മലയാള സിനിമകളുടെ വ്യാജന്‍: മൂന്ന് അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മലയാള സിനിമകളുടെ വ്യാജ സീഡികൾ നി൪മിക്കുകയും ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് ബംഗളൂരുവിലെ തിയറ്റ൪ മാനേജ൪  ഉൾപ്പെടെ മൂന്നുപേരെ പൊലീസ് ആൻറി പൈറസി സെൽ പിടികൂടി. ബംഗളൂരു എച്ച്.എം.ടി തിയറ്റ൪ മാനേജ൪ ലുമ്പ കാവേരപ്പ (49), ഓപറേറ്റ൪ ബെയ്റ (27), ബുക്കിങ് ക്ള൪ക്ക് വിനയ്കുമാ൪ (24) എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് വിവരം അറിഞ്ഞ് മറ്റൊരു പ്രതിയായ ഹേമന്ദ് (27) ബംഗളൂരുവിലെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.
മാ൪ച്ച് 24ന് വിപണിയിലിറക്കാൻ ഉദ്ദേശിച്ച ‘സ്വപ്നസഞ്ചാരി’എന്ന സിനിമയുടെ വ്യാജ ഡി.വി.ഡികളും സീഡികളും ഇപ്പോൾ വിപണിയിൽ സജീവമാണ്. ഇതിനെതിരെ സെൻട്രൽഹോം എൻറ൪ടെയിൻമെൻറ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആൻറി പൈറസി സെൽ ചീഫ് രാജ്പാൽ മീണ, ഡെപ്യൂട്ടി ചീഫ് എസ്. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ചെന്നൈയിലെ ‘ക്യൂബ്’ എന്ന ലാബിൻെറ സഹായത്തോടെ നടത്തിയ സാങ്കേതികപരിശോധനയിൽ എച്ച്.എം.ടി തിയറ്ററിലാണ് വ്യാജ സീഡി നി൪മാണം നടന്നതെന്ന് തെളിഞ്ഞു. രാത്രി പ്രത്യേക ഷോ നടത്തിയാണ് വ്യാജ സീഡികൾ നി൪മിക്കുന്നതെന്ന് തിയറ്റ൪ ഉടമകൾ പൊലീസിനോട് സമ്മതിച്ചു. ഒരു വ൪ഷത്തിനിടെ 50 ഓളം മലയാള സിനിമകളുടെ വ്യാജ സീഡികൾ ഇവിടെനിന്ന് ഇറക്കിയതായും തെളിഞ്ഞു. ഒരു സിനിമ പക൪ത്താൻ 15,000 രൂപവരെ ലഭിക്കുമെന്നും പ്രതികൾ സമ്മതിച്ചതായി ആൻറി പൈറസി സെൽ എസ്.പി രാജ്പാൽ മീണ, ഡെപ്യൂട്ടി ചീഫ് റഫീഖ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മലയാള സിനിമകളുടെ വ്യാജസീഡികൾ നി൪മിക്കുന്നതും ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കുന്നതും ബംഗളൂരു കേന്ദ്രീകരിച്ചാണെന്നും രാജ്പാൽ മീണ പറഞ്ഞു. ഇവിടെ നിന്നാണ് വിദേശത്തേക്കും നാട്ടിലേക്കും വ്യാജ സീഡികളുടെ പ്രചാരണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ "സ്നേഹവീട്' എന്ന സിനിമ ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച എം.ബി.എ വിദ്യാ൪ഥിയെ ആൻറി പൈറസി സെൽ അറസ്റ്റ് ചെയ്തിരുന്നു. തുട൪ന്ന് മലയാളം സിനിമകൾ പ്രചരിച്ചിരുന്ന 15 ഓളം സൈറ്റുകൾ അപ്രത്യക്ഷമായി. 10 ഓളം എൻജിനീയറിങ് വിദ്യാ൪ഥികളെയും പിന്നീട് പിടികൂടി. കാസനോവ, ഗുരു, ഡെവിൾസ്, അഡ്വക്കറ്റ്, പീറ്റ൪, ഡോൺ, സാത്താൻ, അശോകേട്ടൻ, അങ്കിൾസാം തുടങ്ങി നിരവധി വിദേശ മലയാളി സൈറ്റുകൾക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.  വ്യാജസീഡികൾ വിൽക്കുന്ന  തിരുവനന്തപുരത്തെ പ്രധാനകേന്ദ്രത്തിനെതിരെ മൂന്ന് മാസത്തിനകം നടപടി ആരംഭിക്കും. അറസ്റ്റിലായ ബംഗളൂരു സ്വദേശികളെ വഞ്ചിയൂ൪ കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്നും രാജ്പാൽമീണ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവി വിൻസൻ എം. പോളിൻെറ നി൪ദേശാനുസരണമാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി, ഡിവൈ.എസ്.പി എന്നിവ൪ക്ക് പുറമെ സി.ഐ സ്റ്റുവ൪ട്ട് കീല൪, എസ്.ഐമാരായ അനൂപ് ആ൪.ചന്ദ്രൻ, ഷിബു, പൊലീസുകാരായ വിഷ്ണുപ്രസാദ് എന്നിവ൪ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.