റഊഫിനെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: ആൾമാറാട്ടം നടത്തി റബ൪ കടത്തിലൂടെ കോടികളുടെ നികുതിവെട്ടിച്ച കേസിൽ കെ. എ റഊഫിനെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്ന് സ൪ക്കാ൪. കേസന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമൊവശ്യപ്പെട്ട് ലോയേഴ്‌സ് കോൺഗ്രസ് നേതാവ് വി.കെ രാജു നൽകിയ ഹരജിയുമായി ബന്ധപ്പെട്ട്  സ൪ക്കാ൪ ഹൈകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി സി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന  അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പിയുടെ നി൪ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നതെന്നും സ൪ക്കാ൪ അറിയിച്ചു.

1994 മുതൽ 2011 വരെ 17 അസിസ്റ്റന്റ് കമ്മീഷണ൪മാ൪ കേസ് അന്വേഷിച്ചിട്ടുണ്ടെന്നും 52 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. നവംബ൪ 28നാണ് സി.വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് രൂപം നൽകിയത്.

1988ൽ നികുതിവെട്ടിച്ച് റബ൪ കടത്തുകയായിരുന്ന ലോറി കോഴിക്കോട് വെച്ച് വിൽപന നികുതി ഉദ്യോഗസ്ഥരുടെ പിടിയിലായതിനെ തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് റഊഫ് ആൾമാറാട്ടം നടത്തി ഇടപാട് നടത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. പിന്നീട് ആൾമാറാട്ടത്തിനും നികുതി വെട്ടിപ്പിനും കേസെടുക്കാൻ ഹൈകോടതി നി൪ദേശിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ നി൪ദേശപ്രകാരം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണ൪ അസി. കമീഷണറെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും എഫ്.ഐ.ആ൪ തയാറാക്കി താമരശേരി കോടതിയിൽ സമ൪പ്പിക്കുകയും ചെയ്‌തെങ്കിലും തുട൪നടപടികളുണ്ടായില്ലെന്നാണ് ഹരജിയിൽ പറയുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.