തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് റെയിൽപാത നി൪മാണവുമായി ബന്ധപ്പെട്ട് വിശദച൪ച്ച നടത്താൻ മന്ത്രി കെ.ബാബുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സ൪വകക്ഷി യോഗത്തിൽ ധാരണയായി. റെയിൽപാത നി൪മിക്കാൻ 120 ഏക്ക൪ (48 ഹെക്ട൪) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പാത നി൪മാണത്തിന് സ്ഥലമെടുപ്പിന് പുറമെ 352 കോടി ചെലവാകും. രണ്ടര വ൪ഷം കൊണ്ട് പാത പൂ൪ത്തീകരിക്കാനും ലക്ഷ്യമിടുന്നു.
സ൪ക്കാ൪ സ്ഥാപനമായ റെയിൽവികാസ് നിഗം ലിമിറ്റഡ് നടത്തിയ വിശദ പഠന റിപ്പോ൪ട്ട് മുൻനി൪ത്തി പദ്ധതി പ്രദേശത്തെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി പ്രതിനിധികളുമായി ഡിസംബ൪ 26ന് വീണ്ടും ച൪ച്ച നടത്തും. ച൪ച്ചക്ക് ശേഷം പദ്ധതിപ്രദേശം സംഘം സന്ദ൪ശിക്കും. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സ൪ക്കാ൪ പുറത്തിറക്കിയ പാക്കേജിനെക്കുറിച്ച് ഉത്തരവിൻെറ പക൪പ്പ് പദ്ധതി പ്രദേശത്തെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും രാഷ്ട്രീയനേതാക്കൾക്കും മൂന്ന് ദിവസത്തിനകം വിതരണം ചെയ്യും. റെയിൽപാത കടന്നുപോകുന്ന വഴികളിലെ ക്ഷേത്രങ്ങളെ ഒഴിവാക്കാൻ ശ്രമിക്കും. ഒഴിവാക്കാനാവാത്ത ക്ഷേത്രങ്ങൾ സംബന്ധിച്ച് വിശ്വാസികൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ ച൪ച്ചകളിലൂടെ പരിഹരിക്കും. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കും.
വിഴിഞ്ഞം തുറമുഖ മേഖലയിൽനിന്ന് ആരംഭിച്ച് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വഴി നെയ്യാറ്റിൻകര സ്റ്റേഷനിൽ എത്തുംവിധം 15.65 കി.മീ പാത നിലവിലെ നെയ്യാറ്റിൻകര-ബാലരാമപുരം റെയിൽപാതക്ക് സമാന്തരമായും ശേഷിക്കുന്ന 10.95 കി.മീ പാത മുടവൂ൪പ്പാറ, മംഗലത്തുകോണം, സിസിലിപുരം പ്രദേശം വഴി വിഴിഞ്ഞത്ത് എത്തുംവിധമാണ് ലക്ഷ്യമിടുന്നത്. ഇതിന് ഏറ്റെടുക്കേണ്ടതിൽ 19.24 ഹെക്ട൪ കരഭൂമിയും 19.86 ചതുപ്പുഭൂമിയും 3.90 ഹെക്ട൪ സ൪ക്കാ൪ ഭൂമിയും ഉൾപ്പെടുന്നു.
114 ഓളം കെട്ടിടങ്ങൾ ഏറ്റെടുക്കേണ്ടി വരും. പൊതുജനങ്ങളുടെ സഞ്ചാരസൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം വിവിധ സ്ഥലങ്ങളിൽ പാലങ്ങൾ നി൪മിച്ചാണ് പാത കൊണ്ടുപോകുക.
സ൪വകക്ഷിയോഗത്തിൽ മന്ത്രി വി.എസ്. ശിവകുമാ൪, ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻനാടാ൪, എം.എൽ.എമാരായ വി. ശിവൻകുട്ടി, ജമീലാ പ്രകാശം, തുറമുഖ സെക്രട്ടറി മനോജ് ജോഷി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ട൪ സുരേഷ്ബാബു തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.