മാനന്തവാടി: വിഷു ആഘോഷത്തിന് മുന്നോടിയായി തിരുനെല്ലി കാടുകളിൽ കണിക്കൊന്ന പൂത്തുലഞ്ഞു. വനപാതയിലെ യാത്രക്കാ൪ക്ക് മനോഹര കാഴ്ചയാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ തിരുനെല്ലി, തോൽപെട്ടി കാടുകളിൽ കൊന്ന പൂത്തിരുന്നു. തിരുനെല്ലി റോഡിലും തോൽപെട്ടി റോഡിലും ഇരുവശങ്ങളിലും ഇലകൾപോലും കാണാത്ത തരത്തിലാണ് പൂക്കുലകൾ. കാലാവസ്ഥയിലെ വ്യതിയാനമാണ് കണിക്കൊന്ന നേരത്തേ പൂക്കാൻ കാരണമെന്ന് പഴമക്കാ൪ പറയുന്നു.
മുൻകാലങ്ങളിൽ മീനമാസത്തിൻെറ അവസാനത്തിൽ മാത്രമായിരുന്നു വിഷുവിൻെറ വരവറിയിച്ചുകൊണ്ട് കണിക്കൊന്നകൾ പൂത്തിരുന്നത്. മേടം ഒന്നിന് വിഷുക്കണിയൊരുക്കാൻ പാകത്തിൽ കൊന്നകൾ പൂത്തുനിൽക്കുന്നത് എങ്ങും സാധാരണ കാഴ്ചയായിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ചുവ൪ഷത്തോളമായി കൊന്നകൾ നേരത്തേ പൂത്തുലയുകയാണ്. ചിലപ്പോൾ വിഷുവിന് കൊന്നപ്പൂക്കൾ വിരളമാകുന്ന സാഹചര്യവുമുണ്ട്. വിപണിയിൽ കൊന്നപ്പൂ വൻതോതിൽ വിൽപനക്കെത്താറുണ്ട്. വലിയ വില നൽകിയാണ് കണിക്കൊന്നകൾ വാങ്ങുന്നത്.
വയനാടൻ കാടുകളിൽനിന്ന് ശേഖരിക്കുന്ന കണിക്കൊന്നകളാണ് കോഴിക്കോട്, കണ്ണൂ൪ ഭാഗങ്ങളിൽ വിൽപന നടത്തുന്നത്. പച്ചപ്പ് മുഴുവൻ മഞ്ഞപ്പൂക്കളണിഞ്ഞ് നിൽക്കുന്ന കാഴ്ച സഞ്ചാരികളെ മാടിവിളിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.