കോഴിക്കോട്: വിജിലൻസ് വിഭാഗം ജില്ലയിലെ നാല് ആ൪.ടി.ഒ, ജോയൻറ് ആ൪.ടി ഓഫിസുകളിൽ ബുധനാഴ്ച നടത്തിയ മിന്നൽപരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
വിജിലൻസ് ഡയറക്ട൪ എൻ. ശങ്ക൪റെഡ്ഡിയുടെ നി൪ദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ ആ൪.ടി ഓഫിസുകളിലും ഒരേസമയമായിരുന്നു ‘ഓപറേഷൻ എ.ബി.സി’ റെയ്ഡ്.
അപേക്ഷകൾ അകാരണമായി വെച്ചുതാമസിപ്പിക്കുന്നതായും ലൈസൻസ്, ആ൪.സി കാ൪ഡ് തുടങ്ങി നടപടി പൂ൪ത്തിയായ വിവിധ രേഖകൾ അപേക്ഷക൪ക്ക് അയച്ചുകൊടുക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. കൊടുവള്ളി ജോയിൻറ് ആ൪.ടി ഓഫിസിലാണ് ഏറ്റവുമധികം ക്രമക്കേടുകൾ കണ്ടെത്തിയത്.
രാവിലെ 10ന് കാഷ് കൗണ്ട൪ തുറക്കുന്നതിനുമുമ്പ് കാഷ്യറുടെ കാബിനിൻെറ പിൻഭാഗത്തുവെച്ച് ഏജൻറുമാരിൽനിന്ന് അപേക്ഷകളും ഫീസും നേരിൽ കൈപ്പറ്റുന്നതായും കണ്ടെത്തി.
രാവിലെ 9.30ന് ഏജൻറുമാരിൽനിന്ന് കാഷ്യ൪ പണം വാങ്ങുമ്പോൾ, രാവിലെ ആറുമുതൽ ക്യൂവിൽനിന്നവ൪ക്ക് സേവനം വൈകുന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ ഇങ്ങനെ പണം സ്വീകരിച്ച കാഷ്യറെ കൈയോടെ പിടികൂടി.
ഏജൻറുമാരെക്കുറിച്ചുള്ള വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിൽ തിരിമറി നടക്കുന്നതായി പരാതി ഉയ൪ന്നിരുന്നു. ജയിക്കാൻ സാധ്യതയുള്ളവരെ മനഃപൂ൪വം തോൽപിക്കുന്നതായും തോറ്റവരെ ജയിപ്പിക്കുന്നതായുമാണ് പരാതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിലെത്തിയ വിജിലൻസ് സംഘം ടെസ്റ്റ് നടപടിക്രമങ്ങൾ രഹസ്യകാമറയിൽ ചിത്രീകരിച്ചിരുന്നു.
ഇവ പരിശോധിച്ചുവരുകയാണെന്ന് വിജിലൻസ് അറിയിച്ചു. നാല് ഓഫിസുകളിലും നടപടി പൂ൪ത്തിയായ കെട്ടുകണക്കിന് രേഖകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.
എവിടെനിന്നും കണക്കിൽപെടാത്ത പണം പിടികിട്ടിയിട്ടില്ല. രജിസ്റ്ററിൽ ഒപ്പിട്ടശേഷം ചില ഉദ്യോഗസ്ഥ൪ മുങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. ഡ്രെവിങ് ടെസ്റ്റ് ബുധനാഴ്ച ഇല്ലാത്തതിനാൽ പണമിടപാട് സംബന്ധിച്ച പരിശോധന ആയിരുന്നില്ളെന്നും മറ്റ് ക്രമക്കേടുകളാണ് പരിശോധിച്ചതെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. സി.ഐമാരായ ജെ. സന്തോഷ്കുമാ൪ കോഴിക്കോട്ടും എം. കൃഷ്ണൻ വടകരയിലും അബ്ദുൽ വഹാബ് കൊയിലാണ്ടിയിലും സി. ചന്ദ്രൻ കൊടുവള്ളിയിലും പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.