ചേക്കേറുമോ, പുതിയ ഭൂമിയിലേക്ക്

പ്രപഞ്ചത്തിൻെറ വിശാലതയിലേക്ക് വ്യാപിക്കുന്നില്ളെങ്കിൽ അടുത്ത ഒരായിരം വ൪ഷത്തിനപ്പുറം മനുഷ്യരാശി നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരൊറ്റ ഗ്രഹത്തിൽ മാത്രമായി നിലനിൽക്കുന്ന ജീവനുമേൽ പതിക്കാവുന്ന ആപത്തുകൾ അത്രയേറെയാണ്. പക്ഷേ, ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. നാം നക്ഷത്രങ്ങളിലേക്ക് കുടിയേറുകതന്നെ ചെയ്യും.
-സ്റ്റീഫൻ ഹോക്കിങ്
u
സ്റ്റീഫൻ ഹോക്കിങ്ങിൻെറ പ്രവചനത്തോട് നാം അടുത്തുകൊണ്ടിരിക്കുകയാണോ? ശാസ്ത്രലോകത്തുനിന്ന് വരുന്ന പുതിയ വാ൪ത്തകൾ ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തിൽ, സൗരയൂഥത്തിനപ്പുറം ജീവന് നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹത്തെ ശാസ്ത്രജ്ഞ൪ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള അന്യഗ്രഹങ്ങളെ തേടിയുള്ള പദ്ധതിയായ ‘കെപ്ള൪ ദൗത്യ’ത്തിലാണ് നി൪ണായകമായ കണ്ടുപിടിത്തം നടന്നത്. ഭൂമിയിൽനിന്ന് 600 പ്രകാശവ൪ഷം (പ്രകാശം ഒരു വ൪ഷത്തിൽ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവ൪ഷം; ഏകദേശം 95,000 കോടി കിലോമീറ്റ൪) അകലെയാണ് ഭൗമസമാനമായ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. അവിടെ, സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന് ‘കെപ്ള൪ 22 ബി’ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

ഭൂമി 365 ദിനംകൊണ്ട് സൂര്യനെ ചുറ്റുമ്പോൾ ‘അപരൻ’ 295 ദിവസംകൊണ്ട് പരിക്രമണം പൂ൪ത്തിയാക്കുന്നു. ഭൂമിയേക്കാൾ രണ്ടര മടങ്ങ് അധികം ഭാരമുണ്ട് എന്നതാണ് എടുത്തുപറയേണ്ട വ്യത്യാസം. കഴിഞ്ഞവ൪ഷവും സമാനമായ മറ്റൊരു ഗ്രഹത്തെയും കെപ്ള൪ പദ്ധതിയിലൂടെ നാസ കണ്ടെത്തിയിരുന്നു. തുലാം നക്ഷത്ര രാശിയിലുള്ള ഗ്ളീസെ 581 എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്ളീസെ 581 ജി എന്ന ഗ്രഹമായിരുന്നു അത്.


കെപ്ള൪ 22 ബിയിലും ഗ്ളീസെ 581 ജിയിലും ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിൻെറ വാദം. അഥവാ, ഒന്നുകിൽ അവിടെ ആദ്യംതന്നെ ജീവനുണ്ടാകാം. അല്ളെങ്കിൽ, ജീവൻ നിലനിൽക്കാനാവശ്യമായ സാഹചര്യം  ഈ ഗ്രഹങ്ങളിലുണ്ട്. രണ്ടായാലും നാസയുടെ വാദവും ഹോക്കിങ്ങിൻെറ പ്രവചനവും ശരിയെന്ന് തെളിഞ്ഞാൽ, ശാസ്ത്രചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഏറ്റവും വലിയ സംഭവമാകും അത്.


പ്രവിശാലമായ ഈ പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മനുഷ്യൻ ചോദിച്ചിട്ടുണ്ട്. അഭൗമജീവികളെക്കുറിച്ച് താത്വിക പരികൽപനകൾ അവതരിപ്പിച്ച ഒട്ടേറെ ശാസ്ത്രജ്ഞ൪ 15ാം നൂറ്റാണ്ടു മുതലേയുണ്ടായിട്ടുണ്ട്. സൗരസമാന നക്ഷത്രങ്ങളെക്കുറിച്ചും അവയിലെ ജീവജാലങ്ങളെക്കുറിച്ചും ഒരുപക്ഷേ, ആദ്യമായി സംസാരിച്ചത് റോമിലെ ക്രൈസ്തവ ഭരണകൂടം ചുട്ടുകൊന്ന ലിയനാ൪ഡോ ബ്രൂണോ ആയിരിക്കും. വോൾട്ടയ൪, ഇമ്മാനുവൽ കാൻറ്, ഐസക് ന്യൂട്ടൻ തുടങ്ങിയവരും ഭൂമിക്കു പുറത്ത് ജീവന് നിലനിൽക്കാൻ സാധിക്കുമെന്ന് വിശ്വസിച്ചവരായിരുന്നു. പേഴ്സിവൽ ലോവൽ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ചൊവ്വയിലെ മനുഷ്യനെക്കുറിച്ചുള്ള തൻെറ സങ്കൽപങ്ങൾ ശാസ്ത്രലോകത്തിനു മുന്നിൽവെക്കുകയുണ്ടായി.

ഇതിനുമപ്പുറം, ഗ്രഹാന്തരജീവൻ എന്ന സങ്കൽപത്തെ സാധാരണക്കാ൪ക്കിടയിൽ സജീവമാക്കിയത് ഇതുസംബന്ധിച്ച് പുറത്തിറങ്ങിയിട്ടുള്ള ശാസ്ത്രകഥകളാണ.് കാൾ സാഗൻ, ആ൪ത൪ ക്ളാ൪ക്ക്, ഐസക് അസിമോവ് തുടങ്ങിയ ശാസ്ത്ര കഥാകാരന്മാരെയും (ഇവ൪ ശാസ്ത്രജ്ഞരുമാണ്) ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഗ്രഹാന്തര ജീവികൾ ഭൂമിയിൽ വന്ന് മനുഷ്യരെ ആക്രമിക്കുകയും വിഭവങ്ങൾ കൊള്ളയടിക്കുകയും ചെയ്യുമെന്ന ശാസ്ത്ര അന്ധവിശ്വാസങ്ങളും ഇതിൻെറ ഭാഗമായി പ്രചരിച്ചിട്ടുണ്ട്. ഏതായാലും ഭൂമിക്കു പുറത്ത്, ജീവൻ നിലനിൽക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയപഠനവും നിരീക്ഷണവും ആരംഭിച്ച് അരനൂറ്റാണ്ട് പൂ൪ത്തിയാകുന്ന വേളയിലാണ് ഇതുസംബന്ധിച്ചുള്ള നി൪ണായക വിവരങ്ങൾ ലഭിച്ചിട്ടുള്ളളത്.


ഗ്രഹാന്തര ജീവനെത്തേടിയുള്ള അന്വേഷണത്തിന്, ഈ പ്രപഞ്ചത്തിൻെറ വലിപ്പത്തെ സംബന്ധിച്ച് ഒരു ചെറിയ ധാരണയെങ്കിലും ആവശ്യമാണ്. എന്നാൽ, പ്രപഞ്ചത്തിലെ ചെറിയ ഒരിടം മാത്രമായ, നാം വസിക്കുന്ന ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തെക്കുറിച്ചുപോലും നമുക്ക് ധാരണയില്ളെന്നതാണ് വാസ്തവം.
സ്കൂൾ ക്ളാസുകളിൽ തൂക്കിയിട്ട ചാ൪ട്ടുകളിൽ നിരനിരയായി ചേ൪ന്നുനിൽക്കുന്ന എട്ട് ഗ്രഹങ്ങളും അനുബന്ധ ഉപഗ്രഹങ്ങളുമൊക്കെ ചേ൪ന്ന ഒന്നാണ് നമുക്ക് ‘സൗരയൂഥം’. അതുപ്രകാരം ഭൂമിക്ക് ‘തൊട്ടടുത്താണ്’ ചന്ദ്രൻ,വ്യാഴത്തിന് ‘അപ്പുറം’ ശനി. യഥാ൪ഥത്തിൽ ഇവ തമ്മിലുള്ള അകലം എത്രയാണ്. സൂര്യനിൽനിന്ന് ഭൂമിയിലേക്ക് ഒരാൾക്ക് പ്രകാശവേഗത്തിൽ (സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റ൪) സഞ്ചരിക്കാനെടുക്കുന്ന സമയം എട്ടു സെക്കൻഡാണ്. അതാണ് ഒരു ആസ്ട്രണോമിക്കൽ യൂനിറ്റ് (എ.യു). ഭൂമിയും വ്യാഴവും തമ്മിലുള്ള അകലം 4.241 എ.യു ആണ്.

അതിൻെറ അഞ്ചുമടങ്ങ് ദൂരം വരും വ്യാഴവും നെപ്റ്റ്യൂണും തമ്മിൽ. ഭൂമിയിൽനിന്ന് സൗരയൂഥത്തിൻെറ അതി൪ത്തിയിലേക്കുള്ള ദൂരം എത്രയെന്നോ? 50,000 എ.യു! പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽ നമുക്ക് 19 ദിവസംകൊണ്ട് അവിടെയെത്താം. മനുഷ്യനി൪മിത വാഹനങ്ങളിൽ ഏറ്റവും വേഗതയുള്ള ‘വൊയേജ൪’ പേടകത്തിൻെറ വേഗത മണിക്കൂറിൽ 46,000 കിലോമീറ്റ൪ മാത്രമാണ്. അപ്പോൾ സൗരയൂഥംതന്നെ അത്രമേൽ വിശാലമാണ്. ഇങ്ങനെ കോടിക്കണക്കിന് നക്ഷത്രയൂഥങ്ങൾ ആകാശഗംഗ എന്ന നമ്മുടെ ഗാലക്സിയിലുണ്ട്. ഏതാണ്ട് 14,000 കോടി ഗാലക്സികൾ ഈ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരത്തിൽ ഒരു പ്രപഞ്ചമല്ല ഈ ‘പ്രപഞ്ച’ത്തിലുള്ളതെന്നും ഇതൊരു ബഹുപ്രപഞ്ച (Multiverse) വ്യവസ്ഥയാണെന്നുമാണ് പുതിയ നിരീക്ഷണങ്ങൾ നൽകുന്ന സൂചന. അപ്പോൾ നമ്മുടെ ഭാവനക്കുമപ്പുറം എത്രയോ വിശാലമായ ഈ പ്രപഞ്ചത്തിലെ കേവലം ഒരു ഗ്രഹത്തിൽ മാത്രം ജീവൻെറ തുടിപ്പുകൾ നിലനിൽക്കുന്നുവെന്ന് കരുതുന്നത് ശുദ്ധവിഡ്ഢിത്തമായിരിക്കും.


ഈ ചിന്തയാണ് 1960കളിൽ ഗ്രഹാന്തര ജീവനെത്തേടിയുള്ള അന്വേഷണങ്ങൾക്ക് ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് യു.എസിൽ സെ൪ച് ഫോ൪ എക്സ്ട്രാ ടെറസ്ട്രിയൽ ഇൻറലിജൻറ്സ് -സേറ്റി എന്ന പദ്ധതിക്ക് രൂപംനൽകിയത്. മനുഷ്യനെപ്പോലുള്ള അല്ളെങ്കിൽ മനുഷ്യനേക്കാൾ നാഗരികരായ (Super civilised) ഒരു സമൂഹം ഭൂമിക്കു പുറത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരുന്നു സേറ്റി പദ്ധതിയുടെ മ൪മം. 50 വ൪ഷത്തിനിടെ അങ്ങനെയൊരു സൂചനപോലും ലഭിച്ചിട്ടില്ല. സേറ്റി കാലഹരണപ്പെട്ടു എന്ന വാദം ഉയ൪ന്നുതുടങ്ങിയ സമയത്താണ് നാസ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയത്. 1990കളുടെ ആദ്യത്തിലായിരുന്നു അത്. 1992ൽ അതിൻെറ ഫലം കാണുകയും ചെയ്തു. ഡ്രേ ആൻഡ്രൂ ഫ്രെയ്ൽ, ഡിവോൾസ് കാൻ എന്നീ ജ്യോതിശാസ്ത്രജ്ഞ൪ അത്തരത്തിലുള്ള ഒരു ഗ്രഹത്തെ -പി.എസ്.ആ൪ 1257+12- കണ്ടെത്തിയതോടെ, ഈ മേഖലയിലെ പഠനങ്ങളും നിരീക്ഷണങ്ങളും ഏറെ സജീവമായി. 2009ലാണ് കെപ്ള൪ പദ്ധതി ആരംഭിക്കുന്നത്. രണ്ടുവ൪ഷംകൊണ്ട് ‘കെപ്ള൪’ ഉപഗ്രഹം 1100ലധികം സൗരേതര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി ‘22 ബി’യുടെ കണ്ടുപിടിത്തം അറിയിച്ചുകൊണ്ട് നടത്തിയ വാ൪ത്താസമ്മേളനത്തിൽ നാസ വ്യക്തമാക്കുകയുണ്ടായി.

ഹവായിലെ കെക്ക്  ഒബ്സ൪വേറ്ററിയിലെ നിരീക്ഷക൪ ഈ വ൪ഷം 50ഓളം ഗ്രഹങ്ങളെ വേറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നര ലക്ഷത്തോളം നക്ഷത്രമണ്ഡലങ്ങളെ നിരീക്ഷണവിധേയമാക്കിയാണ് ഇത്രയും ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
കണ്ടെത്തിയിട്ടുള്ള എല്ലാ ഗ്രഹങ്ങളിലും ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടോ? ഇല്ളെന്ന് നിസ്സംശയം പറയാം. ജീവൻ നിലനിൽക്കണമെങ്കിൽ ആ ഗ്രഹത്തിനും അതിൻെറ സ്ഥാനത്തിനും ചില സവിശേഷതകൾ ഉണ്ടായിരിക്കണം.
പ്രപഞ്ചത്തിൻെറ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തെ (Big bang) തുട൪ന്ന് രൂപപ്പെട്ട നെബുലകൾ സങ്കോചിച്ചുണ്ടായ നക്ഷത്രങ്ങളിൽ ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടാവുക. ജീവൻ നിലനിൽക്കാൻ അതു പോര. ജീവൻെറ നിലനിൽപിന് ആവശ്യം ഓ൪ഗാനിക് തന്മാത്രകളാണ്. കാ൪ബൺ ആറ്റങ്ങൾക്ക് അന്യോന്യവും ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, സൾഫ൪ എന്നിവയുമായി ചേ൪ന്നും നീണ്ട ശൃംഖല രൂപവത്കരിക്കാനുള്ള കഴിവാണ് ഇതിൻെറ ആധാരം. നെബുലകൾ ചിതറിത്തെറിച്ചുണ്ടാകുന്ന രണ്ടാംതലമുറ നക്ഷത്രങ്ങൾക്ക് ചുറ്റും ഈ ഗ്രഹമണ്ഡലം രുപപ്പെടുന്നുവെങ്കിൽ അവിടെ ഈ തന്മാത്രകളൊക്കെ കാണും. അവിടെ ജീവനുവേണ്ടി അന്വേഷിക്കാം.


എന്നാൽ, ഇവിടെ ജീവസാന്നിധ്യം സ്ഥിരീകരിക്കപ്പെടണമെങ്കിൽ വേറെയും ചില സവിശേഷതകൾ ഉണ്ടായിരിക്കേണ്ടതുണ്ട്. അവിടെയുള്ള ഗ്രഹങ്ങളുടെ സ്വഭാവവും സ്ഥാനവുമാണത്. ഗ്രഹം നക്ഷത്രത്തിൽനിന്ന് ഏറെ അകലെയായാൽ, അവിടെ ജലമുണ്ടെങ്കിൽ അത് ഐസായിത്തീരും. നക്ഷത്രത്തിൻെറ സമീപമാണെങ്കിൽ ജലം ബാഷ്പമാവുകയും ചെയ്യും. അതിനാൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ജലം ദ്രാവകരൂപത്തിൽ അവിടെയുണ്ടോ, അതിനു പറ്റിയ അകലത്തിലാണോ അവയുടെ സ്ഥാനം തുടങ്ങിയ അന്വേഷണങ്ങളും ആവശ്യമാണ്. ഈ അകലത്തിന് ശാസ്ത്രലോകം കൃത്യമായ മാനദണ്ഡങ്ങൾ കൽപിച്ചിട്ടുണ്ട്. ‘ഇക്കോസ്ഫിയ൪’ അല്ളെങ്കിൽ ‘ഹാബിറ്റബ്ൾ സോൺ’ എന്നൊക്കെയാണിത് അറിയപ്പെടുന്നത്. സൗരയൂഥത്തിൻെറ ഇക്കോസ്ഫിയ൪ ശുക്രനും ചൊവ്വക്കും ഇടയിലാണ്. (എന്നാൽ, വ്യാഴത്തിൻെറ ഉപഗ്രഹമായ ഒയ്റോപയിൽ ജീവനുണ്ടാകാമെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞ൪ അഭിപ്രായപ്പെടുന്നു.) ഇക്കോസ്ഫിയറിനകത്ത് കാണുന്ന ഗ്രഹത്തിൻെറ ഭാരവും വളരെ പ്രധാനമാണ്. കാരണം, അതിന് ഗുരുത്വാക൪ഷണവുമായി ബന്ധമുണ്ട്.


ഇങ്ങനെ എല്ലാം തികഞ്ഞ ഗ്രഹങ്ങളെയാണോ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്?  ‘കെപ്ള൪ 22 ബി’യും ഗ്ളീസെ 581 ജിയും ഹാബിറ്റബ്ൾ സോണിലാണെന്നു മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ള കാര്യം. മറ്റു മാനദണ്ഡങ്ങൾ കൂടുതൽ നിരീക്ഷണവിധേയമാക്കിയ ശേഷം മാത്രമേ തീ൪ച്ചപ്പെടുത്താനാവൂ. അഥവാ, ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്നും ജീവന് നിലനിൽക്കാനുള്ള സാഹചര്യമുണ്ടോ എന്നും ഉറപ്പിച്ചുപറയാൻ ഇനിയും വ൪ഷങ്ങൾ വേണ്ടിവരുമെന്ന൪ഥം. അടുത്ത ഏതാനും വ൪ഷത്തിനുള്ളിൽ സൗരേതര നിരീക്ഷണങ്ങൾക്കായി കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നുണ്ട്. നാസയുടെ ടെറസ്ട്രിയൽ പ്ളാനറ്റ് ഫൈൻഡറും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ‘ഡാ൪വിനും’ അതിൽ എടുത്തുപറയേണ്ടതുണ്ട്. ഇവയുടെ ദൗത്യംകൂടി ആരംഭിക്കുന്നതോടെ ഒരുപക്ഷേ, കൂടുതൽ ‘അപരന്മാരെ’ ഭൂമിക്ക് വളരെ സമീപത്തുതന്നെ കണ്ടേക്കാം.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.