നഗരത്തില്‍ ചിതറി 14 വേദികള്‍; സംഘാടകര്‍ വിഷമവൃത്തത്തില്‍

കണ്ണൂ൪: ജില്ലാ സ്കൂൾ കലോത്സവത്തിന് കേന്ദ്രീകൃത സ്വഭാവത്തോടെ വേദികളൊരുക്കാൻ കഴിയാത്തത് സംഘാടകരെ പ്രയാസത്തിലാക്കുന്നു. മുഖ്യവേദിയും സംഘാടക സമിതി-പ്രോഗ്രാം കമ്മിറ്റി ഓഫിസുകൾ, ഭക്ഷണശാല, മത്സരാ൪ഥികൾക്ക് ഒരുങ്ങാനുള്ള മുറികൾ എന്നിവ സജ്ജീകരിക്കുന്നത് നഗരമധ്യത്തിലെ ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിലാണെങ്കിലും മറ്റു വേദികൾ പലതും കിലോമീറ്ററോളം അകലെയാണ്.
പലതവണ മാറ്റിവെച്ച മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയും മുൻകൂട്ടി നിശ്ചയിച്ച ‘പൊലിക’ കാ൪ഷിക മേളയും കലോത്സവവും ഒപ്പമായതാണ് പ്രയാസത്തിനിടയാക്കിയത്.
ജനുവരി മൂന്നു മുതൽ ആറുവരെയാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം. രണ്ടു മുതൽ എട്ടുവരെ ‘പൊലിക’ കാ൪ഷിക മേളയും അഞ്ചിന് ജനസമ്പ൪ക്ക പരിപാടിയും നടക്കും. ഈ പരിപാടികൾക്ക് നേരത്തെതന്നെ പന്തലുകൾ ഒരുങ്ങിക്കഴിഞ്ഞു.
സ്കൂൾ കലോത്സവ തീയതി നിശ്ചയിക്കാൻ വൈകിയതിനാൽ കലക്ടറേറ്റ് മൈതാനിയോ സമീപത്തെ പൊലീസ് മൈതാനിയോ ലഭ്യമായില്ല. ഇതുകാരണമാണ് മത്സരവേദികൾ നഗരത്തിൻെറ പലഭാഗങ്ങളിലാക്കേണ്ടിവന്നത്. 14 വേദികളിലായാണ് കലോത്സവ മത്സരങ്ങൾ നടത്തുന്നത്.ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിലെ കൃഷ്ണമണ്ഡപം, ജവഹ൪ ലൈബ്രറി ഓഡിറ്റോറിയം, ജൂബിലി ഹാൾ, ടൗൺ സ്ക്വയ൪, ഗവ. ടി.ടി.ഐ മൈതാനം, ടൗൺ ബാങ്ക് ഓഡിറ്റോറിയം, എസ്.എസ്.എ ഹാൾ, സയൻസ് പാ൪ക്ക് ഹാൾ, സ്പോ൪ട്സ് കൗൺസിൽ ഹാൾ, തളാപ്പ് ഗവ. യു.പി സ്കൂൾ ഹാൾ, സ്കൂൾ ഗ്രൗണ്ട്, താവക്കര ഗവ. യു.പി സ്കൂൾ ഹാൾ എന്നിവിടങ്ങളിലാണ് വേദികളൊരുക്കുക.
കലോത്സവത്തിലെ പ്രധാന ഇനങ്ങളായ നൃത്തമത്സരങ്ങൾ കൃഷ്ണമണ്ഡപത്തിലും ജവഹ൪ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. നാടകമത്സരം പ്രധാനവേദിയിൽനിന്ന് ഏറെ അകലെ ട്രെയ്നിങ് സ്കൂൾ ഗ്രൗണ്ടിലാണ്. വേദികളിലേക്ക് വിധിക൪ത്താക്കളെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ഭക്ഷണം നൽകാനും ഏറെ പ്രയാസപ്പെടേണ്ടിവരുമെന്ന് സംഘാടക൪ പറയുന്നു. നൃത്തയിനങ്ങളിലും മറ്റും മത്സരിക്കുന്നവരെ മേക്കപ്പ് നടത്തിയശേഷം വാഹനങ്ങളിൽ വേദികളിലേക്ക് എത്തിക്കേണ്ടിവരും. കഥകളി വേഷക്കാരും സംഘനൃത്തക്കാരും ദുരിതം ഏറെ അനുഭവിക്കേണ്ടിവരും.
സംഘാടകരും വേദികളിൽ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാൻ പാടുപെടും. നഗരപരിചയമില്ലാത്ത, ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന മത്സരാ൪ഥികളും സഹായികളും രക്ഷിതാക്കളും വേദികൾ കണ്ടെത്താൻ കഴിയാതെ നെട്ടോട്ടമോടുകയും ചെയ്യും.
ജില്ലയിലെ 15 ഉപജില്ലകളിൽനിന്നായി 4500ഓളം വിദ്യാ൪ഥികൾ കലോത്സവത്തിൽ മത്സരിക്കാനെത്തുമെന്നാണ് കരുതുന്നത്. ജനുവരി രണ്ടിന് ഉച്ച രണ്ടിന് രജിസ്ട്രേഷൻ നടത്തും. മൂന്നിന് രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.