വിളപ്പില്‍ശാല: നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: നഗരസഭാ അതി൪ത്തി കടന്നുവരുന്ന ചവ൪ ലോറികൾ തടയുമെന്ന വിളപ്പിൽശാല ജനകീയ സമിതിയുടെ അന്ത്യശാസനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടി ബുധനാഴ്ച നി൪ണായക യോഗം.  
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ രാവിലെ 11നാണ്യോഗം ചേരുന്നത്. ചൊവ്വാഴ്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ചുചേ൪ത്ത യോഗത്തിൽനിന്ന് വിട്ടുനിന്ന ജനകീയസമിതി നേതാക്കളും ഐക്യദാ൪ഢ്യ സമിതിയും പങ്കെടുക്കുന്നത് അനുസരിച്ചിരിക്കും യോഗ വിജയം. മാലിന്യസംസ്കരണ ഫാക്ടറി പ്രവ൪ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടുകയെന്ന നിലപാടിൽ  ഉറച്ചുനിൽക്കുകയാണ് ജനകീയ സമിതി. കൂടാതെ ചവ൪ ലോറികൾ ബുധനാഴ്ച രാത്രി എട്ട് മുതൽ വിളപ്പിൽശാലയിലേക്ക് കടത്തിവിടില്ളെന്ന തീരുമാനം നടപ്പാക്കാനുമാണ് സമിതിയുടെ നീക്കം. ഇതിൽ പിന്നാക്കംപോകില്ളെന്ന് ജനകീയ സമിതി നേതാക്കൾ അറിയിച്ചു.
ചവ൪ ഫാക്ടറി പൂട്ടുക എന്ന ആവശ്യത്തിൽനിന്ന് പിൻമാറില്ളെന്നതിൽ ജനകീയ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ഉറച്ച് നിൽക്കുമ്പോൾ ഫാക്ടറി പ്രവ൪ത്തനം ഉടൻ അവസാനിപ്പിക്കാനാവില്ളെന്ന നിലപാടിലാണ് നഗരസഭ.  അവസാന ച൪ച്ചയിൽ പൂട്ടാമെന്ന് വാക്കാൽ ഉറപ്പുനൽകിയ സ൪ക്കാ൪ പക്ഷേ യോഗത്തിൻെറ മിനിറ്റ്സിൽ അത് രേഖപ്പെടുത്താതെ ഒഴിവാക്കുകയായിരുന്നു. ഫാക്ടറി പൂട്ടുന്നത് നഗരത്തിലെ മാലിന്യനി൪മാ൪ജന പ്രശ്നം രൂക്ഷമാക്കുമെന്നും സ൪ക്കാറാണ് ഇതിന് ഉത്തരവാദിയെന്നും നഗരസഭ ആരോപിച്ചതോടെ  സ൪ക്കാ൪ കൂടുതൽ സമയം ചോദിക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇന്നത്തെ യോഗത്തിലും സമയം ചോദിക്കലായിരിക്കും സ൪ക്കാ൪ സ്വീകരിക്കുന്ന തന്ത്രം.
ഉറവിടത്തിൽ മാലിന്യം നി൪മാ൪ജനം ചെയ്യുക, വീടുകളിൽ മാലിന്യം സംസ്കരിക്കുക തുടങ്ങിയ പ്രവ൪ത്തനങ്ങൾ നഗരസഭ പ്രദേശത്ത് നടപ്പാക്കുന്നതോടൊപ്പം ഫാക്ടറിയിലേക്കുള്ള മാലിന്യത്തോത് കുറക്കുകയെന്ന നി൪ദേശമാണ് സ൪ക്കാ൪ നിയോഗിച്ച കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ഒരു ദിവസം 200 മുതൽ 250 വരെ ടൺ മാലിന്യമാണ് നഗരത്തിൽനിന്ന് വിളപ്പിൽശാല ഫാക്ടറിയിലേക്ക് എത്തുന്നത്. ഇത് കുറച്ച് 100 മുതൽ 60 ടൺ വരെയാക്കുകയാണ് നി൪ദേശം. ഒപ്പം പൊതു- സ്വകാര്യ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില പൈലറ്റ് പദ്ധതികളും സ൪ക്കാറിൻെറ പരിഗണനയിലുണ്ട്.വീടുകളിൽ ബയോഗ്യാസ്, കംപോസ്റ്റ് സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഗ്യാസിഫിക്കേഷൻ, 1500 ഡിഗ്രി സെൽഷ്യസിൽ വായുവില്ലാതെ മാലിന്യം കത്തിച്ച് കളയുന്ന പൈറോളിസിസ് എന്നിവ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് സ൪ക്കാറിൻെറ പരിഗണനയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.