ന്യൂദൽഹി: അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ രണ്ടു വ൪ഷത്തിനുശേഷം മുംബൈ ഭീകരാക്രമണകേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രതിചേ൪ത്തു. ഹെഡ്ലിയുടെ കനേഡിയൻ സുഹൃത്ത് തഹവ്വു൪ ഹുസൈൻ റാണ, ലശ്കറെ ത്വയ്യിബയുടെ സ്ഥാപകൻ ഹാഫിസ് സഈദ്, സകിയുറഹ്മാൻ ലഖ്വി, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഓഫിസ൪മാ൪ എന്നിവരെയും ന്യൂദൽഹിയിലെ പ്രത്യേക കോടതിയിൽ സമ൪പ്പിച്ച കുറ്റപത്രത്തിൽ പ്രതിചേ൪ത്തു. ഇന്ത്യക്കെതിരെ യുദ്ധം നയിച്ചു എന്നാണ്് ഇവ൪ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. പ്രധാന പ്രതികൾ അമേരിക്ക, കാനഡ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായത് അന്വേഷണത്തിന് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഹെഡ്ലിയും റാണയും ഇപ്പോഴും അമേരിക്കയുടെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി ഷികാഗോയിൽ പോയെങ്കിലും ഹെഡ്ലിയെ ഒറ്റക്ക് ചോദ്യംചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അമേരിക്ക സമ്മതിച്ചില്ല. പകരം ഇന്ത്യ എഴുതിക്കൊടുത്ത ചോദ്യാവലി അമേരിക്കൻ ഉദ്യോഗസ്ഥ൪ ചോദിക്കുകയും ഹെഡ്ലിയുടെ മറുപടി എൻ.ഐ.എയെ അവ൪തന്നെ അറിയിക്കുകയുമായിരുന്നു.
അമേരിക്കൻ ചാരസംഘടന സി.ഐ.എയുടെയും പാക് ചാര സംഘടന ഐ.എസ്.ഐയുടെയും ഇരട്ട ഏജൻെറന്ന് പറയപ്പെടുന്ന ഹെഡ്ലിക്ക് അനുകൂലമായ തരത്തിൽ സംശയാസ്പദമായ നിലപാടാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്. ഏത് വിദേശ രാജ്യത്തിനും അമേരിക്കയിൽവെച്ച് തന്നെ ചോദ്യംചെയ്യാമെന്ന് ഹെഡ്ലി സമ്മതിച്ചിരുന്നു. അമേരിക്കയുടെ അറ്റോ൪ണി ഓഫിസ് നി൪ദേശിച്ചാൽ അമേരിക്കയിൽ നടത്തുന്ന നീതിന്യായ നടപടികൾക്കും സഹകരിക്കാമെന്നാണ് ഹെഡ്ലി പറഞ്ഞത്്. ഹെഡ്ലിയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് അവസരം ലഭിക്കുമെന്ന് അമേരിക്കൻ അറ്റോ൪ണി ജനറൽ എറിക് ഹോൾഡ൪ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന് ഉറപ്പുനൽകിയ ശേഷം അമേരിക്ക നിലപാട് മാറ്റുകയായിരുന്നു.
പാകിസ്താൻ വംശജനായ അമേരിക്കൻ പൗരൻ തഹവ്വു൪ റാണക്കെതിരെ 2009 നവംബ൪ 12നാണ് ഇന്ത്യയിൽ കേസ് രജിസ്റ്റ൪ ചെയ്തത്. തുട൪ന്ന് നടന്ന അന്വേഷണത്തിൽ മറ്റു പ്രതികളെക്കൂടി കുറ്റപത്രത്തിൽ ചേ൪ക്കുകയായിരുന്നു. 300 സാക്ഷികളെ വിസ്തരിച്ചാണ് എൻ.ഐ.എ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. മുംബൈ ആക്രമണത്തിന് 2005ൽ ലശ്കറെ ത്വയ്യിബയും ഹ൪കത്തുൽ ജിഹാദിൽ ഇസ്ലാമിയും ചേ൪ന്ന് ആസൂത്രണം നടത്തിയെിന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐ.എസ്.ഐ ഓഫിസ൪മാരായ മേജ൪ സമീ൪ അലി, മേജ൪ ഇഖ്ബാൽ എന്നിവരുടെ സഹകരണത്തോടെ സഈദ്, ലഖ്വി, കശ്മീരി എന്നിവരാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും കുറ്റപത്രം വിശദീകരിക്കുന്നു. ആക്രമണത്തിൻെറ തന്ത്രപരമായ നീക്കങ്ങൾക്കുള്ള ചുമതല ഹെഡ്ലിക്കും റാണക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.