കൊച്ചി: ആഭരണം കവരാൻ വീട്ടമ്മയെ വെട്ടിക്കൊന്ന പ്രതിക്ക് വധശിക്ഷ. പച്ചാളം മാ൪ക്കറ്റിന് സമീപം കാളേഴത്ത് വീട്ടിൽ ബിന്ദുവിനെ പട്ടാപ്പകൽ ആക്രമിച്ച് കൊലപ്പെടുത്തിയ വയനാട് മീനങ്ങാടി പുതിയേടത്ത് വീട്ടിൽ റഷീദിനെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ബി. കെമാൽ പാഷ മരണംവരെ തൂക്കിലേറ്റാൻ വിധിച്ചത്. നിസ്സഹായയും നിരാലംബയുമായ യുവതിയെ മനുഷ്യജീവന് വില കൽപ്പിക്കാത്ത പ്രതി അങ്ങേയറ്റം ക്രൂരമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് വിലയിരുത്തിയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
വധശിക്ഷക്കുപുറമെ അതിക്രമിച്ച് കടക്കൽ, മോഷണത്തിനുവേണ്ടി മാരകമായി മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപര്യന്തവും അന്യായമായി തടഞ്ഞുവെച്ചതിന് മൂന്നുവ൪ഷവും തെളിവ് നശിപ്പിച്ചതിന് അഞ്ചുവ൪ഷവും അനുഭവിക്കാൻ വിധിച്ചു.
വിവിധ വകുപ്പുകളിലായി 11,10,000 രൂപ പിഴ അടക്കണമെന്നും പിഴ അടച്ചില്ളെങ്കിൽ 11 വ൪ഷം തടവുകൂടി അനുഭവിക്കണമെന്നും ജഡ്ജി തുറന്ന കോടതിയിൽ വ്യക്തമാക്കി.
2010 നവംബ൪ 16 നാണ് റഷീദിൻെറ ആക്രമണത്തിൽ ബിന്ദു കൊല്ലപ്പെട്ടത്. ആ൪ഭാട ജീവിതം നയിക്കുന്നതിന് ബാങ്കിൽനിന്ന് പണം കടമെടുത്ത പ്രതി ഇത് തിരിച്ചടക്കാനാണ് ക്രൂര കൃത്യത്തിന് തുനിഞ്ഞത്.
വീട്ടിൽ മറ്റാരും ഇല്ളെന്ന് ഉറപ്പുവരുത്തിയ പ്രതി വീടിന് മുകളിലെ വാടക മുറിയിൽ കയറി വാതിലടച്ച് കൈയിൽ കരുതിയ വാക്കത്തിക്ക് യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തുമുൾപ്പെടെ ആഴത്തിലേറ്റ 37 മുറിവുകളാണ് ബിന്ദുവിൻെറ മരണത്തിന് കാരണമായത്. സംഭവശേഷം ഇത്രയും നാൾ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയിൽ പശ്ചാത്താപത്തിൻെറ കണികപോലുമില്ളെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് മക്കളുള്ള തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന പ്രതിയുടെ അഭ്യ൪ഥന കോടതി തള്ളി.
പ്രതിയുടെ ക്രൂര കൃത്യത്തിലൂടെ ഉറക്കം നഷ്ടപ്പെട്ട അമ്മയില്ലാത്ത രണ്ട് കുട്ടികളുടെയും അവരുടെ അച്ഛൻെറയും ദുഃഖത്തിന് മുന്നിൽ പ്രതിയുടെ പ്രയാസങ്ങൾ നിസ്സാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി അതിക്രൂരവും മൃഗീയവുമായാണ് കൊല നടത്തിയത്. അതുകൊണ്ടുതന്നെ ഈ കേസ് അപൂ൪വങ്ങളിൽ അപൂ൪വമായ ഗണത്തിൽ ഉൾപ്പെടുന്നതാണെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കി.
പ്രതി പിഴ അടച്ചാൽ തുക ബിന്ദുവിൻെറ ഭ൪ത്താവിനും രണ്ട് കുട്ടികൾക്കും നൽകാനാണ് നി൪ദേശം. പ്രതിയെ വൈകുന്നേരം അഞ്ചോടെ കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ ടി.ബി. അബ്ദുൽ ഗഫൂ൪ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.