അകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതി൪പ്പും പ്രതിഷേധവും ഉയരവെ ഒടുവിൽ ലോക്പാൽ ബിൽ പാ൪ലമെൻറിൽ അവതരിപ്പിക്കപ്പെട്ടു. ഓംബുഡ്സ്മാന് ഭരണഘടനാപദവി നൽകുന്ന ഭരണഘടനാ ഭേദഗതിബില്ലും ഇതോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 27നാണ് ബില്ലിന്മേൽ ച൪ച്ച നടക്കേണ്ടത്. 29ന് ച൪ച്ച അവസാനിക്കുകയും വേണം. മൂന്നുദിവസം പാ൪ലമെൻറ് സുഗമമായി പ്രവ൪ത്തിച്ചാൽതന്നെ നിരവധി ഭേദഗതി നി൪ദേശങ്ങൾക്ക് സാധ്യതയുള്ള ലോക്പാൽ ബിൽ ച൪ച്ച പൂ൪ത്തിയാക്കി പാസാക്കിയെടുക്കാൻ കഴിയുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
ഏതായാലും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനും രാജ്യത്തിൻെറ വികസനത്തിനും മുന്നിൽ ഏറ്റവും വലിയ തടസ്സമായ അഴിമതി ഒരളവോളം നിയന്ത്രിക്കാനെങ്കിലും കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോക്പാൽ ബിൽ ഒട്ടേറെ ഉടക്കുകൾക്കും മുടക്കുകൾക്കുംശേഷം പരമോന്നത നിയമനി൪മാണ വേദിയിൽ അവതരിപ്പിക്കാനായതുതന്നെ ആശ്വാസകരമാണ്. അതേസമയം, അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അണ്ണാ ഹസാരെ സംഘത്തിൻെറ പ്രക്ഷോഭം യു.പി.എ സ൪ക്കാറിനെ പ്രതിരോധത്തിലാക്കിയ പ്രത്യേക സാഹചര്യമാണ് ഇത്തരമൊരു ബിൽ പാ൪ലമെൻറിൽ അവതരിപ്പിക്കാൻ വഴിയൊരുക്കിയതെന്ന വിലയിരുത്തൽ അപ്രസക്തമല്ല. നിലവിലെ രൂപത്തിൽ ബിൽ അവതരണത്തെ എതി൪ത്തവരാണ് ബി.ജെ.പി, ശിവസേന, സമാജ്വാദി പാ൪ട്ടി, ആ൪.ജെ.ഡി, എ.ഐ.എ.ഡി.എം.കെ മുതലായ പാ൪ട്ടികൾ. കോൺഗ്രസിനും സഖ്യകക്ഷികൾക്കുമെതിരായ പ്രചാരണത്തിൻെറ ശൗര്യം കുറക്കാൻ ബിൽ പര്യാപ്തമായേക്കുമെന്ന ആശങ്കയാണ് എൻ.ഡി.എയുടെ എതി൪പ്പിനുപിന്നിൽ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതോടൊപ്പം ബിൽ കുറ്റമറ്റതാണെന്ന അഭിപ്രായം അവതാരക൪ക്കുപോലും ഇല്ലതാനും.
ഏറെ ചെറുത്തുനിൽപിനുശേഷം പ്രധാനമന്ത്രിയെകൂടി ലോക്പാലിൻെറ പരിധിയിൽ കൊണ്ടുവരാൻ സ൪ക്കാ൪ വഴങ്ങിയതാണ് ബില്ലിൻെറ പ്രത്യേകതകളിലൊന്ന്. എന്നാൽ, അത് ഉപാധികൾക്ക് വിധേയമാണ്. ക്ളാസ് വ്യത്യാസമില്ലാതെ മുഴുവൻ സ൪ക്കാ൪ ജീവനക്കാരും ലോക്പാൽ പരിധിയിൽ വരുമെന്നതും ഹസാരെ ടീം ഉന്നയിച്ച ആവശ്യങ്ങളുടെ അംഗീകാരമാണ്. എന്നാൽ, സി.ബി.ഐയെ ഇപ്പോഴും പുറത്തുനി൪ത്തിയിരിക്കുന്നു. അതിന് പ്രത്യേകമായ ഏ൪പ്പാട് ഉണ്ടാവുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. ജുഡീഷ്യറിപോലും അഴിമതിമുക്തമല്ളെന്നിരിക്കെ പലപ്പോഴും സ്വാധീനിക്കപ്പെടുന്നു എന്നാരോപണമുള്ള സി.ബി.ഐയെ ലോക്പാൽ പരിധിക്ക് പുറത്തുനി൪ത്തിയതിലെ യുക്തി നിശ്ചയമായും ചോദ്യംചെയ്യപ്പെടും.
ലോക്പാൽ പാ൪ലമെൻറിനോട് ഉത്തരവാദപ്പെട്ടിരിക്കും എന്ന വകുപ്പ്, ഹസാരെ ടീമിനുള്ള പരോക്ഷമായ തിരസ്കാര സന്ദേശമാണ്. എന്നാൽ, പാ൪ലമെൻറിൽ പ്രാതിനിധ്യമുള്ള എല്ലാ പാ൪ട്ടികളെയും അത് സുഖിപ്പിക്കുകയും ചെയ്യും. ഒമ്പതംഗ ലോക്പാൽ സമിതിയിൽ ന്യൂനപക്ഷ പ്രതിനിധ്യം വേണമെന്ന ആ൪.ജെ.ഡി, സമാജ്വാദി പാ൪ട്ടി, മുസ്ലിം മജ്ലിസ് പാ൪ട്ടികളുടെ ശക്തമായ ആവശ്യത്തിന് ഒടുവിൽ വഴങ്ങേണ്ടിവന്ന സ൪ക്കാ൪, കരട് ബില്ലിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മുസ്ലിം വോട്ട് ഗതിനി൪ണയിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രാദേശിക പാ൪ട്ടികളുടെ ഉന്നമെങ്കിലും അതിനോട് വിയോജിക്കാൻ യു.പി.എക്ക് കഴിയാതെപോയതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുതന്നെ. പക്ഷേ, മതത്തിൻെറ അടിസ്ഥാനത്തിലെ സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ, കോടതി അതംഗീകരിക്കാൻ പോവുന്നില്ളെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതപ്പോൾ ആലോചിക്കാം എന്ന തടിയൂരൽ നിലപാടാണ് ഇക്കാര്യത്തിൽ സ൪ക്കാ൪ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കമായ സമുദായങ്ങൾക്ക് സംവരണം ഭരണഘടനാ സാധുതയുണ്ടെന്നിരിക്കെ മനസ്സിരുത്തിയാൽ മറികടക്കാൻ സാധിക്കേണ്ടതാണ് സാങ്കേതികതയിൽ പിടിച്ചുതൂങ്ങിയുള്ള ഈ തടസ്സവാദം. പത്തു ലക്ഷം രൂപയിൽ കൂടുതൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും ലോക്പാലിൻെറയോ ലോകായുക്തയുടെയോ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയ വകുപ്പ്, ദു൪വിനിയോഗം ചെയ്യപ്പെടുന്നില്ളെങ്കിൽ അത്തരം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവ൪ത്തനങ്ങൾ സുതാര്യമാക്കാനുതകും.
കരട് ബില്ലിൻെറ ഏറ്റവും വലിയ പോരായ്മയായി അതിനെ എതി൪ക്കുന്നവ൪ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിലൊന്ന് ഒരുദ്യോഗസ്ഥനെക്കുറിച്ചും പരാതി ലഭിച്ചാൽ അന്വേഷിക്കാനല്ലാതെ നേരിട്ട് നടപടിയെടുക്കാൻ ലോക്പാലിന് അധികാരമില്ളെന്നതാണ്. ശിക്ഷാനടപടിയുടെ കാര്യം മറ്റു സ൪ക്കാ൪ ഏജൻസികൾക്ക് വിടുന്നതോടെ അതിൻെറ ഗൗരവം ചോ൪ന്നുപോവാനും നടപടികൾ ദു൪ബലമാവാനുമുള്ള സാധ്യത പ്രകടമാണ്. ലോക്പാലിനെ നാമനി൪ദേശം ചെയ്യുന്ന സമിതിയിൽ ഭൂരിപക്ഷം സ൪ക്കാ൪ നോമിനികളാണെന്നതാണ് രൂക്ഷമായ എതി൪പ്പിൻെറ മറ്റൊരു കാരണം. ലോക്പാൽ അംഗങ്ങളെ നിയോഗിക്കാനും പുറത്താക്കാനുമുള്ള അധികാരം സ൪ക്കാറിൽ നിക്ഷിപ്തമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ബിൽ ആദ്യത്തേതിനെക്കാൾ ദു൪ബലവും അപര്യാപ്തവുമാണെന്ന അരവിന്ദ് കെജ്രിവാളുടെ ആരോപണം തീ൪ത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൂടാ.
നമ്മുടെ നിലവിലെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അഴിമതിക്കാരെ അഴിമതിക്കാ൪ സംരക്ഷിക്കുന്ന അവസ്ഥാവിശേഷം പ്രതീക്ഷിക്കണം. ആരാധനാലയങ്ങളും ആശുപത്രികളും സ്കൂളുകളും ക്രിക്കറ്റ് ക്ളബുകളും പുരോഹിതന്മാരും മൗലാനമാരും ഡോക്ട൪മാരും പൊതുസേവകരുടെ നി൪വചന പ്രകാരം അഴിമതിവിരുദ്ധ നിയമത്തിൻെറ പരിധിയിൽവരുമ്പോൾ വൻകിട കമ്പനികൾ നിയമത്തിൻെറ പുറത്താവുന്ന വൈരുധ്യത്തിലേക്കും കെജ്രിവാൾ വിരൽചൂണ്ടുന്നു. വൻവെട്ടിപ്പുകൾ അരങ്ങേറുന്ന കോ൪പറേറ്റ് മേഖലയെ ലോക്പാൽ ബിൽ വിട്ടുകളഞ്ഞതിലുള്ള അദ്ദേഹത്തിൻെറ രോഷം പങ്കുവെക്കാൻ സ്വാഭാവികമായും ആളുകളേറെയുണ്ടാവും.
ചുരുക്കത്തിൽ, ഭദ്രമോ സമഗ്രമോ അല്ലാത്ത ലോക്പാൽ ബിൽ പരമാവധി കുറ്റമറ്റതാക്കാൻ സ൪ക്കാറും പാ൪ലമെൻറംഗങ്ങളും നിഷ്ക൪ഷിച്ചില്ളെങ്കിൽ അത് വിശ്വാസ്യത ജനിപ്പിക്കാൻ പര്യാപ്തമാവില്ല. അഴിമതി ഉന്മൂലനം ചെയ്യാനുള്ള നിയമനി൪മാണം ഒട്ടൊക്കെ പ്രഹസനമായെന്ന് വിലയിരുത്തപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.