ഉറ്റചങ്ങാതിമാരുടെ വേര്‍പാടിലുരുകി കടവിള

ആറ്റിങ്ങൽ: ഉറ്റ ചങ്ങാതിമാരുടെ അപ്രതീക്ഷിത വേ൪പാട് കടവിള ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.  ആലംകോട് വഞ്ചിയൂ൪ കടവിള സ്വദേശികളാണ് നെയ്യാ൪ഡാമിൽ മുങ്ങിമരിച്ച പ്രമലും അനുജിത്തും.
 ഇരുവരുടേയും വീടുകൾ നൂറ് മീറ്ററിനുള്ളിലാണ്. ഇവരുടെ അടുപ്പം ഒരു കുടുംബത്തിലുള്ളവരേക്കാൾ കൂടുതലായിരുന്നു. കുട്ടിക്കാലത്ത് ആരംഭിച്ച സൗഹൃദം മരണത്തിനും പിരിക്കാനായില്ല. കളിക്കൂട്ടുകാരായിരുന്ന ഇരുവരും ഏറെയും ഒരേ വിദ്യാലയങ്ങളിലാണ് പഠിച്ചിരുന്നത്. കിളിമാനൂ൪ ഗവ. എച്ച്.എസിലെ പ്ളസ്ടുവിന് ശേഷം പോളിടെക്നിക്കിൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാരും അതിനോട് യോജിച്ചു. ഇരുവ൪ക്കും ഒരേ പോളിടെക്നിക്കിൽ പ്രവേശവും ലഭിച്ചു. അങ്ങനെയാണ് നെടുമങ്ങാട് മഞ്ച ഗവ. പോളിടെക്നിക്കിലെത്തിയത്. അവിടെവെച്ചാണ് സമീപത്തുകാരനായ അജീഷും ഇവരുടെ കൂട്ടായ്മയിലെത്തിയത്. കടവിളയിൽ നിന്ന് രണ്ട് കിലോമീറ്റ൪ അകലെ നന്ദായ്വനത്താണ് അജീഷിൻെറ വീട്. നെയ്യാ൪ഡാമിലുണ്ടായ ദുരന്തം വ൪ഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിനും  അന്ത്യം കുറിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ദുരന്ത വാ൪ത്ത കടവിളയിലുള്ളവ൪ അറിയുന്നത്. ആദ്യം പോളിടെക്നിക്ക് പ്രിൻസിപ്പൽ പ്രമലിൻെറ പിതാവ് ജി. പ്രകാശിനോടും അനുജിത്തിൻെറ പിതാവ് കെ.സിദ്ധാ൪ഥനോടും കോളജിൽ എത്താൻ ഫോണിലൂടെ ആവശ്യപ്പെട്ടു.
അപ്പോഴും ഈ സംഭവം അവ൪ അറിഞ്ഞിരുന്നില്ല.  നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോ൪ട്ടത്തിന് ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം വീടുകളിലെത്തിച്ചത്. ജങ്ഷനുകളിലും വീടുകളിലും പൊതു ദ൪ശനത്തിന് വെച്ചപ്പോൾ നിരവധിപേ൪ അന്ത്യോപചാരം അ൪പ്പിക്കാനെത്തിയിരുന്നു. ഏറെ പരാധീനതകൾ സഹിച്ചാണ് മൂന്ന് കൂടുംബങ്ങളും വിദ്യാ൪ഥികളുടെ പഠനത്തിന് പിന്തുണയേകിയത്. പ്രമലിൻെറ പിതാവ് ജി. പ്രകാശും അനുജിത്തിൻെറ പിതാവ് കെ.സിദ്ധാ൪ഥനും ആറ് മാസങ്ങൾക്ക് മുമ്പാണ് വിദേശത്ത് നിന്നെത്തിയത്. പ്രകാശ് മസ്കത്തിലും സിദ്ധാ൪ഥൻ ദുബൈയിലും ജോലി ചെയ്യുകയായിരുന്നു. പിതാവ് മരിച്ചതിനെതുട൪ന്ന് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് അജീഷിനെ മാതാവ് പോറ്റിയതും പഠനച്ചെലവുകൾക്ക് തുക കണ്ടെത്തിയതും. രക്ഷാക൪ത്താക്കളുടെ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് മൂവരും ഒരുമിച്ചകന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.