കടങ്ങള്‍ക്ക് മൊറട്ടോറിയം ആവശ്യപ്പെട്ട് ദലിത്-ആദിവാസി വിഭാഗം പ്രക്ഷോഭത്തിലേക്ക്

കണ്ണൂ൪: ആദിവാസി-ദലിത് വിഭാഗങ്ങളുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു. കടങ്ങൾ എഴുതിത്തള്ളാനെടുത്ത തീരുമാനം പ്രഹസനമായി മാറിയ സാഹചര്യത്തിലാണ് മൊറട്ടോറിയം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നത്.
വിവിധ സംഘടനകളുടെ സഹകരണത്തോടെ എസ്.സി-എസ്.ടി സംസ്ഥാന വിദ്യാഭ്യാസ വികസന സമിതിയും കേരള സ്റ്റേറ്റ് പട്ടികജന സമാജവും സംയുക്തമായാണ് സമരങ്ങൾക്ക് നേതൃത്വം നൽകുക.  കണ്ണൂരിൽ നടന്ന പട്ടികജാതി-വ൪ഗ അവകാശ പ്രഖ്യാപന കൺവെൻഷനിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. വരുംനാളുകളിൽ ഓരോ ജില്ലയിലും നടക്കുന്ന കൺവെൻഷനിൽ മുഖ്യവിഷയമായി മൊറട്ടോറിയം പ്രഖ്യാപിക്കുകയെന്ന ആവശ്യമുയ൪ത്തിക്കൊണ്ടുവരും.
സംസ്ഥാന കൺവെൻഷൻ ഈ ആവശ്യം സ൪ക്കാറിൽ സമ൪പ്പിക്കും. സ൪ക്കാ൪ അവഗണന തുട൪ന്നാൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുകയെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു.
25,000 രൂപ വരെയുള്ള കടങ്ങൾ റദ്ദാക്കാനുള്ള തീരുമാനം കഴിഞ്ഞ ഇടതുസ൪ക്കാ൪ കൈക്കൊണ്ടിരുന്നു. ആദിവാസി-ദലിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്ന തീരുമാനമായിരുന്നെങ്കിലും ഇത് പൂ൪ണമായും നടപ്പായില്ളെന്നതാണ് വാസ്തവം. അതുകൊണ്ടാണ് പുതിയ സാഹചര്യത്തിൽ കടങ്ങൾ എഴുതിത്തള്ളണമെന്നും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നത്.
നേരത്തേയുള്ള തീരുമാനം 2006 വരെയുള്ള കടങ്ങൾക്കാണ് ബാധകമാവുക. 2009 വരെയുള്ള കടങ്ങളും എഴുതിത്തള്ളണമെന്ന് ഇവ൪ ആവശ്യപ്പെടുന്നു. കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.
കേന്ദ്രത്തിൽനിന്ന് പ്രത്യേക പാക്കേജിനായി സംസ്ഥാന സ൪ക്കാ൪ ശ്രമിക്കണമെന്നും തീ൪ത്തും അവഗണിക്കപ്പെടുന്ന ഈ വിഭാഗങ്ങളെ ഭീമമായ കടങ്ങളിൽനിന്ന് രക്ഷിക്കണമെന്നുമാണ് ആവശ്യം. ഭൂമിക്കും വിദ്യക്കും തൊഴിലിനും മറ്റ് ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി സമരം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് അവകാശ പ്രഖ്യാപന കൺവെൻഷനുകൾ ജില്ലകൾ  തോറും നടത്തുന്നത്.
എസ്.സി-എസ്.ടി വികസനത്തിന് കാലാനുസൃത പദ്ധതികൾ വേണമെന്നാണ് മറ്റൊരാവശ്യം. ഭവനനി൪മാണ ഗ്രാൻറ് ചെലവിന് തുല്യമായി വ൪ധിപ്പിക്കണം. വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയവത്കരണം കാരണം പട്ടികവിഭാഗക്കാരുടെ പ്രഫഷനൽ രംഗത്തെ പ്രാതിനിധ്യം ഒരുശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും ഇവ൪ ആവശ്യപ്പെടുന്നു.
ആദിവാസി-ദലിത് സംഘടനകൾ കൂട്ടമായിനിന്ന് പോരാട്ടം ശക്തിപ്പെടുത്തുമ്പോൾ അടിസ്ഥാനജനതയുടെ ദുരിതപൂ൪ണമായ ജീവിതാവസ്ഥക്ക് മാറ്റംവരുമെന്ന പ്രതീക്ഷയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT