നിയമങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യ ബസുകള്‍ മരണപ്പാച്ചില്‍

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ബസുകളുടെ  മരണപ്പാച്ചിൽ തുടരുന്നു. അപകടങ്ങളിൽ  ഇരയായവ൪ നിരവധി. വാഹനം ഓടിക്കുമ്പോൾ  പാലിക്കേണ്ട സാമാന്യമര്യാദകളും ഗതാഗത നിയമങ്ങളും പാലിക്കാതെ തലസ്ഥാനനഗരിയിൽ വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുകയാണ്.  ലാഭംകൊയ്യാൻവേണ്ടിയുള്ള പ്രൈവറ്റ്  ബസുകളുടെ മത്സര ഓട്ടങ്ങൾക്കിടയിൽപെട്ട് ഗുരുതരമായി പരിക്കേൽക്കുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണവും  വ൪ധിക്കുകയാണ് ദിനംപ്രതി. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ഇക്കാര്യത്തിൽ ഇടപെടുന്നില്ല.
നഗരത്തിലോടുന്ന മിക്ക സ്വകാര്യബസുകളും ഇപ്പോൾ ട്രിപ്പ്  തുടങ്ങേണ്ടസമയവും അവസാനിപ്പിക്കേണ്ട സമയവും കൃത്യമായി പാലിക്കുന്നില്ളെന്നതാണ് മറ്റൊരു ആരോപണം. കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ ആളെക്കയറ്റാനായി പാ൪ക്ക് ചെയ്യുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ യാത്രക്കാ൪ നിറയാതെ പുറപ്പെടില്ല. ഉള്ളിൽ കയറുന്ന യാത്രക്കാ൪ക്ക് ആദ്യമേ ടിക്കറ്റ് നൽകുന്നതിനാൽ മറ്റൊരു ബസിൽ യാത്ര തുടരാനും കഴിയാത്ത ഗതികേടിലാണ്.
ഇക്കാര്യത്തിൽ യാത്രക്കാരും ബസ് ജീവനക്കാരുമായി കിഴക്കേകോട്ട, തമ്പാനൂ൪, പേരൂ൪ക്കട, മെഡിക്കൽ കോളജ്, നെട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ വാക്കുത൪ക്കങ്ങളും പതിവാണ്.
ഇതിന്  പുറമെയാണ്  മരണപ്പാച്ചിലിനിടെ സ്വകാര്യ ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ. ഏറ്റവുമൊടുവിൽ പേരൂ൪ക്കട ജങ്ഷന് സമീപം വ്യാഴാഴ്ച വൈകുന്നേരം  ബൈക്ക് യാത്രക്കാരെ  സ്വകാര്യബസ് ഇടിച്ചിട്ടിരുന്നു. അമിതവേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സതീഷ്കുമാ൪, നെട്ടയം മണികണ്ഠേശ്വരം സ്വദേശി രാധാകൃഷ്ണൻ എന്നിവരെ ഇടിച്ചിട്ടശേഷം സതീഷ്കുമാറിൻെറ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി  പരിക്കേറ്റ  ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം  സംഭവത്തെ തുട൪ന്ന് പ്രൈവറ്റ് ബസ് ഉപേക്ഷിച്ച് ജീവനക്കാ൪ കടന്നുകളഞ്ഞു.
ഇതിൽ പ്രതിഷേധിച്ച് നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേ൪ന്ന് ബസിൻെറ ചില്ലുകൾ  അടിച്ചുതക൪ത്തു. നഗരത്തിൽ ഒരു സമയത്ത് ജനത്തിൻെറ പേടിസ്വപ്നവും അപകടങ്ങൾ വരുത്തുന്നതിൻെറ പേരിൽ കുപ്രസിദ്ധിയുമാ൪ജിച്ച ‘റാണി’ ബസുകളിലൊന്നാണ്  വ്യാഴാഴ്ച പേരൂ൪ക്കടയിലും അപകടം വരുത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച  ജനറൽ ആശുപത്രി ജങ്ഷനിൽ വൃദ്ധയുടെ കാലിലൂടെ ചക്രം കയറ്റിയിറക്കിയതിന് പിന്നിലും നഗരത്തിലോടുന്ന സ്വകാര്യബസ് തന്നെ വില്ലൻ. പേട്ടയിൽനിന്ന് പാളയത്തേക്കുവന്ന ബസിലെ യാത്രക്കാരിയായ ആറ്റുകാൽ സ്വദേശിനി പാറുക്കുട്ടിയാണ് അപകടത്തിനിരയായത്. ജനറൽ ആശുപത്രി ജങ്ഷനിൽ നി൪ത്തിയ സ്വകാര്യ ബസിൽനിന്നിറങ്ങുന്നതിന് മുമ്പെ ബസ് മുമ്പോട്ടെടുത്തതായിരുന്നു അപകടകാരണം. ബസിൽനിന്ന് താഴെ വീണ ഇവരുടെ കാലിൽ ബസിൻെറ പിൻചക്രം കയറുകയായിരുന്നു. അടുത്തിടെ  കിഴക്കേകോട്ട, ആയു൪വേദ കോളജ്, കരമന എന്നിവിടങ്ങളിലും സമാനഅപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാം സ്വകാര്യബസുകളുടെ മരണപ്പാച്ചിലിലും ജീവനക്കാരുടെ അശ്രദ്ധകൊണ്ടും മാത്രം സംഭവിച്ചവയാണ്.
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ട്രാഫിക് നിയമങ്ങളെല്ലാം കാറ്റിൽപറത്തി പായുന്ന പ്രൈവറ്റ് ബസുകളുടെ യാത്രകളും ഇതിലെ ജീവനക്കാരുടെ ചെയ്തികളും  നാട്ടുകാ൪ക്കും യാത്രക്കാ൪ക്കും സുപരിചിതമാണെങ്കിലും  ഇതൊന്നും  കണ്ടില്ളെന്ന മട്ടിലാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.