ന്യൂദൽഹി: റെയിൽവേ മന്ത്രി ദിനേശ് ത്രിവേദിയുടെ രാജിനാടകം പാ൪ലമെൻറിൻെറ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. യു.പി.എ സ൪ക്കാ൪ നേരിടുന്ന അസ്ഥിരതയുടെ പ്രത്യക്ഷ തെളിവാണ് പുതിയ സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ· തുട൪ന്ന് ഇരുസഭകളും നി൪ത്തിവെക്കേണ്ടിവന്നു.
മന്ത്രി ത്രിവേദി രാജി സമ൪പ്പിച്ചതായ റിപ്പോ൪ട്ടുകൾ ശരിയല്ലെന്ന് കേന്ദ്ര സ൪ക്കാ൪ ലോക്സഭയിൽ വിശദീകരിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജി പ്രധാനമന്ത്രിക്ക് കത്ത്·കൈമാറിയതായി സ൪ക്കാറിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാ൪ മുഖ൪ജി സ്ഥിരീകരിച്ചു. ഇപ്പോൾ ഉടലെടുത്ത·പ്രതിസന്ധി പ്രധാനമന്ത്രിയും തൃണമൂൽ നേതൃത്വവും ച൪ച്ചയിലൂടെ പരിഹരിക്കും. ദിനേശ് ത്രിവേദിയോട് രാജി വെക്കാൻ ആരും ആവശ്യപ്പെട്ടില്ലെന്ന് തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായയും അറിയിച്ചു.
വ്യാഴാഴ്ച ഇരുസഭകളും ചേ൪ന്ന ഉടൻ പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രി ത്രിവേദിയും സന്നിഹിതനായിരുന്നു.
നീണ്ട എട്ടു വ൪ഷത്തിനുശേഷം റെയിൽവേ നിരക്കുകൾ വ൪ധിപ്പിക്കാൻ തീരുമാനിച്ച വിവരം പാ൪ട്ടിയുടെ മന്ത്രി ദിനേശ് ത്രിവേദി മമതയുമായി കൂടിയാലോചിച്ചില്ലെന്നാണ് പാ൪ട്ടി വക കുറ്റപത്രം. എന്നാൽ, മനസ്സാക്ഷിയും രാജ്യത്തിൻെറ ഉത്തമതാൽപര്യങ്ങളും മുൻനി൪ത്തിയാണ് ബജറ്റ് തയാറാക്കിയതെന്ന നിലപാടാണ് ത്രിവേദിയുടേത്. വ൪ധിത നിരക്കുകൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ തൃണമൂൽ ഉറച്ചു നിൽക്കുകയുമാണ്.
റെയിൽവേ മന്ത്രിയുടെ രാജിവാ൪ത്ത ശരിയെങ്കിൽ ബജറ്റിൻെറ ഭാവി സംബന്ധിച്ച ആശങ്കയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. റെയിൽവേ മന്ത്രി ദിനേശ് ത്രിവേദിയോട് പാ൪ട്ടി രാജി ആവശ്യപ്പെടുകയുണ്ടായില്ലെന്ന സുദീപ് ബന്ദോപാധ്യായയുടെ വിശദീകരണം ഭരണകക്ഷി ബെഞ്ചുകളിൽ ആശ്വാസം പക൪ന്നു.
എന്നാൽ, രാജിനാടകം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാജി വിഷയത്തിൽ തീരുമാനമൊന്നും ആയില്ലെന്നും ഉണ്ടെങ്കിൽ അക്കാര്യം സഭയെ അറിയിക്കാമെന്നും മന്ത്രി പ്രണബ് വ്യക്തമാക്കി.ചോദ്യോത്തരവേള ഉപേക്ഷിച്ച് വിഷയം അടിയന്തര പ്രാധാന്യത്തോടെ ച൪ച്ചചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും മറ്റും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അംഗങ്ങളുടെ ആവശ്യം ചട്ടപ്രകാരം അനുവദിക്കാൻ കഴിയില്ലെന്ന് സ്പീക്ക൪ മീരാകുമാ൪ വ്യക്തമാക്കി.
രാജ്യസഭയിലും പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. അരുൺ ജെയ്റ്റ്ലിയാണ് ഇവിടെ വിഷയം ഉന്നയിച്ചത്. മന്ത്രി ത്രിവേദിയുടെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടില്ലെന്ന് പാ൪ലമെൻററികാര്യ സഹമന്ത്രി രാജീവ് ശുക്ള രാജ്യസഭയിൽ പറഞ്ഞു.
ത്രിവേദി ഇപ്പോഴും കേന്ദ്രമന്ത്രിയാണോ എന്ന കാര്യം സ൪ക്കാ൪ വ്യക്തമാക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ബഹളം കാരണം രാജ്യസഭ ഉച്ചക്ക് രണ്ടു വരെയും ലോക്സഭ 12 വരെയും നി൪ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.