ന്യൂദൽഹി: കേന്ദ്ര റെയിൽവെ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പാ൪ലമെൻറിൽ സമരം നടത്തുമെന്ന് എൽ.ഡി.എഫ് എം.പിമാ൪ പ്രഖ്യാപിച്ചപ്പോൾ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്ന പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് യു.ഡി.എഫ് എം.പിമാ൪ ആരോപിച്ചു. കേരളത്തിന് കാര്യമായൊന്നും നൽകാത്ത റെയിൽവെ ബജറ്റ് വിവാദമായതിനെ തുട൪ന്നാണ് ഇരു മുന്നണിയിലെയും എം.പിമാ൪ ദൽഹിയിൽ ചേരിതിരിഞ്ഞ് വാ൪ത്താസമ്മേളനം നടത്തിയത്.
എൻ.ഡി.എ സ൪ക്കാ൪ ഭരിച്ചപ്പോൾ പോലുമുണ്ടാകാത്ത അവഗണനയാണ് കേരളത്തിന് കോൺഗ്രസ് തന്നെ കേരളവും കേന്ദ്രവും ഭരിക്കുമ്പോൾ ഉണ്ടായിരിക്കുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പുതിയ ട്രെയിനുകൾ അനുവദിക്കാത്തതു മാത്രമല്ല, സംസ്ഥാനത്തിൻേറതായിരുന്ന ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിലേക്കു നീട്ടിയതും കേരളത്തിൻെറ റെയിൽവേ സ്വപ്നങ്ങളെ തക൪ക്കുന്നതാണ്. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാ൪ വിചാരിച്ചിരുന്നെങ്കിൽ ഇതിലേറെ പരിഗണന ലഭിക്കുമായിരുന്നു.
യാത്രക്കൂലി അമിതമായി കൂട്ടിയതിനെതിരെ പാ൪ലമെൻറിൽ ഖണ്ഡന പ്രമേയം കൊണ്ടുവരുമെന്നും പാ൪ലമെൻറിനകത്തും പുറത്തും സമരം നടത്തുമെന്നും എൽ.ഡി.എഫ് എംപിമാരായ പി.കരുണാകരൻ, എ. സമ്പത്ത്, എ. അച്യുതൻ, പി.കെ. ബിജു, ടി.എൻ. സീമ, എം.ബി. രാജേഷ് എന്നിവ൪ അറിയിച്ചു.
എന്നാൽ, ബജറ്റിൽ വകയിരുത്തിയ സംസ്ഥാന വിഹിതം വായിച്ചു നോക്കാതെയാണ് പ്രതിപക്ഷം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് യു.ഡി.എഫ് എം.പിമാ൪ ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ 434 കോടി രൂപ വകയിരുത്തിയപ്പോൾ ഇത്തവണ 469.21 കോടി രൂപ കേരളത്തിൻെറ വികസനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചാ൪ജ് വ൪ധന അമിതമാണെന്ന് പറയാനാവില്ല.
പത്ത് വ൪ഷത്തിനുശേഷമുണ്ടായതിനാലാണ് അമിതമായി തോന്നുന്നത്. ബജറ്റ് നിരാശാജനകമല്ല, എന്നാൽ, മലബാറിന് മാത്രമാണ് അൽപം അവഗണനയുണ്ടായതെന്നും പരാതികൾക്ക് പരിഹാരമുണ്ടാക്കുമെന്നും കോൺഗ്രസ് എം.പിമാരായ പി.സി. ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, കെ.പി. ധനപാലൻ, എം.കെ. രാഘവൻ, പി.ടി. തോമസ് എന്നിവ൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.