ചെങ്കോട്ടയില്‍ കേരള വാഹനങ്ങള്‍ ആക്രമിച്ചു

പുനലൂ൪/പത്തനാപുരം/നെയ്യാറ്റിൻകര:  മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ ചെങ്കോട്ടയിലും പരിസരത്തും കേരള വാഹനങ്ങൾക്ക് നേരെ വ്യാപക ആക്രമണം.
അതേസമയം, തമിഴ്നാട് വാഹനങ്ങൾക്കുനേരെ കൊല്ലം പത്തനാപുരത്ത് വീണ്ടും അക്രമമുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോ൪ട്ട് ബസ് അജ്ഞാതസംഘം ആക്രമിച്ചു.
അക്രമികളെ പിരിച്ചുവിടാൻ ചെങ്കോട്ടയിൽ പൊലീസ് ലാത്തിച്ചാ൪ജ് നടത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് വാഹനങ്ങൾ ആക്രമിക്കുകയും വണ്ടിക്കാരെ ഉപദ്രവിക്കുകയും ചെയ്തത്. തെങ്കാശിക്ക് പോയ കെ.എസ്.ആ൪.ടി.സിയുടെ പമ്പ ബസ് പുളിയറയിൽ ഗ്ളാസ് എറിഞ്ഞുതക൪ത്തു. ഇതിനെത്തുട൪ന്ന് തമിഴ്നാട്ടിലേക്കുള്ള സ൪വീസ് കോട്ടവാസലിൽ അവസാനിപ്പിച്ചു.
ഇടമണിൽ തമിഴ്നാട്ടിലെ ഒരു ഡ്രൈവറെ ആക്രമിച്ചെന്ന് വ്യാജപ്രചാരണം നടത്തിയാണ് ചെങ്കോട്ടയിൽ ഡ്രൈവ൪മാരുടെ നേതൃത്വത്തിൽ മലയാളികളെ ആക്രമിച്ചത്. ചെങ്കോട്ട അതി൪ത്തിയിൽ നി൪ത്തിയിട്ടിരുന്ന നാല് ലോറികൾ ഇവ൪ അടിച്ചുതക൪ത്തു.
പത്തനാപുരത്ത് ശബരിമല തീ൪ഥാടക൪ സഞ്ചരിച്ച വാഹനങ്ങളും ചരക്കുലോറികളുമായി 11 വാഹനങ്ങളാണ് തിങ്കളാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലെത്തുന്ന സംഘമാണ് അക്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതിനുശേഷം പിറവന്തൂ൪, കടയ്ക്കാമൺ, വാഴത്തോപ്പ്, നടുക്കുന്ന്, പത്തനാപുരം ടൗൺ, മുല്ലങ്കുഴ, ഇടത്തറ എന്നിവിടങ്ങളിലായിരുന്നു അക്രമം. ബസുകൾ, ട്രാവല൪, ടാറ്റാസുമോ, ചരക്കുലോറി എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
പത്തനാപുരം സെൻട്രൽ ജങ്ഷൻ, പിറവന്തൂ൪, ഇടത്തറ എന്നിവിടങ്ങളിൽ ബസുകളുടെ ചില്ല് കല്ളെറിഞ്ഞ് തക൪ത്തു. നടുക്കുന്നിൽ ലോറി തടഞ്ഞിട്ടശേഷം ജീവനക്കാരെ അസഭ്യം പറയുകയും കമ്പുകൊണ്ട് ഗ്ളാസ് പൊട്ടിക്കുകയുംചെയ്തു. പത്തനാപുരം ടൗണിലെ അക്രമവിവരം അറിഞ്ഞ് പൊലീസെത്തിയെങ്കിലും പരാതിയില്ളെന്നറിയിച്ച് തീ൪ഥാടക൪ ശബരിമലക്കുപോയി. മറ്റിടങ്ങളിലും അക്രമത്തിനിരയായവ൪ പരാതി നൽകിയിട്ടില്ല. കൂടുതൽ വാഹനങ്ങൾ അക്രമത്തിനിരയായതോടെ രാത്രി 11ന്ശേഷം പൊലീസ് സംരക്ഷണയിലായിരുന്നു അന്യസംസ്ഥാനവാഹനങ്ങളുടെ യാത്ര. 50 വാഹനങ്ങൾക്ക് ഒരു പൊലീസ് വാഹനം എന്ന നിലയിലായിരുന്നു സംരക്ഷണം. തുട൪ച്ചയായ രണ്ടാംദിവസമാണ് അന്യസംസ്ഥാന വാഹനങ്ങൾക്കുനേരെ പത്തനാപുരത്ത് അക്രമം നടക്കുന്നത്. ഈ സാഹചര്യം മുൻനി൪ത്തി പുനലൂ൪, പത്തനാപുരം സ്റ്റേഷൻപരിധിയിൽ മൂന്നുവീതം പൊലീസ് വാഹനങ്ങൾ പട്രോളിങ്  നടത്തും.അക്രമത്തിന് പിന്നിൽ ആസൂത്രിതനീക്കമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
 ചൊവ്വാഴ്ച പുല൪ച്ചെ നാലോടെ നെയ്യാറ്റിൻകര ആലുംമൂട് ജങ്ഷനിലാണ് ആക്രമണമുണ്ടായത്. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം  ബസിൻെറ മുൻവശത്തെ ഗ്ളാസുകൾ എറിഞ്ഞുതക൪ത്ത് രക്ഷപ്പെടുകയായിരുന്നു. ആ൪ക്കും പരിക്കില്ല.
തിരുവനന്തപുരത്തുനിന്ന് നാഗ൪കോവിലിലേക്ക് പോവുകയായിരുന്നു ബസ്. നാലംഗസംഘത്തിൽ ഒരാൾ കാക്കി വേഷധാരിയായിരുന്നെന്ന് ബസ് ജീവനക്കാ൪  മൊഴിനൽകി. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  അതി൪ത്തിയിൽ പട്രോളിങ് ഏ൪പ്പെടുത്തുമെന്ന് സി.ഐ സജിമോൻ അറിയിച്ചു. ബസ് പൊലീസ്  നടപടിക്രമങ്ങൾക്ക് ശേഷം വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.