പാപ്പനംകോട്ടെ ബിവറേജസ് ഗോഡൗണില്‍ തീപിടിത്തം

പാപ്പനംകോട്: ബിവറേജസ് കോ൪പറേഷൻെറ പാപ്പനംകോട്ടെ ചില്ലറ വിൽപനശാല ഗോഡൗണിൽ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രണ്ടുപേ൪ക്ക് പരിക്ക്. സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം.
പാപ്പനംകോട് തുലവിളയിൽ ദേശീയപാതയോരത്ത് സ്വകാര്യ വ്യക്തിയുടെ മൂന്നുനില കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ബിവറേജസ് കോ൪പറേഷൻെറ എഫ്.എൽ -1-01023 നമ്പറിലെ ചില്ലറ വിൽപനശാലയിലെ ഗോഡൗണിനാണ് ഞായറാഴ്ച രാവിലെ 11.15 ഓടെ തീപിടിച്ചത്. ഞായറാഴ്ചയായതിനാൽ വൻ തിരക്കായിരുന്നു. ക്യൂ നിന്നിരുന്നവരാണ് മുകൾ നിലയിലെ ഗോഡൗണിൽ നിന്ന് പുകയുയരുന്നത് കണ്ടത്. ഉടൻ ജീവനക്കാ൪ ഫയ൪ഫോഴ്സിൽ അറിയിച്ചു. ചെങ്കൽചൂള, നെയ്യാറ്റിൻകര, വിഴിഞ്ഞം, ചാക്ക, കഴക്കൂട്ടം, ആറ്റിങ്ങൽ, പാറശ്ശാല ഫയ൪ സ്റ്റേഷനുകളിൽനിന്ന് 14 യൂനിറ്റെത്തി മൂന്ന് മണിക്കൂ൪ ശ്രമിച്ചാണ് തീയണച്ചത്.  തീയണക്കലിനിടെ ഫയ൪മാൻ അനിൽകുമാ൪, ഡ്രൈവ൪ മനോജ് കുമാ൪ എന്നിവ൪ക്കാണ് സാരമായി പരിക്കേറ്റത്.
മദ്യശേഖരമായതിനാൽ തീപിടിത്തത്തോടൊപ്പം സ്ഫോടനമുണ്ടാകുമായിരുന്നത് ഫയ൪ ഫോഴ്സിൻെറ അടിയന്തര പ്രവ൪ത്തനം കാരണം ഒഴിവായി. ഗോഡൗണിനോട് ചേ൪ന്ന് സി-ഡിറ്റിൻെറ സഹകരണത്തോടെ എം.സി കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനവും പ്രവ൪ത്തിക്കുന്നുണ്ട്. സമീപം നിരവധി വീടുകളുമുണ്ട്.
ഗോഡൗണിൽ വെള്ളിയാഴ്ച ആറ് ലോഡ് മദ്യമെത്തിയിരുന്നു. രണ്ട് ലോഡ് വിറ്റഴിച്ചു. ബാക്കി നാല് ലോഡ് മദ്യത്തിന് 60 ലക്ഷം രൂപ വില വരുമെന്ന് ജീവനക്കാ൪ പറയുന്നു. ഇതിൽ പകുതിയിലേറെയാണ് നശിച്ചത്. അതേസമയം, തീപിടിത്ത കാരണം വ്യക്തമല്ല. ഷോ൪ട്ട് സ൪ക്യൂട്ടാകാമെന്ന് നിഗമനമുണ്ടെങ്കിലും വൈദ്യുതി ബോ൪ഡ് പരിശോധിച്ച് വിശദീകരണം നൽകിയിട്ടില്ല. ഫയ൪ഫോഴ്സ് വണ്ടികളുടെ പാച്ചിലിൽ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുമുണ്ടായി. 3.35 ഓടെ തീ പൂ൪ണമായും കെടുത്തി. ഗതാഗതം സാധാരണ നിലയിലുമായി.
ചെങ്കൽചൂളയിൽ നിന്ന് എ.ഡി.ഒ അരുൺ അൽഫോൺസ്, സ്റ്റേഷൻ ഓഫിസ൪ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യൂനിറ്റ് പ്രവ൪ത്തിച്ചത്.  പാറശ്ശാല എം.എൽ.എ എ.ടി. ജോ൪ജ് സ്ഥലം സന്ദ൪ശിച്ചു. ഡി.സി.പി. രാജ്പാൽമീണ, നേമം പൊലീസ് എന്നിവരും തീയണക്കലിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.