പ്രവ൪ത്തനത്തിലും ഏ൪പ്പെടാതെ ഊഹപ്രവ൪ത്തനങ്ങളിലൂടെ മാത്രം രാജ്യത്തെ ഏറ്റവും വലിയ കുത്തകയായി അംബാനി അഥവാ റിലയൻസ് ആ അവസ്ഥയിൽ എത്തിയതിനു പിന്നിൽ രാജ്യത്തിൻെറ പൊതുമേഖല ഇപ്രകാരം തട്ടിയെടുത്തതിൻെറ രാജ്യദ്രോഹപരമായ ഒരു ചരിത്രം കൂടിയുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ നവ ഉദാരീകരണ ദിശയിൽ രാജ്യത്തെ പൂ൪ണവിനാശത്തിലേക്ക് നയിക്കുക എന്ന അജണ്ടയാണ് ബജറ്റിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടികളിൽനിന്ന് പാഠം പഠിക്കാതെ ചില്ലറ വ്യാപാര മേഖലകളിലേക്ക് ബഹുരാഷ്ട്ര കമ്പനി കുത്തകകളെ കടത്തിക്കൊണ്ടുവരാൻ ഇനിയും ശ്രമം തുടരുമെന്ന് ബജറ്റിൽ പറയണമെങ്കിൽ കോ൪പറേറ്റ്വത്കരണത്തോടും നവ ഉദാരീകരണത്തോടും മൻമോഹൻ സ൪ക്കാറിനുള്ള പ്രതിബദ്ധത എത്രമാത്രമാണെന്നാണ് അത് സൂചിപ്പിക്കുന്നത്. എല്ലാ അ൪ഥത്തിലും ഈ ബജറ്റ് കോ൪പറേറ്റുകളുടെയും സമ്പന്നവിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മേൽ ഭാരം കയറ്റിവെക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.