അർബൻ ക്രൂസർ എബെല്ല
ഇന്ത്യൻ വാഹന വിപണിയിലെ ഹൈബ്രിഡ് രാജാക്കന്മാരായ ടൊയോട്ട, തങ്ങളുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് വാഹനമായ അർബൻ ക്രൂസർ എബെല്ല (Urban Cruiser Ebella) ഉടൻ വിപണിയിൽ എത്തിക്കും. മാരുതി സുസുക്കിയുടെ 'ഇ-വിറ്റാര'യുമായി സഹകരിച്ച് വികസിപ്പിച്ച ഈ മോഡൽ, ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഷോറൂമുകളിൽ എത്തും.
ഒറ്റത്തവണ ചാർജ് ചെയ്താൽ 440 കിലോമീറ്റർ മുതൽ 543 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എങ്കിലും യഥാർത്ഥ റോഡുകളിൽ 350-450 കി.മീ റേഞ്ച് പ്രതീക്ഷിക്കാം. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എബെല്ല വിപണിയിൽ ലഭ്യമാകുന്നത്. 49 kWhന്റെ ആദ്യബാറ്ററി 144 എച്ച്.പി കരുത്തും 189 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 440 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 61 kWhന്റെ രണ്ടാമത്തെ ബാറ്ററിയാണ് കൂടുതൽ റേഞ്ച് നൽകുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്ററാണ് ടൊയോട്ട അർബൻ ക്രൂസർ എബെല്ലയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഈ ബാറ്ററി 174 എച്ച്.പി കരുത്തിൽ 189 എൻ.എം ടോർക് ഉത്പാദിപ്പിച്ച് കൂടുതൽ വേഗത്തിൽ വാഹനത്തെ ചലിപ്പിക്കും.
ടൊയോട്ടയുടെ ആഗോള ഡിസൈൻ ശൈലിയായ 'ഹാമർഹെഡ്' ഡിസൈനിലാണ് എബെല്ല ഒരുങ്ങുന്നത്. 4,285 എം.എം നീളം, 1,800 എം.എം വീതി, 1,640 എം.എം ഉയരം, 2,700 എം.എം വീൽബേസുമാണ് അർബൻ ക്രൂസർ എബെല്ലയുടെ ആകെ വലുപ്പം.
ഷാർപ്പ് എൽ.ഇ.ഡി ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, 185 എം.എം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവക്ക് പുറമെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 310 ലിറ്റർ ബൂട്ട് സ്‌പേസ് എന്നിവയും എബെല്ലയുടെ സവിശേഷതകളാണ്.
ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ റേറ്റിങ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എബെല്ലയിൽ ഏഴ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് എന്നിവയുണ്ട്. ബാറ്ററിയ്ക്ക് 8 വർഷത്തെ വാറന്റിയും മൂന്ന് വർഷത്തിന് ശേഷം 60 ശതമാനം ബൈബാക്ക് വാഗ്‌ദാനവും ടൊയോട്ട നൽകുന്നുണ്ട്.
ടാറ്റ കർവ്വ് ഇവി, എം.ജി വിൻഡ്‌സർ ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇവി എന്നിവയുമായി മത്സരിക്കുന്ന എബെല്ലക്ക് 16 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. കൂടാതെ, 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) പ്ലാൻ വഴി ഏകദേശം 13.5 ലക്ഷം രൂപയ്ക്ക് പ്രാരംഭ മോഡൽ സ്വന്തമാക്കാനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.