പന്തീരാങ്കാവ്: കടത്തുതോണി നിലച്ച് യാത്രാ ദുരിതമനുഭവിക്കുന്ന പെരുമണ്ണ-വാഴയൂ൪ ഗ്രാമപഞ്ചായത്തുകളിലെ ചാലിയാ൪ തീരവാസികളുടെ പാലത്തിനായുള്ള മുറവിളിക്ക് പ്രതീക്ഷയുടെ ചിറകടിയൊച്ച. ചാലിയാറിന് കുറുകെ പുറ്റേക്കടവ്-മൂളപ്പുറം കടവുകളെ ബന്ധിപ്പിക്കുന്ന പാലം നി൪മിക്കാൻ നടപടിയെടുക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉറപ്പ് നൽകി. 1994 ജനുവരി 26ന് നെച്ചിക്കട്ട്കടവിൽ കടത്തുതോണി മറിഞ്ഞ് വിവാഹ സംഘത്തിലെ ആറു പേ൪ മരിച്ചതോടെയാണ് ഇവിടെ കടത്തുതോണി നിലച്ചതും പാലത്തിനായുള്ള മുറവിളി ഉയ൪ന്നതും. തുട൪ന്ന് ഇരു പഞ്ചായത്തുകളിലുമുള്ളവ൪ ചേ൪ന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പാലത്തിനായുള്ള സമര പാതയിലായിരുന്നു.
മൈസൂ൪, വയനാട് ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാ൪ക്ക് നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ കരിപ്പൂ൪ എയ൪പോ൪ട്ട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, തൃശൂ൪, എറണാകുളം ഭാഗങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താവുന്നതാണ് നി൪ദിഷ്ട പാത. നിലവിൽ ഇരു പ്രദേശങ്ങളിലുമുള്ളവ൪ക്ക് അക്കരെയിക്കരെയെത്താൻ 16 കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് നാല് ബസുകൾ കയറിയിറങ്ങണം. കൊണ്ടോട്ടി എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയെയും കണ്ടത്. പാലം നി൪മാണത്തിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് സമ൪പ്പിക്കാൻ റോഡ്-പാലം വകുപ്പ് ഉന്നത ഉദ്യോഗസ്ഥ൪ക്ക് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നി൪ദേശം നൽകി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. പീതാംബരൻ, വാഴയൂ൪ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.എം. ഹിബത്തുല്ല, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദിനേശ് പെരുമണ്ണ, കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് അംഗം എം.കെ. മൂസ, ഇ.കെ. ഫാറൂഖ്, ടി. സൈതുട്ടി, പി.വി.എ. ജലീൽ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.