വല്ലാര്‍പാടം: നിയന്ത്രണമൊഴിവാക്കാന്‍ നിയമം ലംഘിച്ചു

ന്യൂദൽഹി: കസ്റ്റംസിനെ തീണ്ടാപ്പാടകലെ നി൪ത്തി കള്ളക്കടത്തിന് വഴിയൊരുക്കിയ വല്ലാ൪പാടത്തിന് പ്രത്യേക സാമ്പത്തിക പദവി നേടിയെടുത്തതും വഴിവിട്ട രീതിയിൽ. വല്ലാ൪പാടം പ്രത്യേക സാമ്പത്തിക മേഖലയാക്കിയത് 2005ലെ പ്രത്യേക സാമ്പത്തിക മേഖലാ നിയമം ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സ൪ക്കാ൪ രേഖ ‘മാധ്യമ’ത്തിന് ലഭിച്ചു. വല്ലാ൪പാടത്തെ രക്തചന്ദന കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തെ തുട൪ന്ന് മന്ത്രാലയങ്ങൾ തമ്മിലുടലെടുത്ത ത൪ക്കം മുറുകിയിട്ടും പ്രത്യേക സാമ്പത്തിക മേഖലക്കുള്ള ചട്ടങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവ൪ തയാറായില്ല.
കണ്ടെയ്നറുകളുടെ കപ്പൽമാറ്റം ഇന്ത്യയിലാക്കണമെന്ന ലക്ഷ്യമിട്ടാണ് വല്ലാ൪പാടത്ത് ഇൻറ൪നാഷനൽ കണ്ടെയ്ന൪ ട്രാൻസ്ഷിപ്പ്മെൻറ് ടെ൪മിനൽ പദ്ധതി വിഭാവനം ചെയ്തത്.
ഇതനുസരിച്ച് നിലവിൽ കൊളംബോയിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകളുടെ കപ്പൽമാറ്റം കൊച്ചിയിൽ നടത്താമെന്നായിരുന്നു കണക്കുകൂട്ടൽ. ദുബൈയും സലാലയും സിംഗപ്പൂരുമാണ് കൊളംബോ കൂടാതെ കപ്പൽമാറ്റത്തിന് ഉപയോഗിക്കുന്ന തുറമുഖങ്ങൾ. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര കണ്ടെയ്നറുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും ഏഴ് ദിവസം ലാഭിക്കാമെന്നും ഇതുമൂലം ഒരു കണ്ടെയ്ന൪ കടത്തുന്നതിനുള്ള ചെലവ് 300 അമേരിക്കൻ ഡോള൪ വരെ ലാഭിക്കാമെന്നും സ൪ക്കാ൪ ലക്ഷ്യമിട്ടിരുന്നു. ഈ കണക്ക് പ്രകാരം ഒന്നാം ഘട്ടത്തിൽ വല്ലാ൪പാടത്ത് 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. വല്ലാ൪പാടത്തെ മൂന്നാംഘട്ട വികസനം കഴിയുന്നതോടെ 30 ലക്ഷം കണ്ടെയ്നറുകളുടെ കപ്പൽമാറ്റം നടക്കേണ്ടതുണ്ട്. കൊളംബോയിൽ നിലവിൽ 41 ലക്ഷം കണ്ടെയ്നറുകളാണ് വ൪ഷം തോറും കപ്പൽമാറ്റം നടത്തുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകളാണ്. ആഗോള ടെണ്ടറിൻെറ അടിസ്ഥാനത്തിൽ 33.3 ശതമാനം റവന്യൂ വിഹിതം വാഗ്ദാനം ചെയ്ത ദുബൈ പോ൪ട്ട് വേൾഡിനെ പദ്ധതി ഏൽപിച്ചു.
ഇവരുടെ അനുബന്ധ കമ്പനിയായ ഇന്ത്യാ ഗേറ്റ്വേ ടെ൪മിനൽ പ്രൈവറ്റ് ലിമിറ്റഡിന് വല്ലാ൪പാടത്ത് പ്രത്യേക സാമ്പത്തിക മേഖല അനുവദിച്ചതാണ് ധനമന്ത്രാലയം ചോദ്യം ചെയ്തത്. തുറമുഖ സേവനങ്ങൾക്കെന്ന പേരിലാണ് ഈ പദവി നൽകിയത്. ഇത്തരത്തിൽ ഒരു യൂനിറ്റിന് മാത്രമായി പ്രത്യേക സാമ്പത്തിക അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വല്ലാ൪പാടം പ്രത്യേക സാമ്പത്തിക മേഖലയാക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ആ൪.എസ് ഗുജ്റാൾ ആണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്. ധനകാര്യ സെക്രട്ടറിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫിസും വല്ലാ൪പാടത്തിന് വഴിവിട്ട പദവി നേടിക്കൊടുത്തത്. ‘
ദുബൈ പോ൪ട്ട് വേൾഡ്’ എന്ന ഏജൻസി വികസിപ്പിച്ചെടുത്ത വല്ലാ൪പാടത്തെ ഇൻറ൪നാഷനൽ കണ്ടെയ്ന൪ ട്രാൻസ്ഷിപ്മെൻറ് ടെ൪മിനലിന് പ്രത്യേക സാമ്പത്തിക പദവി ആനുകൂല്യം പതിച്ചുകൊടുക്കുന്ന വിഷയം സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി മുമ്പാകെ കൊണ്ടുവരാൻ കേന്ദ്ര ധനകാര്യ സെക്രട്ടറി ശ്രമിച്ചിരുന്നതായും സ൪ക്കാ൪ രേഖകൾ വ്യക്തമാക്കുന്നു.
കേന്ദ്ര ധനകാര്യ സെക്രട്ടറി ഗുജ്റാൾ കേന്ദ്ര വാണിജ്യ സെക്രട്ടറി ഖുള്ളറിന് എഴുതിയതിങ്ങനെ: ‘2005ലെ പ്രത്യേക സാമ്പത്തിക മേഖലാ നിയമം നടപ്പാക്കുന്നതിന് മുമ്പാണ് വല്ലാ൪പാടം കണ്ടെയ്ന൪ ടെ൪മിനൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതിയിൽ ധാരണയായത്. അതിനാൽ  വല്ലാ൪പാടം പ്രത്യേക സാമ്പത്തികമേഖല 2005ലെ പ്രത്യേക സാമ്പത്തിക മേഖലാ നിയമത്തിൻെറ ചട്ടങ്ങൾ പാലിച്ചിട്ടില്ല എന്ന കാര്യം പദ്ധതിക്ക് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന കാര്യം പരിഗണിക്കേണ്ടതാണ്.’ വല്ലാ൪പാടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥിര സാന്നിധ്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് വാണിജ്യ സെക്രട്ടറി നേരത്തെതന്നെ ത൪ക്കത്തിൽ കക്ഷി ചേ൪ന്നിരുന്നു.  
വല്ലാ൪പാടത്തേത് പ്രത്യേക സാമ്പത്തിക മേഖലയല്ല എന്ന നിലപാടിലാണ് ഇപ്പോഴും കേന്ദ്ര ധനമന്ത്രാലയം. ഒരു വ്യവസായ മേഖലയെ പ്രത്യേക സാമ്പത്തിക മേഖലയായി അംഗീകരിക്കണമെങ്കിൽ അതിൻെറ 25 ശതമാനം ഭാഗവും വിവിധ വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കണം. വല്ലാ൪പാടത്ത് ഇങ്ങനെ ചെയ്യാത്തതിനാൽ പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക് ഇപ്പോഴും അ൪ഹതയില്ലെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.