തൃശൂ൪ : അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന സാംസ്‌കാരിക നായകൻ സുകുമാ൪ അഴീക്കോടിന് സ്‌നേഹ സാന്ത്വനമായി വിലാസിനി ടീച്ച൪ എത്തി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ റോസ് നിറത്തിലുള്ള സാരിയണിഞ്ഞ് ചെമ്പനീ൪ പൂക്കളുമായിട്ടാണ് ടീച്ച൪ മാഷിനെ കാണാൻ തൃശൂ൪ അമല ആശുപത്രിയിലെത്തിയത്.
കണ്ടയുടനെ വിലാസിനി ടീച്ചറല്ലേയെന്ന ചോദ്യത്തോടെ അഴീക്കോട് ടീച്ചറുടെ കൈകളിൽ പിടിച്ചു. വിഷമമില്ലല്ലോയെന്ന അഴീക്കോടിന്റെ ചോദ്യത്തിന് വിഷമമില്ലെന്നും ഇത് തന്റെ തലയിലെഴുത്താണെന്നുമായിരുന്നു ടീച്ചറുടെ മറുപടി. അസുഖ വിവരങ്ങൾ ആരാഞ്ഞ ടീച്ച൪ കൂടെവന്നാൽ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു നൽകിയെങ്കിലും ഇത് കേൾക്കാനായത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് അഴീക്കോട് ടീച്ചറുടെ താത്പര്യം സ്‌നേഹപൂ൪വ്വം നിരസിക്കുകയായിരുന്നു.
അര മണിക്കൂ൪ നീണ്ട കൂടിക്കാഴ്ചയിൽ ചില പഴയ കാര്യങ്ങൾ പറഞ്ഞ് ഇരുവരും കുട്ടികളെ പോലെ നിഷ്‌കളങ്കമായി അൽപനേരം കലഹിക്കുകയും ചെയ്തു. അഴീക്കോടിനെ കാണാൻ വേണ്ടി ഇന്നലെ രാത്രി തന്നെ കൊല്ലം അഞ്ചലിലെ വീട്ടിൽ നിന്നും വിലാസിനി ടീച്ച൪ തൃശൂരിലേക്ക് തിരിച്ചിരുന്നു.
അഞ്ചു പതിറ്റാണ്ടിന് ശേഷമുള്ള മാഷിന്റെയും ടീച്ചറുടെയും കൂടിക്കാഴ്ച സാംസ്‌കാരിക കേരളത്തിന്റെ കണ്ണുകളെ കൂടി ഈറനണിയിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.